ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ലോക വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ഹംഗറിയിലെ ഏറ്റവും വലിയ നഗരത്തിന്റെ സൗന്ദര്യത്തിൽ ലയിക്കാൻ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ വർഷാവർഷം ഇവിടേയ്ക്ക് എത്തുന്നു. നിരവധി ആകർഷണങ്ങളുള്ള ബുഡാപെസ്റ്റിൽ ഇപ്പോൾ ഹിറ്റായിരിക്കുന്നത് ഒരു മ്യൂസിയമാണ്. 

മ്യൂസിയം എന്ന് പറയുമ്പോൾ അത് ചരിത്രം, സാംസ്കാരികം, കല തുടങ്ങിയ സാധാരണ ഒന്നാണെന്ന് വിചാരിക്കണ്ട. ഇതൊരു സെൽഫി മ്യൂസിയമാണ്. യൂറോപ്പിലെ  ഇത്തരത്തിലുള്ള ആദ്യ മൂസിയമാണിത്. 

ഏത് വിധേനയും സോഷ്യൽ മീഡിയയിൽ താരമാവുക എന്നതാണല്ലോ ഇപ്പോഴത്തെ ട്രന്റ്. പല തരത്തിലുള്ള ഫോട്ടോസും സെൽഫിയും എല്ലാം കൊണ്ട് നിറഞ്ഞ പ്രൊഫലുകളാണ് മിക്കവരുടേയും. അങ്ങനെ സെൽഫിയെ പ്രണയിക്കുന്നവർക്കായിട്ടാണ് ഈ മ്യൂസിയം ആരംഭിച്ചിരിക്കുന്നത്.

ബിനാലെയിൽ കാണുന്ന പോലെ പല മുറികളായി ഒരുക്കിയിരിക്കുന്ന ഇൻസ്റ്റലേഷനുകളാണ് ഇവിടുത്തെ ഹൈലൈറ്റ്. 11 എക്സിബിഷൻ റൂമുകളാണ് ഇവിടെയുള്ളത്. 

ശരിക്കും ഇതൊരു  ബേക്കറിയുടെ ഒപ്പം പ്രവർത്തിക്കുന്നയിടമാണ്. അവിടെ നിങ്ങൾക്ക് കേക്കുകൾ, കോഫി, വിവിധതരം രുചികരമായ മധുരപലഹാരങ്ങൾ എന്നിവ ആസ്വദിക്കാം, അതിനോടൊപ്പം നിങ്ങളുടെ സർഗ്ഗാത്മകത വളർത്തിയെടുക്കാനും സെൽഫികളോ ചിത്രങ്ങളോ എടുക്കാനോ കഴിയും. 

ഇനി നിങ്ങളുടെ ചിത്രങ്ങൾക്ക് പ്രൊഫഷണൽ ടച്ച് വേണമെന്നുണ്ടോ. അതിനും വഴിയുണ്ട്. ഇവിടം സന്ദർശിക്കുന്നവരുടെ അഭ്യർത്ഥന പ്രകാരം ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ ഡിസംബറിൽ തുറന്നതിന് ശേഷം 30,000 ത്തോളം സന്ദർശകരുള്ള യൂറോപ്പിലെ ആദ്യത്തേതായി കണക്കാക്കപ്പെടുന്ന 'സെൽഫി മ്യൂസിയം' ഇതിനകം ഹംഗേറിയൻ തലസ്ഥാനത്തെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.

യു‌എസിലെ സമാനമായ ഒരു വേദിയിൽ‌ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരമൊരു സംരംഭം ആരംഭിച്ചതെന്ന് സെൽഫി മ്യൂസിയത്തിന്റെ സ്രഷ്‌ടാക്കൾ‌ പറയുന്നു.

ബുഡാപെസ്റ്റ് സന്ദർശിക്കുന്ന വിനോദ സഞ്ചാരികളും ഇപ്പോൾ ഈ സെൽഫി മ്യൂസിയത്തിൽ എത്തി ഒരു ഫോട്ടോ എടുക്കാതെ മടങ്ങാറില്ല.