ഇൗ ഹോട്ടലുകളില്‍ സൗജന്യമായി താമസിക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം!
Mail This Article
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും സജീവമാകുകയാണ് ലോകമെങ്ങും ടൂറിസം മേഖല. പല രാജ്യങ്ങളും ധാരാളം ഓഫറുകളും കിഴിവുകളുമെല്ലാം സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. മദ്ധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന അമേരിക്കയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രവുമായ ഹവായി സഞ്ചാരികള്‍ക്കായി തുറന്നിരുന്നു. വേനല്‍ക്കാലം അവസാനിച്ച ശേഷം ഒക്ടോബര്‍ 15- ന് പ്രീ അറൈവല്‍ കോവിഡ് പ്രോഗ്രാം അവതരിപ്പിച്ച ഹവായ്, ഒരു മാസത്തിനു ശേഷം പുതിയ ടൂറിസം പ്ലാനുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇപ്പോള്‍.
'മലാമ ഹവായ്' എന്നാണ് ഈ പ്ലാനിന്‍റെ പേര്. പ്രൊമോഷന്‍ പരിപാടി, ക്യാമ്പയിന്‍ എന്നിവയ്ക്കെല്ലാമുപരി സഞ്ചാരികള്‍ക്ക് ഇതൊരു വഴികാട്ടലാണെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ഹവായ് വിസിറ്റേഴ്സ് ആൻഡ് കൺവെൻഷൻ ബ്യൂറോ പ്രസിഡന്റും സിഇഒയുമായ ജോൺ മോനഹാൻ പറയുന്നു. സഞ്ചാരികളെ എല്ലാത്തരത്തിലും ആകർഷിക്കുക, എന്നതാണ് ഇതിന്‍റെ ലക്ഷ്യം. അങ്ങനെയുള്ളവര്‍ക്ക് ഈ അവധിക്കാലം കൂടുതല്‍ അർത്ഥവത്തായി അനുഭവപ്പെടും.
എന്താണ് മലാമ ഹവായ്?
സഞ്ചാരികള്‍ക്ക് അവരുടെ യാത്രയ്ക്കിടെ ഒരു സന്നദ്ധ പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. വനസംരക്ഷണം, വൃക്ഷത്തൈ നടൽ, കടൽത്തീരം വൃത്തിയാക്കൽ, സമുദ്രതീര സംരക്ഷണം, പ്രായമായവർക്കുള്ള കോസടി നിര്‍മാണം പോലുള്ള ക്രിയാത്മക പരിശ്രമങ്ങൾ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സഞ്ചാരികള്‍ക്ക് ഇവയില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാം. ഇതിനു പകരമായി സൗജന്യ താമസം നല്‍കും. ചിലയിടങ്ങളില്‍ പാക്കേജില്‍ പ്രഭാതഭക്ഷണവും ഉള്‍പ്പെടുന്നു. പ്രദേശത്തെ ഹോട്ടലുകളുമായി സഹകരിച്ചാണ് ഹവായ് വിസിറ്റേഴ്സ് ആൻഡ് കൺവെൻഷൻ ബ്യൂറോ പാക്കേജുകൾ ലഭ്യമാക്കുന്നത്.
കോവിഡിന് മുന്‍പ് പ്രതിവര്‍ഷം പത്തു മില്ല്യന്‍ സന്ദര്‍ശകരാണ് ഇവിടെ എത്തിയിരുന്നത്. സഞ്ചാരികളുടെ വരവ് പ്രാദേശിക ജീവിതത്തെ സാരമായി ബാധിച്ചിരുന്നു. തിരക്കും ബഹളവും കൂടുന്നത് മാത്രമല്ല, പരിസ്ഥിതിയെയും അത് ദോഷകരമായി ബാധിച്ചിരുന്നു. മറ്റുള്ള സസ്യജാലങ്ങളുടെ നിലനില്‍പ്പോ അതിജീവനമോ ഒന്നും കണക്കിലെടുക്കാതെ ടൂറിസ്റ്റുകളുടെ തിക്കും തിരക്കും പരിസ്ഥിതിയുടെ നിലനിലപ്പിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈയൊരവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലാമ ഹവായ് തുടങ്ങിയിട്ടുള്ളത്.
നിലവില്‍ നാല് ദ്വീപുകളിലായി മൂന്ന് ഡസനോളം ഹോട്ടലുകളാണ് മലാമ ഹവായ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഓരോ ഹോട്ടലിനും പാക്കേജുകള്‍ വ്യത്യസ്തമാണ്. ഉദാഹരണത്തിന്, അലോഹിലാനി റിസോർട്ടിൽ, 5-ാം രാത്രി സൗജന്യ താമസവും ഈ സമയത്ത് സൗജന്യ ആഡംബര കാറും വൃക്ഷത്തൈ നടുന്നതിന് പകരമായി 200 ഡോളർ റിസോർട്ട് ക്രെഡിറ്റും നല്‍കുന്നു. ഔട്ട്‌റിഗർ വൈകിക്കിയിൽ, കുവലോവ റാഞ്ചിലെ 2 മണിക്കൂർ ഇക്കോ പ്രോഗ്രാമിൽ പങ്കെടുക്കുന്നവര്‍ക്ക് മൂന്നാം രാത്രിയാണ് സൗജന്യ താമസം നല്‍കുക.
Engkish Summary: Hawaii Hotels Will Offer You A Free Night’s Stay In Exchange For This