ചെലവ് കുറഞ്ഞ യാത്രകൾ ചെയ്ത് പരിചയസമ്പന്നയായ യാത്രികയും ബ്ലോഗറുമാണ് അജ്ഞലി തോമസ്. യാത്ര ചെലവ് പരമാവധി കുറച്ച് യാത്ര ആസ്വദിക്കാൻ ചില നുറുങ്ങു വഴികളും അജ്ഞലിയുടെ അടുത്തുണ്ട്.

"ഞാൻ ഏറ്റവും അധികം കേട്ടിരിക്കുന്ന ചോദ്യം, യാത്രയ്ക്കുള്ള പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ്. വർഷങ്ങളോളം സമ്പാദിച്ചതാണോ?  വായ്പ എടുക്കുമോ അല്ലെങ്കിൽ ആരെങ്കിലും എന്നെ സ്പോൺസർ ചെയ്യുന്നുണ്ടോ? എന്നൊക്കെ. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ചെലവുചുരുങ്ങിയ യാത്രകൾ നടത്താമെന്ന് എന്നെ എന്റെ അനുഭവങ്ങൾ പഠിപ്പിച്ചു." അജ്ഞലി പറയുന്നു.

"ആദ്യമേ പറയട്ടെ. നിങ്ങളുടെ യാത്രയെ ആശ്രയിച്ചിരിക്കും ചെലവും.  ചിലർ കാഷ്വൽ, ഹ്രസ്വകാല യാത്രക്കാർ ആകാം, പക്ഷേ ദീർഘകാല യാത്ര ചെയ്യുന്നവരുണ്ട്  അതായത് മൂന്നു മാസമോ അതിൽ കൂടുതലോ യാത്ര ചെയ്യുന്നവർ. അവർ എങ്ങനെ അവരുടെ ധനകാര്യങ്ങൾ കൈകാര്യം ചെയ്യും എന്നതാണ് ഇനി പറയുന്നത്."

ബാക്ക്‌പാക്കിങ്ങ്

കൂടുതൽ ദിവസങ്ങളിൽ യാത്ര ചെയ്യുന്നതിനുള്ള ഒരു ജനപ്രിയ മാർഗമാണ് ബാക്ക്‌പാക്കിങ്ങ്. ചുറ്റിക്കറങ്ങാനുള്ള എളുപ്പത്തിനും പെട്ടെന്ന് പോകാനും ബാക്ക് പാക്ക് വളരെ മികച്ചതാണ്. കുറച്ച് ലളിതമായ പരിഹാരങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് എവിടെയും കുറഞ്ഞ ചെലവിൽ സുഖപ്രദമായി ജീവിക്കാൻ കഴിയും.

ഞാൻ സാധാരണ ഒരു യാത്രയ്ക്ക് മുമ്പ് ചില വെട്ടിക്കുറയ്ക്കലുകൾ നടത്താറുണ്ട്. അങ്ങനെ എനിക്ക് യാത്ര നടത്താനുള്ള പണം ലഭിക്കും.

ബജറ്റും ലാഭവും 

നിങ്ങൾ ഏത് രീതിയിലാണ് യാത്രചെയ്യുന്നത് എന്നത് പ്രശ്നമല്ല, എന്നാൽ ബജറ്റിങ് വളരെ നിർണായകമാണ്, നിങ്ങൾ എങ്ങനെ യാത്രചെയ്യുമെന്ന് മനസിലാക്കിയാൽ എവിടെ ചെലവ് ചുരുക്കാമെന്ന് അറിയാൻ സാധിക്കും. സന്ദർശിക്കുന്ന പ്രദേശത്തെയോ സ്ഥലത്തെയോ അടിസ്ഥാനമാക്കി നിങ്ങൾ ചെലവഴിക്കുന്ന പ്രതിദിന ബജറ്റും നിർണയിക്കണം. പൊതുഗതാഗതം പോലെയുള്ളവ തെരഞ്ഞെടുത്താൽ ബജറ്റിന്റെ നല്ലൊരു ശതമാനം ലാഭിക്കാം.

ഓഫറുകളോ കിഴിവുകളോ ചോദിക്കാൻ മടിക്കരുത്

സാധാരണയായി എന്റെ ഫ്ലൈറ്റുകൾ ക്രെഡിറ്റ് കാർഡുകൾ വഴിയാണ് ബുക്ക് ചെയ്യുന്നത്, അതിൽ നിന്നും ലഭിക്കുന്ന  പോയിന്റുകൾ ഉപയോഗിച്ച്, മറ്റൊരു ഫ്ലൈറ്റിനായി റിഡീം ചെയ്യാൻ സാധിക്കും. കൂടാതെ, താമസിക്കുന്ന ഹോട്ടൽ / ഹോസ്റ്റലിൽ അവരുടേതായ ഓഫറുകൾ ഉണ്ടെങ്കിൽ മടി കൂടാതെ ചോദിക്കാം. മൂന്നു രാത്രികളിൽ കൂടുതൽ ബുക്ക് ചെയ്യുകയാണെങ്കിൽ പല സ്ഥലങ്ങളും ഒരു രാത്രി സൗജന്യമായി ലഭിക്കും. അതുപോലെ റെസ്റ്റോറന്റുകൾക്ക് ചില കാർഡുകളുടെ കിഴിവുണ്ടാകും.

താമസിക്കാൻ മികച്ചത് ഹോസ്റ്റലുകൾ

ഹോസ്റ്റലുകളാണ് ദീർഘനാളത്തെ യാത്രകൾക്കൊക്കെ താമസത്തിന് മികച്ചത്. കച്ച് സർഫിംഗ് പരീക്ഷിക്കാവുന്ന ഒന്നാണ്. അത് പൂർണ്ണമായും സൗജന്യവും നല്ല ആളുകളെ  കണ്ടുമുട്ടാനുള്ള അവസരവും നിങ്ങൾക്ക് നൽകുന്നു. ഹോസ്റ്റലുകളെക്കുറിച്ചുള്ള ഏറ്റവും വലിയ കാര്യം, നിങ്ങൾക്ക് ധാരാളം ചങ്ങാതിമാരെ ഉണ്ടാക്കാം എന്നതാണ്. അതിലൂടെ ഒരുമിച്ച് ഒരു യാത്ര ആസൂത്രണം ചെയ്യാനും, ചെലവ് കുറയ്ക്കാനും കഴിയും.

സന്നദ്ധസേവനം

ഇത് എന്റെ പ്രിയപ്പെട്ട യാത്രാ മാർഗമാണ്. ആഫ്രിക്കയിലേക്ക് യാത്ര നടത്തിയപ്പോൾ ഞാൻ വോളണ്ടിയർ ആയിട്ടാണ് പോയത്. ഇങ്ങനെയുള്ള ഘട്ടങ്ങളിൽ നിങ്ങൾക്ക് താമസവും ഭക്ഷണവും വളരെ ചുരുങ്ങിയ നിരക്കിൽ, ചിലപ്പോൾ സൗജന്യമായി തന്നെ ലഭിച്ചേക്കാം. ഒപ്പം സന്നദ്ധ പ്രവർത്തനത്തിലൂടെ മറക്കാനാവാത്ത അനുഭവങ്ങളും ഉണ്ടാകും.

യാത്രകൾ ഏതു തരത്തിൽ ഉള്ളതുമാകട്ടെ പ്ലാൻ ചെയ്ത് നടത്തുമ്പോൾ ആ യാത്രയുടെ ലെവൽ തന്നെ മാറുന്നത് കാണാം.