മേല്‍ക്കൂരയില്ലാത്ത പള്ളി; ഗ്രീസിലെ വാസ്തുവിസ്മയക്കാഴ്ച
Mail This Article
സൗന്ദര്യാസ്വാദകരായവര്‍ക്കും ചരിത്രവും പാരമ്പര്യവും തേടി യാത്ര ചെയ്യുന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട രാജ്യമാണ് ഗ്രീസ്. ജനാധിപത്യത്തിന്‍റെ കളിത്തൊട്ടിലെന്ന് ലോകം വിളിക്കുന്ന, ഒളിമ്പിക്സിന്‍റെയും തത്വചിന്തയുടെയും ജ്യാമിതിയുടെയുമെല്ലാം ഉറവിടമായ, ഒരുപാട് മഹാരഥന്മാര്‍ക്ക് ജന്മം നല്‍കിയ ഗ്രീസ്, പ്രകൃതിഭംഗിയുടെയും അദ്ഭുത നിര്‍മിതികളുടെയും കാര്യത്തിലും ഒട്ടും പിന്നിലല്ല. പഞ്ചാരമണല്‍ ബീച്ചുകളും പുരാതന ആരാധനാലയങ്ങളുമടക്കം കണ്ണിനുല്‍സവം പകരുന്ന ഒട്ടേറെ കാഴ്ചകള്‍ ഇവിടെയുണ്ട്. ഇക്കൂട്ടത്തില്‍ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരു വാസ്തുവിസ്മയമാണ് പനാജിയ കകാവിയോട്ടിസ എന്ന ക്രിസ്ത്യന്‍ പള്ളി. മേല്‍ക്കൂരയില്ലാതെ നിര്‍മിച്ചിരിക്കുന്നു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
ഗ്രീസിലെ ഏറ്റവും സവിശേഷവും മനോഹരവുമായ പള്ളികളിലൊന്നാണ് പനാജിയ കകാവിയോട്ടിസ. നോർത്ത് ഈജിയനിലെ ലെംനോസ് ദ്വീപിൽ കകാവോസ് പര്‍വ്വതത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഇതിന് കകാവിയോട്ടിസ എന്ന് പേര് വന്നത്. പര്‍വ്വതത്തിന്‍റെ മുകള്‍വശത്തായി, ഒരു ഭീമന്‍ ഗുഹയ്ക്കകത്താണ് ഈ കെട്ടിടം. ഗുഹയുടെ മുകള്‍വശം കെട്ടിടത്തെ മഴയില്‍ നിന്നും വെയിലില്‍ നിന്നുമെല്ലാം രക്ഷിക്കുന്നു.
എഡി 1416 ൽ കകാവോസ് പര്‍വതപ്രദേശത്തേക്ക് പലായനം ചെയ്തെത്തിയ അഭയാർഥി സന്യാസിമാരാണ് ഈ ഗ്രീക്ക് ഓർത്തഡോക്സ് പള്ളി പണിതത്. അജിയോസ് എഫ്സ്ട്രാറ്റിയോസിലെ തുർക്കി അധിനിവേശത്തിൽ നിന്ന് ഓടിയെത്തിയ സന്യാസിമാരും പുരോഹിതന്മാരും ഇവിടം തങ്ങളുടെ അഭയകേന്ദ്രമാക്കി മാറ്റി. പർവതനിരയിലെ ഗുഹയുടെ പ്രവേശന കവാടത്തിൽ തന്നെ നിര്‍മിച്ച മേൽക്കൂരയില്ലാത്ത ഈ പള്ളി ആത്മീയ സഞ്ചാരികള്‍ക്കും കൗതുകമുണര്‍ത്തുന്ന സവിശേഷ ഘടനകളുടെ ഭംഗി ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്.
കാല്‍നടയായി വേണം പള്ളിയിലെത്താന്‍. താഴെ നിന്നും ഏറ്റവും മുകളിലെത്താന്‍ ചെളി നിറഞ്ഞ വഴിയിലൂടെ 20 മിനിറ്റ് കുത്തനെ നടന്നു കയറണം. അല്‍പ്പം ദുര്‍ഘടം പിടിച്ച യാത്രയായതിനാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
താനോസ് ഗ്രാമത്തോട് ചേർന്നാണ് കാനോസ് പർവതം സ്ഥിതി ചെയ്യുന്നത്. കൊടുമുടിയിലെ പള്ളിയിൽ നിന്ന് നോക്കിയാല്‍ ഈജിയൻ കടലിന്‍റെയും ചുറ്റുമുള്ള പർവതനിരകളുടെയും അതിസുന്ദരമായ ദൃശ്യം കാണാം. ശിലകള്‍ നിറഞ്ഞ കുന്നുകൾക്കും പർവതനിരകൾക്കുമിടയിൽ സ്ഫടികം പോലെ തെളിഞ്ഞ സമുദ്രക്കാഴ്ച കാണാനാവുന്ന മൗഡ്രോസ് ബേയുടെ വിദൂരദൃശ്യവും അവിസ്മരണീയമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുക. ഉദയവും അസ്തമയവുമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയങ്ങള്‍. സ്വര്‍ണ്ണം ഉരുക്കിയൊഴിച്ച പോലെ കുന്നിന്‍തലപ്പുകളില്‍ സൂര്യരശ്മികള്‍ പരക്കുന്ന കാഴ്ച അവാച്യമായ അനുഭൂതിയുണര്‍ത്തും.
വെളുത്ത നിറത്തിലാണ് ഈ പള്ളി ഉള്ളത്. തിളക്കമുള്ളതും നീല വേലിയും കന്യാമറിയത്തിന്‍റെ ചാപ്പൽ അലങ്കരിക്കുന്ന ആരാധനാ വസ്തുക്കളുമെല്ലാം പ്രത്യേക ഭംഗിയുള്ളതാണ്. ഈസ്റ്റർ ചൊവ്വാഴ്ചയാണ് ഇവിടെ തീര്‍ഥാടകര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട സമയം.
മേല്‍ക്കൂരയില്ലാത്ത പള്ളി കൂടാതെ മറ്റു നിരവധി കാഴ്ചകളും അനുഭവങ്ങളും ലെംനോസ് ദ്വീപിലുണ്ട്. ഗ്രീസിലെ എട്ടാമത്തെ വലിയ ദ്വീപാണ് ലെംനോസ്. മണൽ വിരിച്ച മനോഹര ബീച്ചുകളും പര്‍വ്വതഗ്രാമങ്ങളും പുരാതനമായ നഗരങ്ങളുമെല്ലാം സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം.
English Summary: Church with No Roof, Eastern Aegean, Greece