ശരിക്കും റൊമാന്റിക്കാണ് ഇവിടം; ഒറ്റയ്ക്കുള്ള യാത്രാനുഭവം പറഞ്ഞ് ശാലിൻ
മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെല്ലാം യാത്രകൾ വളരെയധികം ആസ്വദിക്കുന്നവരാണ്. മാലദ്വീപ് ആണ് കൂടുതൽ താരങ്ങളും തിരഞ്ഞെടുക്കുന്ന മനോഹരമായ നാടുകളിലൊന്ന്. എന്നാൽ ആ ഡ്രീം ഡെസ്റ്റിനേഷനിൽ നിന്നും മാറി ചിന്തിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ശാലിൻ സോയ. വിയറ്റ്നാമാണ് താരം ഇത്തവണ യാത്രയ്ക്കായി
മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെല്ലാം യാത്രകൾ വളരെയധികം ആസ്വദിക്കുന്നവരാണ്. മാലദ്വീപ് ആണ് കൂടുതൽ താരങ്ങളും തിരഞ്ഞെടുക്കുന്ന മനോഹരമായ നാടുകളിലൊന്ന്. എന്നാൽ ആ ഡ്രീം ഡെസ്റ്റിനേഷനിൽ നിന്നും മാറി ചിന്തിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ശാലിൻ സോയ. വിയറ്റ്നാമാണ് താരം ഇത്തവണ യാത്രയ്ക്കായി
മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെല്ലാം യാത്രകൾ വളരെയധികം ആസ്വദിക്കുന്നവരാണ്. മാലദ്വീപ് ആണ് കൂടുതൽ താരങ്ങളും തിരഞ്ഞെടുക്കുന്ന മനോഹരമായ നാടുകളിലൊന്ന്. എന്നാൽ ആ ഡ്രീം ഡെസ്റ്റിനേഷനിൽ നിന്നും മാറി ചിന്തിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ശാലിൻ സോയ. വിയറ്റ്നാമാണ് താരം ഇത്തവണ യാത്രയ്ക്കായി
മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെല്ലാം യാത്രകൾ വളരെയധികം ആസ്വദിക്കുന്നവരാണ്. മാലദ്വീപ് ആണ് കൂടുതൽ താരങ്ങളും തിരഞ്ഞെടുക്കുന്ന മനോഹരമായ നാടുകളിലൊന്ന്. എന്നാൽ ആ ഡ്രീം ഡെസ്റ്റിനേഷനിൽ നിന്നും മാറി ചിന്തിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ശാലിൻ സോയ. വിയറ്റ്നാമാണ് താരം ഇത്തവണ യാത്രയ്ക്കായി തിരെഞ്ഞെടുത്തത്. അതും സോളോ ട്രിപ്പാണ്. ഒറ്റയ്ക്കുള്ള ആ യാത്രയെക്കുറിച്ചും ആ രാജ്യത്തെ പ്രധാന കാഴ്ചകളെ കുറിച്ചുമെല്ലാം ശാലിൻ മനോരമ ഓൺലൈനിൽ മനസ്സ് തുറക്കുന്നു.
ഈ വർഷത്തെ ആദ്യത്തെ യാത്രയാണ് വിയറ്റ്നാം
ആദ്യമായിട്ടാണ് വിയറ്റ്നാമിൽ പോകുന്നത്. ഒരു യാത്ര പോയാലോ എന്നൊരു ചിന്ത വന്നപ്പോൾ തന്നെ എങ്ങോട്ടു പോകും എന്നൊരു ആശങ്ക ഉണ്ടായിരുന്നു. ഒരു ഏഷ്യൻ രാജ്യം മതിയെന്നായിരുന്നു തീരുമാനം. ജപ്പാനോ ചൈനയോ പോകണമെന്ന് ഉണ്ടായിരുന്നെങ്കിലും നടപടി ക്രമങ്ങൾ സങ്കീർണമായതു കൊണ്ടുതന്നെ ആ ആഗ്രഹം മാറ്റിവച്ചു. അങ്ങനെയാണ് വിയറ്റ്നാമിലേക്കു പോയാലോ എന്ന് ചിന്തിച്ചത്. ജപ്പാന്റെയും ചൈനയുടെയും പ്രഭാവമുള്ള നാടാണ് വിയറ്റ്നാം. അങ്ങോട്ട് പോകാനായി തീരുമാനിച്ച് കഴിഞ്ഞപ്പോഴാണ് ഹോയ് യാനിലെ ലാന്റേൺ ഫുൾ മൂൺ ഫെസ്റ്റിവൽ കണ്ടാൽ കൊള്ളാം എന്നൊരു ആഗ്രഹമുണ്ടായത്. അതിനനുസരിച്ചു ടിക്കറ്റ് ബുക്ക് ചെയ്തു. ആ ആഘോഷത്തിന്റെ സമയത്ത് ഹോയ് യാനിലേക്ക് എത്തണം എന്ന് തീരുമാനിച്ചിരുന്നു.
നല്ലൊരു സ്ഥലമാണ് വിയറ്റ്നാം, പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പരിഗണിക്കാവുന്നതാണ്. ചെലവ് കുറവാണെന്നു മാത്രമല്ല, ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന്റേതായ യാതൊരു സുരക്ഷാപ്രശ്നങ്ങളുമില്ല. നഗരങ്ങളും ഗ്രാമകാഴ്ചകളുമെല്ലാം വിയറ്റ്നാമിലുണ്ട്. ആകെയുള്ളൊരു പ്രശ്നം ഭക്ഷണമാണ്. അത് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല.
കാണാനേറെയുണ്ട്
വിയറ്റ്നാമിൽ ഒരുപാട് കാണാനുണ്ട്. അധികം ദിവസങ്ങൾ ചെലവഴിച്ചുള്ള യാത്രയായിരുന്നില്ല എന്റേത്. 7 ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളു. പോകുന്ന സ്ഥലം ശരിക്കും കാണണമെന്ന് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ഹോയ് യാൻ, ഹനോയ് എന്ന രണ്ടു സ്ഥലങ്ങൾ മാത്രമേ സന്ദർശിച്ചുള്ളു. ആദ്യം ഹനോയ്‌യിലേക്കും അവിടെ രണ്ടു ദിവസം തങ്ങി. ശേഷം ലാന്റേൺ ഫെസ്റ്റ് കാണാൻ ഹോയ് യാനിലേക്കും പോയി.
രണ്ടു സ്ഥങ്ങളും ഇഷ്ടമായി എങ്കിലും കൂടുതൽ ഇഷ്ടമായത് ഹോയ് യാൻ ആണ്. രണ്ടും വ്യത്യസ്തമായ കാലാവസ്ഥയും കാഴ്ചകളുമുള്ള സ്ഥലമാണ്. ഹനോയ്‌യിൽ ഭയങ്കര തണുപ്പും മഴയുമൊക്കെയായിരുന്നു. എന്നാൽ ഒരു മണിക്കൂർ ഫ്ലൈറ്റിൽ യാത്രചെയ്ത് ഹോയ് യാനിൽ എത്തിയപ്പോൾ തികച്ചും വിപരീതമായ കാലാവസ്ഥയായിരുന്നു. വലിയ ചെലവില്ലാതെ യാത്ര ചെയ്യാവുന്ന സ്ഥലങ്ങളാണ് രണ്ടും.
ശരിക്കും റൊമാന്റിക്കാണ്
ഒരു ദിവസം ഹോസ്റ്റലിൽ വച്ച് പരിചയപ്പെട്ടൊരു സുഹൃത്തിന്റെ കൂടെ രാവിലെ കാപ്പി കുടിക്കാൻ പുറത്തിറങ്ങിയപ്പോൾ ഹനോയ്‌യിൽ കണ്ട കാഴ്ച ശരിക്കും അദ്ഭുതപ്പെടുത്തി. ഞങ്ങൾ നടന്നു പോകുന്ന വഴിയ്ക്കാണ് ഹോയൻ കെയിം എന്ന തടാകവും പഗോഡയും. രാവിലെ അവിടെ ധാരാളം ആളുകൾ നൃത്തം ചെയ്യുന്നത് കാണാൻ സാധിക്കും. നമ്മളേയും നൃത്തം ചെയ്യാൻ ക്ഷണിക്കും. എത്ര ആഹ്ളാദകരമായ കാഴ്ചയാണ് അത്. എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷം നിറഞ്ഞൊരു സ്ഥലം വേറെ കണ്ടിട്ടില്ല. അതിരാവിലെ മാത്രമേ ഈ കാഴ്ച കാണാൻ സാധിക്കുകയുള്ളൂ. പിന്നെ നഗരത്തിന്റെ രൂപം തന്നെ മാറും. അതിഭീകര ട്രാഫിക്കാണ് പിന്നീട്. വാഹനങ്ങൾ കൊണ്ടു നിറഞ്ഞ് റോഡ് മുറിച്ചുകടക്കുന്നത് തന്നെ പ്രയാസമാണ്. എന്നാൽ ഹോയ്‌യാൻ വളരെ ശാന്തതയുള്ള സ്ഥലമാണ്. അധികം തിരക്കൊന്നുമില്ല. ശരിക്കും റൊമാന്റിക്കാണ്. ഇത്ര ശാന്തമായൊരു സ്ഥലം ചിലപ്പോൾ വേറെയുണ്ടാകില്ലെന്നു തോന്നിപോകും. ഒരിക്കലെങ്കിലും പോയിരിക്കണം.
യാത്രയിൽ മറക്കാനാവാത്ത അനുഭവത്തിൽ പ്രധാനം ഒരുപാട് പേരെ പരിചയപ്പെടാൻ സാധിച്ചു എന്നതാണ്. ഹോട്ടലിലൊക്കെ താമസിച്ചാൽ ഏകാന്തത അനുഭവപ്പെടും. അതുകൊണ്ട് രണ്ടു സ്ഥലങ്ങളിലും ഹോസ്റ്റലുകളിലാണ് താമസിച്ചത്. വിവിധ സ്ഥലങ്ങളിലുള്ള ഒരുപാട് ആളുകളെ പരിചയപ്പെടാൻ അതുവഴി സാധിച്ചു. നാലുമാസത്തെ യാത്രയൊക്കെയാണ് അതിൽ ചിലരുടേത്. ഒട്ടും പ്ലാൻ ചെയ്യാതെ യാത്രകൾ പോകുന്നവരെയും അവിടെ കാണാം.
വിയറ്റ്നാമിലെ ഏറ്റവും ഏറ്റവും പ്രശസ്തമായ തെരുവാണ് ഹാനോയ് ട്രെയിന്‍ സ്ട്രീറ്റ്. വിയറ്റ്നാമിന്‍റെ തലസ്ഥാനത്തുള്ള, "ട്രെയിൻ സ്ട്രീറ്റ്" വളരെക്കാലമായി വിവാദങ്ങളുടെ നിഴലിലായിരുന്നു. വീടുകളിൽ നിന്നും കടകളിൽ നിന്നും ഇഞ്ചുകള്‍ മാത്രം അകലെയുള്ള ട്രാക്കുകളിലൂടെ സഞ്ചരിക്കുന്ന ട്രെയിനുകളാണ് ഇവിടുത്തെ കാഴ്ച. ഈ കാഴ്ച കാണാന്‍ ഒട്ടേറെ സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.
വിയറ്റ്നാമിലെ ട്രെയിൻ സ്ട്രീറ്റിൽ ഞാൻ യാത്ര പോകുന്നത് ഹോസ്റ്റലിൽ വച്ച് പരിചയപ്പെട്ട ഒരാളുടെ കൂടെയായിരുന്നു. ആ സമയത്ത് ആ സ്ട്രീറ്റിലേക്ക് ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കില്ല. എന്നാൽ അയാളുടെ പരിചയത്തിലുള്ള ഒരു കുട്ടിയുടെ സഹായത്തോടെ ഞങ്ങൾക്ക് അവിടേയ്ക്കു പ്രവേശിക്കാൻ സാധിച്ചു. ഞങ്ങൾ മൂന്ന് പേരുണ്ടായിരുന്നു. വലിയൊരാഗ്രഹമായിരുന്നു ട്രെയിൻ സ്ട്രീറ്റിൽ ഇരുന്ന് കോഫി കുടിക്കണമെന്നത്. ആ ആഗ്രഹം സാധിച്ചുവെന്നത് വലിയൊരു കാര്യമായി തോന്നുന്നു.
വിയറ്റ്നാമിൽ പരിചയപ്പെട്ട ഒരേയൊരു ഇന്ത്യക്കാരി
ഹോയ്‌യാനിൽ വച്ച് സെയ്‍ജൾ എന്ന് പേരുള്ള ഒരു മുംബൈക്കാരിയെ പരിചയപ്പെട്ടിരുന്നു. ആ പരിചയം പിന്നീട് വലിയ സൗഹൃദമായി മാറി. വിയറ്റ്നാമിൽ വച്ച് പരിചയപ്പെട്ട ഒരേയൊരു ഇന്ത്യക്കാരിയായിരുന്നു അത്. അവരുടെ കൂടെ സൈക്കിളിൽ യാത്ര ചെയ്തതും വീണ് മുട്ടു പൊട്ടിയതുമെല്ലാം രസകരമായൊരു അനുഭവമായിരുന്നു. അവിടെയൊരു ബീച്ചിൽ വിശ്രമിക്കുമ്പോൾ ചന്ദ്രൻ കടലിൽ നിന്നും ഉയർന്നു വരുന്ന കാഴ്ച്ചയ്ക്ക് സാക്ഷിയാകാൻ കഴിഞ്ഞു. ഒരിക്കലും മറക്കാനാവില്ല. ചെറിയൊരു ചുവന്ന പൊട്ട് ചന്ദ്രനായി മാറുന്ന കാഴ്ച അതിമനോഹരമാണ്. ആദ്യമായിട്ടാണ് അങ്ങനൊരു കാഴ്ച കാണുന്നത്.
അധികം ചെലവില്ലാതെ പോയിവരാം
അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും രുചികരമായ പ്രാദേശിക വിഭവങ്ങളും സാഹസിക വിനോദാനുഭവങ്ങളുമെല്ലാമുള്ള രാജ്യമാണ് വിയറ്റ്‌നാം. തെക്ക് ഹോ ചി മിൻ, വടക്ക് തലസ്ഥാനമായ ഹനോയ്, മധ്യഭാഗത്തുള്ള ഡാ നാങ് എന്നിവയാണ് ഇവിടെയുള്ള പ്രധാന നഗരങ്ങൾ. അധികം ചെലവില്ലാതെ പോയിവരാവുന്ന ഇടമാണ് വിയറ്റ്നാം.
സുന്ദര കാഴ്ചകൾക്കൊപ്പം നല്ല ആളുകളാണ് അന്നാട്ടുകാർ എന്നാണ് ശാലിൻ പറയുന്നത്, മോശമായൊരു അനുഭവമൊന്നുമില്ല. ഭക്ഷണമാണ് അവിടുത്തെ പ്രധാന പ്രശ്നം. ആദ്യ ദിവസം സ്ട്രീറ്റ് ഫുഡ് നോക്കിയെങ്കിലും ഒരു തരത്തിലും തനിക്കത് കഴിക്കാൻ സാധിച്ചില്ലെന്നും ശാലിൻ. അവിടെ വച്ച് പരിയചപ്പെട്ട വിദേശികളെല്ലാം എപ്പോഴും പഴങ്ങൾ കൈയിൽ കരുതും. അതിനു പുറകിലുള്ള കാര്യം ആദ്യമൊന്നും മനസിലായില്ലെങ്കിലും പിന്നീട് അവർക്കും ഭക്ഷണം ഇഷ്ടപ്പെടാത്തതു കൊണ്ടാണ് ഇങ്ങനെ പഴങ്ങളും കൊണ്ടു നടക്കുന്നതെന്ന് മനസിലായി. ഇന്ത്യൻ ഭക്ഷണം കിട്ടുന്ന സ്ഥലങ്ങൾ വളരെ കുറവാണ്. ഏറെ അന്വേഷണങ്ങൾക്ക് ഒടുവിലാണ് നമുക്ക് പറ്റുന്ന ഭക്ഷണമുള്ള കഫേ അല്ലെങ്കിൽ കെ എഫ്സി ഒക്കെ കണ്ടെത്താൻ സാധിച്ചത്.
ഒറ്റയ്ക്കുള്ള പെൺ യാത്ര
എന്റെ വിയറ്റ്നാം ട്രിപ്പ് ഒറ്റയ്ക്കുള്ള യാത്രയായിരുന്നു. ശരിക്കും എൻജോയ് ചെയ്ത നിമിഷങ്ങളായിരുന്നു. ഒറ്റയ്ക്കുള്ള യാത്ര, പെൺകുട്ടി തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്തു കൂടുതൽ സുരക്ഷാ മുൻകരുതലുകളൊന്നും ഞാൻ എടുത്തിട്ടില്ലായിരുന്നു. പെൺകുട്ടി എന്ന രീതിയിലല്ല, യാത്രകൾ പോകുമ്പോൾ ഒരു മനുഷ്യൻ എന്ന രീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കാണ് കൂടുതൽ പരിഗണന കൊടുക്കേണ്ടത്.യാത്ര പോകും മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
മരുന്നുകൾ വാങ്ങിവയ്ക്കുക, പാസ്പോർട്ട്, പേഴ്സ് എന്നിവ സൂക്ഷിച്ചു വയ്ക്കുക തുടങ്ങിയ കാര്യങ്ങൾ കൂടുതൽ ഞാൻ ശ്രദ്ധിച്ചിരുന്നു. എന്നിട്ടും ഒരു സ്ഥലത്തുവച്ച് സുഹൃത്തിന്റെ പഴ്സ് നഷ്ടപ്പെട്ടു, വലിയ വിഷമത്തിലായെങ്കിലും പിന്നീട് അത് തിരിച്ചു കിട്ടി. ഒറ്റയ്ക്ക് പോകുമ്പോൾ മറ്റുമനുഷ്യരെ വിശ്വസിക്കേണ്ടിവരും. ആരും തരുന്നതൊന്നും വാങ്ങിക്കുടിക്കരുത്,അപരിചിതന്റെ വാഹനത്തിൽ കയറരുത് എന്നൊക്കെ പറയാമെങ്കിലും ഒറ്റയ്ക്കുള്ള യാത്രയിൽ അത് അത്രയധികം പ്രാവർത്തികമാണെന്നു തോന്നുന്നില്ല. തനിച്ചുള്ള യാത്ര തന്നെ ഒരു റിസ്ക്കാണ്, ലോകം മുഴുവൻ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർ ആ റിസ്ക് മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് യാത്ര തുടങ്ങുന്നത്.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വിവിധ രാജ്യക്കാരെ വിയറ്റ്നാമിൽ കാണാൻ കഴിഞ്ഞുവെന്നാലും ഇന്ത്യക്കാർ വളരെ കുറവായിരുന്നു. വലിയ ഹോട്ടലൊക്കെ ബുക്ക് ചെയ്ത്, എല്ലാകാര്യങ്ങളും മുൻകൂട്ടി തീരുമാനിച്ചതു പോലെ നടപ്പിലാക്കിയാൽ യാത്രയുടെ ഉൗർജം ലഭിക്കില്ലെന്നാണ് കരുതുന്നത്. ശരിക്കും പറഞ്ഞാൽ സുരക്ഷാപ്രശ്‌നങ്ങളെ കുറിച്ചൊന്നും അധികം ചിന്തിച്ചില്ല. എന്തൊക്കെയായാലും സുരക്ഷിതമായി തന്നെ നാട്ടിൽ തിരിച്ചെത്തി. മുൻകൂട്ടിയൊന്നും പ്ലാൻ ചെയ്യാതെയാണ് പല കാര്യങ്ങളും ചെയ്യുന്നതും മുന്നോട്ടു പോകുന്നതും.
സ്വപ്ന നാട്ടിലേക്ക് പറക്കണം
ഇനിയും ഇൗ ലോകത്തിന്റെ മനോഹാരിത നിറഞ്ഞ ഇടങ്ങളിലേക്ക് യാത്ര തിരിക്കണമെന്നാണ് എന്റെ ആഗ്രഹവും ലക്ഷ്യവും. സ്പെയിൻ, പരീസ്, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്ക് യാത്ര പോകണം എന്നത് എന്റെ ഏറ്റവും സ്വപ്നമാണ്. അവസരം ഒത്തുവന്നാൽ അധികം താമസിക്കാതെ തന്നെ ഇൗ മനോഹര രാജ്യങ്ങളിലേക്ക് പറന്നെത്തണം.
English Summary: Most Memorable Travel Experience by Shaalin Zoya