ഭൂട്ടാനിലെ ആകാശകൊട്ടാരത്തിൽ ധ്യാനത്തിൽ മുഴുകി സമാന്ത
Mail This Article
ഈയടുത്ത കാലത്തായി യാത്രകളുടെ ലോകത്താണ് നടി സാമന്ത റൂത്ത് പ്രഭുവിനെ അധികവും കാണാറുള്ളത്. സിനിമകള്‍ക്കിടയില്‍ കിട്ടുന്ന സമയത്തെല്ലാം സമാന്ത യാത്ര പോകുന്നു. ഇങ്ങനെ, വെനീസിലും ഓസ്ട്രിയയിലും അമേരിക്കയിലും ബാലിയിലുമെല്ലാം നടത്തിയ യാത്രകള്‍ നടിക്ക് ആത്മീയാന്വേഷണത്തിന്റേതു കൂടിയായിരുന്നു. ഈ യാത്രയുടെ ഒട്ടേറെ ചിത്രങ്ങള്‍ സാമന്ത പങ്കുവച്ചിരുന്നു. ഇപ്പോഴാകട്ടെ, ഭൂട്ടാനിലാണ് സമാന്തയുടെ ഏറ്റവും പുതിയ യാത്ര.
ഭൂട്ടാനിലെ തിംഫുവില്‍ നിന്നുള്ള ചിത്രം നടി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ധ്യാനിച്ച് ഇരിക്കുന്ന ചിത്രമാണ് സമാന്ത പോസ്റ്റ് ചെയ്തിട്ടുള്ളത്.
മനോഹരമായി അലങ്കരിച്ച ഒരു ഇടത്താണ് സമാന്ത ഇരിക്കുന്നത് എന്നു കാണാം. ഭൂട്ടാനിലെ 'സിക്സ് സെന്‍സസ്' റിസോര്‍ട്ടിലുള്ള പ്രാര്‍ത്ഥനാ സ്ഥലമാണിത്. തിംഫു, പുനാഖ, പാറോ താഴ്വര, ഗാങ്ങ്ടെ, ബുംതാങ്ങ് എന്നിവിടങ്ങളിലായി അഞ്ചു ലക്ഷ്വറി ലോഡ്ജുകള്‍ അടങ്ങുന്ന സിക്സ് സെന്‍സസ് റിസോര്‍ട്ട് സെലിബ്രിറ്റികളുടെ ഇഷ്ട വെക്കേഷന്‍ കേന്ദ്രമാണ്. ഇതില്‍ ഏറ്റവും വലുപ്പമുള്ള 'സിക്സ് സെന്‍സസ് ഓഫ് തിംഫു' അറിയപ്പെടുന്നത് 'ആകാശകൊട്ടാരം' എന്നാണ്.
എല്ലാ സിക്സ് സെൻസസ് ലോഡ്ജുകളിലും സ്പാ, വെൽനസ് സെന്റർ എന്നിവയും ഉണ്ട്. തിംഫുവിലെയും ബുംതാങ്ങിലെയും ഹോട്ട് സ്റ്റോണ്‍ ബാത്ത്, ഗാങ്ങ്ടെയിലെ പിരമിഡ് ധ്യാന മുറിയും സ്വീഡാന ചികിത്സയും പുനാഖയിലെ ചൂടുവെള്ളമുള്ള കുളത്തിലെ കുളി, പാറോയിലെ സ്പാ അനുഭവം എന്നിവയെല്ലാം അതുല്യമാണ്.
വേണമെന്നുണ്ടെങ്കില്‍ അതിഥികൾക്ക് അഞ്ചു ലോഡ്ജുകളിലായി താങ്ങാനും സാധിക്കും. പലയിടങ്ങളിലായി താമസിച്ചു കൊണ്ട് ഭൂട്ടാന്‍ എന്ന രാജ്യത്തെ അറിയാനും അനുഭവിക്കാനും അവസരമൊരുക്കുന്നുണ്ട് ഇവിടെ. പുനാഖയിലെ ചോർട്ടൻ നിങ്‌പോ വരെ കാൽനടയാത്രയായി നടക്കാം, ഗാംഗ്‌ടെയിലെ കൃഷിക്കാര്‍ക്കൊപ്പം കൂടാം. ബുംതാങ്ങിലെ ഏറുമാടത്തില്‍ കയറി ഭക്ഷണം കഴിക്കാം. ഭൂട്ടാന്റെ പ്രാദേശിക ജീവിതത്തെക്കുറിച്ച് മനസ്സിലാക്കാനും ഇവിടെ അവസരമൊരുക്കുന്നു.
ഇവിടെയെത്തുന്ന സീസണ്‍ അനുസരിച്ച് മദ്യ നിർമ്മാണം, പരമ്പരാഗത കൃഷി, നെയ്ത്ത്, അമ്പെയ്ത്ത് എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലും ഭാഗമാകാന്‍ സാധിക്കും. കൂടുതൽ ആത്മീയമായ അനുഭവങ്ങള്‍ അന്വേഷിച്ചു നടക്കുന്നവര്‍ക്ക് അടുത്തുള്ള ക്ഷേത്രങ്ങൾ, മതപരമായ സ്ഥലങ്ങൾ എന്നിവ സന്ദര്‍ശിക്കാം. സിക്സ് സെൻസസിലെ റസിഡന്റ് സന്യാസിയുമായി ചേര്‍ന്നു ഗൈഡഡ് ധ്യാനങ്ങളിലോ ബട്ടർ ലൈറ്റിങ് ചടങ്ങുകളിലോ പങ്കെടുക്കുകയുമാവാം.
ഇപ്പോള്‍ ഭൂട്ടാന്‍ സന്ദര്‍ശിക്കാന്‍ ഏറെ അനുയോജ്യമായ സമയമാണ്. മാർച്ച് മുതൽ ഏപ്രിൽവരെയും സെപ്റ്റംബർ മുതൽ നവംബർ വരെയുമാണ് ഭൂട്ടാനില്‍ ട്രെക്കിങിനും മറ്റു യാത്രകള്‍ക്കും ഏറ്റവും അനുയോജ്യമായ സമയം. ജൂൺ മുതൽ ഓഗസ്റ്റ് വരെ വസന്തകാലമാണ്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയത്ത്, വെയിലുദിക്കുന്ന ദിവസങ്ങളിൽ കാണുന്ന പർവ്വതദൃശ്യങ്ങള്‍ അതിമനോഹരമാണ്. സീസണ്‍ അനുസരിച്ച് നിരക്കുകള്‍ വ്യത്യാസപ്പെടുമെങ്കിലും ഒരു രാത്രിക്ക് ശരാശരി ഒരു ലക്ഷം രൂപയില്‍ കൂടുതലാണ് സിക്സ് സെന്‍സസിലെ നിരക്ക്.