ADVERTISEMENT

പുഴ കണ്ടാൽ മുങ്ങിക്കുളി പാസാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്കവരും. പുഴകളും നദികളും തടാകങ്ങളോടുമുള്ള അടങ്ങാത്ത പ്രണയം തന്നെയാണ് അതിനും കാരണവും. പക്ഷേ ന്യൂസിലൻഡിലെ ഈ തടാകക്കരയിൽ ചെന്നാൽ മുങ്ങി കുളിക്കാൻ പോയിട്ട് അതിനടുത്ത് പോയി നിൽക്കാൻ പോലും സാധിക്കില്ല. ലോകത്തിലെ ഏറ്റവും വലിയ ചൂട് നീരുറവയാണ്. ഫ്രൈയിങ് പാൻ തടാകം– പേരുപോലെ തന്നെ പൊരിച്ചെടുക്കാവുന്ന തടാകമാണ്. 

സദാസമയം ആവിപറക്കുന്ന തടാകം

ഫ്രൈയിങ് പാൻ തടാകം ലോകത്തിലെ ഏറ്റവും വലിയ ചൂടുള്ള നീരുറവയാണ്. ന്യൂസിലൻഡിലെ വൈമാന്‍ഗു അഗ്നിപർവത വിള്ളൽ താഴ്‍‍വരയിലെ എക്കോ ഗർത്തത്തിലാണ് ഇൗ തടാകം. ഇതിന്റെ അസിഡിറ്റി ജലം 50-60 സെൽഷ്യൽസ് വരെ താപനില നിലനിർത്തുന്നു.

ഏകദേശം 38,000 ച.മീ വിസ്തൃതിയുള്ള തടാകത്തിന് 18 അടി മുതല്‍ 60 അടി വരെ താഴ്ചയുണ്ട്. എപ്പോള്‍ നോക്കിയാലും തടാകത്തിന്‍റെ ഉപരിതലത്തില്‍ നിന്നും പുക ഉയരുന്നത് കാണാം. ഇതിന് കാരണമാകുന്നത് ജലത്തിൽ അടങ്ങിയിരിക്കുന്ന കാർബൺഡയോക്സൈഡ് ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വാതകങ്ങളാണ്. 

കാഴ്ചക്കാരുടെ തിരക്കിൽ ഇൗ തടാകം

ഇന്ന് ലോകം മുഴുവനുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന തിരക്കേറിയ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഈ ചൂട് നീരുറവ ഉൾപ്പെടുന്ന പ്രദേശം. അഗ്നിപര്‍വതങ്ങളും മനോഹരമായ ഭൂപ്രകൃതിയും നിറഞ്ഞ വൈമാന്‍ഗുവിലേക്ക് റോട്ടറോവ നഗരത്തില്‍ നിന്നും റോഡ്‌ വഴി സഞ്ചരിച്ചാല്‍ ഏകദേശം 25 മിനിറ്റ് കൊണ്ട് എത്തിച്ചേരാം. നിരവധി ടൂര്‍ കമ്പനികള്‍ ഇവിടേക്കുള്ള ടൂറുകള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സഞ്ചാരികള്‍ക്ക് ഇവിടെ ഹൈക്കിങ്ങിനും ക്രൂയിസ് യാത്ര ചെയ്യാനുമെല്ലാമുള്ള അവസരം ഇവര്‍ ഒരുക്കുന്നു. പ്രവേശനം സൗജന്യമാണ്. 

ഫ്രൈയിങ് പാൻ തടാകം എങ്ങനെ ഉണ്ടായി? 

1886-ൽ ഉണ്ടായ ഒരു അഗ്നിപർവത സ്‌ഫോടനത്തിന്റെ ഫലമായാണ് തടാകം പ്രത്യക്ഷപ്പെട്ടത്. മാറാ തരാവേര അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ നിരവധി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു. യൂറോപ്യന്മാരുടെ വരവിനുശേഷം ന്യൂസിലൻഡിലുണ്ടായ ഏറ്റവും വലിയ സ്ഫോടനമായിരുന്നു ഇത്.

frying-pan-lake2
Image From Shutterstock

ലാവ തകർന്ന് താഴ്‌വരയിലേക്ക് ഒഴുകി ഒരു വഴി രൂപപ്പെട്ടു. ഒരു രാത്രിക്കുള്ളിൽ, തരാവേര പർവതത്തിന്റെ വടക്കേ അറ്റത്ത് നിന്ന് ആരംഭിച്ച് വൈമാന്‍ഗുവിന്റെ മുഴുവൻ താഴ്‌വരയിലും ഗർത്തങ്ങളുടെ നിരതന്നെ രൂപപ്പെടുകയുണ്ടായി. വിശാലമായ ആ പ്രദേശത്തെ എല്ലാ സസ്യങ്ങളും മൃഗങ്ങളും പക്ഷികളും മനുഷ്യനുമടക്കം അഗ്നിപർവതത്തിന്റെ ചൂടും ലാവയുടെ തിളച്ചു മറിഞ്ഞ് അവസ്ഥയും താങ്ങാനാവാതെ നശിച്ചു. 

അതേസമയം ആ നാശത്തിൽ നിന്ന് ഇപ്പോഴുള്ള വൈമാഗു അഗ്നിപർവത റിഫ്റ്റ് വാലി എന്നറിയപ്പെടുന്ന പ്രദേശവും ലോകത്തിലെ ഏറ്റവും വലിയ ചൂടുനീരുറവകളിലൊന്നും രൂപപ്പെട്ടു. അങ്ങനെയാണ് അഗ്നിപർവത ഗർത്തത്തിന്റെ ഭാഗമായി 38,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഫ്രൈയിങ് പാൻ തടാകം രൂപപ്പെടുന്നത്. 

frying-pan-lake1
Image From Shutterstock

1917-ൽ ഗർത്തത്തിൽ ഉണ്ടായ ഗുരുതരമായ മറ്റൊരു പൊട്ടിത്തെറിക്ക് ശേഷം തടാകം അതിന്റെ ഇപ്പോഴുള്ള രൂപത്തിലും വലുപ്പത്തിലും എത്തി. തടാകത്തിന് ചുറ്റും സിലിക്കൺ രൂപങ്ങളും അതിന്റെ തീരത്ത്, ആന്റിമണി, മോളിബ്ഡിനം, ആർസെനിക്, ടങ്സ്റ്റൺ തുടങ്ങിയ മൂലകങ്ങളുടെ അവശിഷ്ടങ്ങൾ അടങ്ങിയ വർണ്ണാഭമായ നിക്ഷേപങ്ങളുമുണ്ട്. ഓരോ സെക്കൻഡിലും 110 ലിറ്റർ ചൂടുള്ള ഭൂഗർഭജലമാണ് തടാകത്തിലേക്ക് ഒഴുകുന്നത്. 

English Summary:The World's Biggest Hot Spring -Frying Pan Lake in Waimangu, New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com