ചീറ്റപ്പുലികൾ ഞങ്ങളുടെ കൺമുന്നിൽ ആ കാളയെ കീഴടക്കി: ഭയപ്പെടുത്തുന്ന കാഴ്ചയെക്കുറിച്ച് ധന്യ വർമ
‘ഇന്ത്യയില്‍ ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് കുടുംബവുമൊത്ത് വിദേശയാത്ര യാത്ര നടത്തുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ആലോചനകൾക്കുമൊടുവിലാണ് മാസായി മാര എന്ന പ്രകൃതിയുടെ മാജിക് ലാന്‍ഡിലേക്ക് പറന്നിറങ്ങുന്നത്’. മുഖവുരയുടെ ആവശ്യമില്ല ധന്യ വർമയ്ക്ക്. സിനിമാതാരങ്ങൾ അടക്കമുള്ള
‘ഇന്ത്യയില്‍ ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് കുടുംബവുമൊത്ത് വിദേശയാത്ര യാത്ര നടത്തുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ആലോചനകൾക്കുമൊടുവിലാണ് മാസായി മാര എന്ന പ്രകൃതിയുടെ മാജിക് ലാന്‍ഡിലേക്ക് പറന്നിറങ്ങുന്നത്’. മുഖവുരയുടെ ആവശ്യമില്ല ധന്യ വർമയ്ക്ക്. സിനിമാതാരങ്ങൾ അടക്കമുള്ള
‘ഇന്ത്യയില്‍ ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് കുടുംബവുമൊത്ത് വിദേശയാത്ര യാത്ര നടത്തുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ആലോചനകൾക്കുമൊടുവിലാണ് മാസായി മാര എന്ന പ്രകൃതിയുടെ മാജിക് ലാന്‍ഡിലേക്ക് പറന്നിറങ്ങുന്നത്’. മുഖവുരയുടെ ആവശ്യമില്ല ധന്യ വർമയ്ക്ക്. സിനിമാതാരങ്ങൾ അടക്കമുള്ള
‘ഇന്ത്യയില്‍ ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് കുടുംബവുമൊത്ത് വിദേശയാത്ര യാത്ര നടത്തുന്നത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും ആലോചനകൾക്കുമൊടുവിലാണ് മാസായി മാര എന്ന പ്രകൃതിയുടെ മാജിക് ലാന്‍ഡിലേക്ക് പറന്നിറങ്ങുന്നത്’. മുഖവുരയുടെ ആവശ്യമില്ല ധന്യ വർമയ്ക്ക്. സിനിമാതാരങ്ങൾ അടക്കമുള്ള പ്രമുഖരുടെ അഭിമുഖങ്ങളും ടോക്ക് ഷോകളുമെല്ലാം നടത്തുന്ന ധന്യ വർമ ജേണലിസ്റ്റായും അവതാരകയായും മോഡറേറ്ററായും അഭിനേത്രിയായുമെല്ലാം തിളങ്ങുന്നു.
കുടുംബവുമൊത്ത് നിരവധി യാത്രകൾ നടത്തുന്നയാളാണ് ധന്യ വർമ. ഭർത്താവ് വിജയ് വർമ ഇന്ത്യൻ നേവിയിൽ കമാൻഡർ ആയിരുന്നതിനാൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. എല്ലാ അവധിക്കാലത്തും മക്കൾക്കൊപ്പം ജോലിത്തിരക്കുകളെല്ലാം മാറ്റിവച്ച് ഇവർ യാത്ര നടത്താറുണ്ട്. രാജ്യത്തിനകത്ത് കുറേയെറെ യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും എല്ലാവരുമൊന്നിച്ചുള്ള ആദ്യ വിദേശ യാത്ര കെനിയയിലേക്കായിരുന്നു. മാസായി മാര എന്ന, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെയന്നല്ല, ഈ ഭൂമിയിലെ തന്നെ ഏറ്റവും മാസ്മരികമായ വന്യജീവിലോകത്തേക്ക്. ജീവിതത്തിലെ ഏറ്റവും മികച്ച യാത്രയിലെ വിശേഷങ്ങൾ ധന്യ വർമ മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുകയാണ്.
സിംഹവും പുലിയുമെല്ലാം തൊട്ടടുത്ത്, ഇത് കാടൻ ജീവിതത്തിന്റെ പരന്ന കാഴ്ച
ഈ ഭൂമിയിലെ ഏറ്റവും വലിയവൻ ഞാനാണ് എന്ന് അഹങ്കരിക്കുന്ന ഓരോരുത്തരും ഒരിക്കലെങ്കിലും ഇതുപോലെയുള്ള വന്യജീവി സങ്കേതങ്ങളിലൂടെ ഒന്ന് സഞ്ചരിക്കണം. ആനയും സിംഹവും പുലിയുമെല്ലാം വാഴുന്ന ആ വലിയ ഭൂമിയിൽ, അവയുടെ മുന്നിൽ നമ്മൾ വെറും പുൽക്കൊടികളാണെന്ന് അപ്പോൾ തിരിച്ചറിയാം. മാസാരി മാര വെറും വാക്കുകൾ കൊണ്ട് നമുക്ക് നിർവചിക്കാനാവില്ല. കാടുകളിലും ആനയും പുലിയുമെല്ലാം ഉണ്ടെങ്കിലും കൺമുന്നിൽ, കയ്യകലത്തിൽ അവയെ കാണാനുള്ള അസുലഭ അവസരമാണ് ഇവിടെയെത്തുന്നവർക്ക് ലഭിക്കുന്നത്.
ഏറെനാളായുള്ള ആഗ്രഹമായിരുന്നു ആ യാത്ര. നമ്മൾ ചില കാര്യങ്ങൾ എത്ര പ്ലാൻ ചെയ്താലും ചിലപ്പോൾ നടക്കണമെന്നില്ല. എന്നാൽ ചിലത് പെട്ടെന്ന് നടക്കും. ഈ യാത്ര അങ്ങനെയായിരുന്നു. പോകാമെന്ന് തീരുമാനിച്ചതും പിന്നെ കാര്യങ്ങൾ എല്ലാം തകൃതിയായി നടന്നു. ഡിസംബറിലെ അവധിദിവസമായിരുന്നു കണക്കാക്കിയത്. പിന്നെയത് 20 ദിവസം നീണ്ടുനിന്ന ഗംഭീരയാത്രയായി. മാസായ് മാര മാത്രമല്ല കെനിയയുടെ ഭൂരിഭാഗവും ഈ യാത്രയിൽ കണ്ടു.
സിംഹങ്ങൾ, പുള്ളിപ്പുലികൾ, കാണ്ടാമൃഗങ്ങൾ, എരുമകൾ, ആനകൾ- ബിഗ് 5 ന് പേരുകേട്ട ലോകത്തെ ഏറ്റവും പ്രശസ്തമായ ദേശീയ ഉദ്യാനമായ മസായ് മാര ആഫ്രിക്കൻ രാജ്യമായ കെനിയയിലാണ്.
ധാരാളം വന്യജീവി സങ്കേതങ്ങൾ അവിടെയുണ്ട്. മൃഗങ്ങൾ കാട്ടിൽ സ്വതന്ത്രമായി വിഹരിക്കുന്നത് കാണാം. സഫാരി വാഹനങ്ങൾ കടന്നുപോകുമ്പോൾ അവർ യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവരുടെ ആവാസവ്യവസ്ഥയിൽ തന്നെ തുടരുന്നു. നമ്മളാണ് അവിടെ ശ്രദ്ധിക്കേണ്ടവർ. അങ്ങോട്ട് പ്രകോപനം ഇല്ലാതെ ഈ മൃഗങ്ങളൊന്നും ആരെയും ഉപദ്രവിക്കില്ല. വാഹനത്തിനുള്ളിൽനിന്നു കൈനീട്ടിയാലുള്ള അകലത്തിൽ പുലിയും സിംഹവുമെല്ലാം. ആദ്യമായിട്ടായിരുന്നു അങ്ങനെയൊരു അനുഭവം. മക്കൾ ശരിക്കും എൻജോയ് ചെയ്തു.
ചീറ്റപ്പുലികളുടെ വേട്ടയാടൽ കൺമുന്നിൽ
ഈ ഡിസംബറിലെ അവധിദിവസങ്ങൾ നോക്കിയാണ് ടിക്കറ്റെടുത്തതും റൂമുകളും മറ്റുമെല്ലാം ബുക്ക് ചെയ്തതും. ഒമിക്രോൺ നാട്ടിൽ അത്ര കാര്യമായി റിപ്പോർട്ട് ചെയ്ത് തുടങ്ങിയിട്ടില്ല. സൗത്ത് ആഫ്രിക്കയിൽ നിന്നാണ് അത് പൊട്ടിപ്പുറപ്പെട്ടതെങ്കിലും കെനിയ സുരക്ഷിതമാണെന്നറിഞ്ഞതോടെ യാത്ര തുടങ്ങാൻ തന്നെ തീരുമാനിച്ചു. മുംബൈയിൽനിന്നു ഞങ്ങൾ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ എയർപോർട്ടിലിറങ്ങി. ഒരു സുഹൃത്തിനൊപ്പമായിരുന്നു താമസം. സാധാരണ എല്ലാവരും ചെയ്യുന്നതുപോലെ ചെന്നിറങ്ങി ഉടനടി കറങ്ങാൻ പോകാൻ ഞങ്ങൾക്ക് പറ്റില്ല. യാത്രാക്ഷീണം മാറ്റി, ആ സ്ഥലവുമായി ഒന്ന് പരിചയപ്പെട്ടതിനുശേഷമാണ് പുറത്തിറങ്ങുക.
രണ്ട് ദിവസത്തിനുശേഷം ഞങ്ങൾ നെയ്റോബിയിൽനിന്ന് ഒരു വാഹനം വാടകയ്ക്കെടുത്തു, മാസായ് മാരയിലേക്ക് പോകാൻ. നെയ്റോബിയിൽനിന്ന് ഏകദേശം 5-6 മണിക്കൂർ യാത്രയുണ്ട് അവിടേക്ക്. പല വന്യമൃഗങ്ങളെയും അടുത്തുകാണാനാകും എന്നതുതന്നെയാണല്ലോ ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. മാസായ് മാരയിലേക്ക് പ്രവേശിക്കുന്നതിനായി ടിക്കറ്റെടുക്കണം. അതുപോലെ നാഷനൽ പാർക്കിനകത്തും പുറത്തും താമസിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്. ഒരു ടെന്റ് സംവിധാനമാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. അവിടുത്തെ ജനങ്ങളുടെ ആതിഥ്യ മര്യാദ എടുത്തുപറയാതിരിക്കാനാവില്ല. വളരെ സൗമ്യമായും അങ്ങേയറ്റം ബഹുമാനത്തോടെയുമാണ് അവർ നമ്മളോട് പെരുമാറുന്നത്.
അങ്ങനെ ഞങ്ങൾ മാസായ് മാരയിലേക്ക് പ്രവേശിച്ചു. നോക്കെത്താ ദൂരത്തോളം എന്നുപറഞ്ഞാൽ ക്ലീഷേയായിപ്പോകും. കാരണം അതിനുമപ്പുറത്തേക്കു പരന്നുകിടക്കുന്ന ഒരു സമതലഭൂമിയാണ് മാസായ് മാര. സെരൻഗിറ്റി നാഷനൽ പാർക്കുമായി അതിർത്തി പങ്കിടുന്ന ഈ വനമ്യജീവി സങ്കേതത്തിൽ ഇല്ലാത്ത മൃഗങ്ങളില്ല. സഫാരി വാഹനത്തിലെ യാത്ര തന്നെ ഗംഭീരമാണ്. കുറച്ച് മുന്നോട്ട് ചെല്ലുമ്പോൾ മറ്റ് വാഹനങ്ങൾ നിർത്തുന്നത് കണ്ട് ഞങ്ങളുടെ ഡ്രൈവർ പറഞ്ഞു, ചീറ്റപ്പുലികളുടെ ഇരപിടുത്തമാണ്, കാണാമെന്ന്. അദ്ദേഹം വളരെ ലാഘവത്തോടെയാണത് പറഞ്ഞത്. അവർക്കത് സർവസാധാരണമായ കാര്യമാണ് പക്ഷേ ഞങ്ങൾ ശരിക്കും അമ്പരന്നു. ആ അമ്പരപ്പിന്റെ തരിപ്പ് തീരുംമുമ്പ് തൊട്ടടുത്ത ജീപ്പിന് സമീപമായി ദാ തലപൊക്കി നിൽക്കുന്നു രണ്ട് ഗഡാഗഡിയൻ ചീറ്റപ്പുലികൾ,. അതിനുള്ളിലുള്ളവരുടെ ശ്വാസം പതിക്കുന്നത് ആ പുലികളുടെ മേലേയാവും, അത്ര അടുത്ത്. അവ നാല് പേരുണ്ടായിരുന്നു. നാല് വ്യത്യസ്ത അമ്മമാരിൽ ഉണ്ടായ സഹോദരങ്ങൾ. അങ്ങനെയാണ് അവയെ വിശേഷിപ്പിക്കുന്നത്.
ഇവിടുത്തെ മറ്റൊരാകർഷണമായ വിൽഡെബീസ്റ്റ് എന്ന ആഫ്രിക്കൻ കാളകളെയാണ് അവ വേട്ടയാടാൻ ഒരുങ്ങുന്നത്. ഈ വിൽഡെബീസ്റ്റിന്റെ പലായന വിഡിയോകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ടാകും. പുഴയും പുൽമേടുകളുമെല്ലാം മുറിച്ചുകടന്ന് അടുത്ത പച്ചപ്പ് തേടിപ്പോകുന്ന ആയിരക്കണക്കിന് കാളകളുടെ പലായനം. ഈ നാലുപേരും റെഡിയായിരിക്കുകയാണ്.
ഞങ്ങളെല്ലാം ശ്വാസമടക്കിപ്പിടിച്ചിരുന്നു. ഒരു കൂട്ടം വിൽഡെബീസ്റ്റുകൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഈ ചീറ്റപ്പുലികൾ അവയുടെ അടുത്തേക്കു ചെല്ലുന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു, കൂട്ടത്തിലൊന്നിനെ ഒരു പുലി അപ്പുറത്തുനിന്നും മറ്റുള്ളവർ എതിർവശത്തുനിന്നും വളഞ്ഞ് കീഴ്പ്പെടുത്തി. ആ മൃഗത്തിന് അനങ്ങാൻ പോലുമാകാതെ ഈ നാലു പുലികളും അതിന്റെ തലയിലും ശരീരത്തിലും പിടുത്തമിട്ടിരുന്നു. നാഷനൽ ജോഗ്രഫിക് ചാനലിലും മറ്റും മാത്രം കണ്ട കാര്യമാണ് കൺമുമ്പിൽ. ഇതു കാണാനായത് ഭാഗ്യമായി കരുതുന്നു.
കെഎസ്ആർടിസി സ്റ്റാന്‍ഡ് പോലെ എയർസ്ട്രിപ്പുകൾ
വിശാലമായ പ്രദേശങ്ങളായതിനാൽത്തന്നെ അവിടെയുള്ള ഓരോ ടൗണിൽ പോലും ഉണ്ടാകും രണ്ടോ മൂന്നോ എയർസ്ട്രിപ്പുകൾ. കോട്ടയത്തുനിന്ന് എറണാകുളത്തേക്ക് കെഎസ്ആർടിസി ബസ് കയറിപ്പോകുന്നതുപോലെയാണ് ഇവിടെ വിമാനം കയറി ഒരു സ്ഥലത്തുനിന്ന് അടുത്ത സ്ഥലത്തേക്കു പോകുന്നത്. എന്നാൽ ചെലവ് അൽപം കൂടുതലാണ്. പക്ഷേ വിനോദസഞ്ചാരികളെ സംബന്ധിച്ച് അതൊരു വിഷയമാകാറില്ല. കാരണം റോഡ് മാർഗ്ഗം 12 മണിക്കൂറും ട്രെയിൻമാർഗ്ഗം 6-7 മണിക്കൂറും എടുക്കുന്ന യാത്രകൾ വെറും ഒരു മണിക്കൂറിനുള്ളിൽ ചെയ്യാമെന്നതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വിമാനയാത്രയ്ക്ക് അവിടെ ഭയങ്കര പ്രചാരമാണ്.
കെനിയ വിനോദസഞ്ചാരത്തെ ആശ്രയിച്ച് നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ്. കഴിഞ്ഞ രണ്ട് വർഷത്തെ കൊറോണയുടെ ഭീകരത അവരുടെ സാമ്പത്തികമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ രാജ്യത്തേക്കു യാത്ര ചെയ്യാനുദ്ദേശിക്കുന്നവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും അവർ ഒരുക്കുന്നുണ്ട്. ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇവിടെനിന്നു യാത്ര പുറപ്പെടുന്നതിന് മുമ്പ് കരുതണം. പിന്നെ അവരുടെ മാർഗ്ഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും പാലിക്കണം.’’
തങ്ങൾ യാത്ര പുറപ്പെടുമ്പോൾ കെനിയയിൽ കൊറോണ വ്യാപനം പൂജ്യം ശതമാനം ആയിരുന്നുവെങ്കിൽ അവിടെയെത്തി ഒരാഴ്ചയ്ക്കുള്ളിൽ അത് 30% നു മുകളിലേക്ക് ഉയർന്നുവെന്നും അത്തരത്തിലൊരു ബുദ്ധിമുട്ടേറിയ,ഏറ്റവും അപകടം പിടിച്ച സാഹചര്യത്തിലാണ് തങ്ങൾ കെനിയയിൽ യാത്ര നടത്തിയതെന്നും ഏതോ ഭാഗ്യത്തിന് യാത്ര പൂർത്തിയാക്കി മടങ്ങാൻ സാധിച്ചു എന്ന് മാത്രമേ പറയാനാകുവെന്നും ധന്യ വർമ.
കാട് കടന്ന് കടലിലേക്കും കണ്ടൽ വനത്തിലേക്കും
മാസായ് മാരയിൽ നിന്നും അംബോസലി നാഷണൽ പാർക്കും കണ്ട് തങ്ങൾ പോയത് വാതാമുവിലേക്കായിരുന്നു യാത്രയെന്ന് ധന്യ വർമ്മ. അംബോസലി ആനകളുടെ പേരിലാണ് പ്രശസ്തമായിരിക്കുന്നത്. നാട്ടിൽ ഇഷ്ടംപോലെ കാണുന്നതായതിനാൽ ആനയ്ക്ക് വലിയ പ്രാധാന്യം ഉണ്ടാകില്ലെന്ന് കരുതരുത്, നാട്ടിലെ ആനകളേക്കാൾ ഇരട്ടി വലുപ്പവും വലിയ ചെവികളുമുള്ള ഗംഭീരമാണ്. അംബോസലിയിലെ ആനകൾ. അവരാണ് ആ കാട്ടിലെ രാജാക്കന്മാർ. ഇവിടെ കാട് കയറിയാൽ ചിലപ്പോൾ ഒരാനയെ ഒക്കെ കണ്ടാൽ തന്നെ വലിയ കാര്യമല്ലേ. അവിടെ നമ്മുടെ കൺമുമ്പിലൂടെ കടന്നുപോകുന്നത് ഒരു കൂട്ടം ആനകളായിരിക്കും. ആർക്കും സങ്കൽപ്പിക്കാനാവാത്ത കാഴ്ചകളാണ് പ്രകൃതി ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന്.
ആൻഡമാൻ പോലെ ഒരു ദ്വീപ്
കെനിയ സാവന്നയും സഫാരിയും മാത്രമല്ല, വെളുത്ത നേർത്ത മണലുകളാൽ നിറഞ്ഞ കടൽത്തീരങ്ങൾക്കും പേരുകേട്ടതാണ്. വാതാമു മറൈൻ നാഷണൽ പാർക്ക് അതിലൊന്നാണ്. നമ്മുടെ ആൻഡമാൻ പോലെ ഒരു ദ്വീപ്. സ്കൂബ ഡൈവിങ്, മാലിണ്ടി മറൈൻ നാഷണൽ പാർക്കിലെ സ്നോർക്കല്ലിങ്, ഗോൾഡൻ ബീച്ച് സന്ദർശനം തുടങ്ങി നിരവധി കാര്യങ്ങൾ സമൃദ്ധമായ ഉഷ്ണമേഖലാ വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന വാതാമുവിൽ ചെയ്യാം.
വാതാമുവിൽ ചെലവഴിച്ച സമയം മറക്കാനാവിലെന്ന് ധന്യ വർമ. അവിടുത്തെ ഭക്ഷണവും ഹോട്ടലിലെ താമസവും എല്ലാം മികച്ചതായിരുന്നു. കണ്ടൽക്കാടുകൾക്കിടയിലൂടെ ബോട്ട് സഫാരി നടത്താനും അവസരം ലഭിച്ചു. മിഡ ക്രീക്ക് എന്ന ഈ സ്ഥലം വാതാമുവിൽ തന്നെയാണെങ്കിലും നമ്മുടെ കുമ്പളങ്ങിയും പിച്ചാവരവും ഒക്കെ പോലെയുള്ള കണ്ടൽകാടുകൾ നിറഞ്ഞ ഒരു സ്ഥലമാണ്. വാതാമുവിനെക്കുറിച്ച് എടുത്തുപറയേണ്ട ഒരു കാര്യം ബോട്ട് യാത്രയ്ക്കിടെ ഡോൾഫിനുകളെ കാണാനുള്ള ഭാഗ്യവും ലഭിച്ചു എന്നതാണ്. വളരെ മനോഹരവും ശാന്തവുമായൊരു സ്ഥലമാണ് വാതാമു.
മറക്കാനാവില്ല ട്രെക്കിങ്
അടുത്തത് ഒരു ട്രെക്കിങ് ആയിരുന്നു. ഡാരേ ഡാരേ കാടുകൾക്കുള്ളിൽ ഒരു വെള്ളച്ചാട്ടത്തിനടുത്തേയ്ക്കായിരുന്നു ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള ആ ട്രെക്ക്. നന്യൂകി എന്നയിടത്തേയ്ക്കായിരുന്നു പോയത്.
കെനിയയിലെ ഗ്രേറ്റ് റിഫ്റ്റ് വാലിയിലെ നൈവാഷ തടാകത്തിൽ സ്ഥിതിചെയ്യുന്ന ക്രസന്റ് ഐലൻഡ് ഗെയിം സാങ്ച്വറിയും സന്ദർശിക്കാനുള്ള അവസരം ലഭിച്ചു. കെനിയയിലെ ഏറ്റവും മനോഹരമായ പാർക്കുകളിലൊന്നായ ഇവിടെയാണ് ഞങ്ങൾ തൊട്ടടുത്ത് ജിറാഫിനെയും സീബ്രയെയും എല്ലാം കണ്ടത്. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത വാഹനത്തിൽ നിന്നുമിറങ്ങി ഈ മൃഗങ്ങളെയും പക്ഷികളെയും എല്ലാം നടന്നു കാണാം.ജിറാഫുകൾ തലപൊക്കി മരത്തലപ്പുകളിൽ നിന്നും ഇളതിലകൾ പറിച്ചുതിന്നുന്നത് കാണുക എന്നത് തന്നെ അദ്ഭുതമാണ്.
ഇരകളുടെയല്ല, ധീരവനിതകളുടെ നാട്
കെനിയയെക്കുറിച്ച് പറയുമ്പോൾ അവിടുത്തെ സ്ത്രീകളുടെ മനോധൈര്യത്തെക്കുറിച്ചുകൂടി പറയണമെന്നാണ് ധന്യ വർമയുടെ അഭിപ്രായം. കെനിയയിലെ സ്ത്രീകളിലധികവും സിംഗിൾ മദേഴ്സാണ്. കെനിയയിൽ എത്തിയാൽ സ്ത്രീകളോട് വിവാഹിതരാണോ കുട്ടികൾ എത്രയുണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഒന്നും ചോദിക്കാൻ പാടില്ല. ചിലർ ഭർത്താവ് ഉപേക്ഷിച്ചവരായിരിക്കാം, ചിലർ രണ്ടാം വിവാഹിതരായിരിക്കാം മറ്റു ചിലർ ഭർത്താക്കൻമാരെ ഉപേഷിച്ചവരായിരിക്കാം. എന്തു തന്നെയാണെങ്കിലും ആ സമൂഹം അവരെ ഇരയെന്നു വിളിക്കുന്നില്ല.
തങ്ങൾ ഇരയാണെന്ന് ആ സ്ത്രീകൾ പോലും കരുതുന്നില്ല എന്നതാണ് വാസ്തവം. കുട്ടികളെ നോക്കുന്നത് അവർ ഒറ്റയ്ക്ക് തന്നെയാണ്. അറിയാവുന്ന തൊഴിലുകളെടുത്ത് അധ്വാനിച്ച് ജീവിതം പുലർത്തുന്നവർ. കെനിയൻ സ്ത്രീകളുടെ മനോബലത്തിന്റെ ഉത്തമോദാഹരണമായി വേണം അത് കാണാനെന്ന് ധന്യ വർമ. അവരോട് നമുക്ക് ആദരവാണ് തോന്നുക. ആ സമൂഹവും നാടും അവർക്കൊപ്പം നിൽക്കുന്നു, ചേർത്തു പിടിക്കുന്നു, ഇരയാക്കപ്പെടുന്നവൾ എന്നും ഒറ്റപ്പെടുന്ന ഒരു അവസ്ഥ അവിടെയില്ല.
യാത്രകളുടെ ലോകം
ലേ ലഡാക്ക്, മേഘാലയ, നോർത്ത് ഈസ്റ്റ്, ഗോവ, രാജസ്ഥാൻ, ഷില്ലോങ്, ഹംപി അങ്ങനെ ഈ കുടുംബവുമൊത്ത് പോകാത്തയിടങ്ങൾ കുറവാണ്. യാത്രകളുടെ വിശേഷങ്ങള്‍ ഉൾപ്പെടുത്തിയ യൂട്യൂബ് ചാനലും ധന്യ വർമയ്ക്കുണ്ട്.
English Summary: Most Memorable Travel Experiences by Dhanya Varma