ബീന കണ്ട റഷ്യ എന്ന ഒറ്റ പുസ്തകം മതി നമുക്ക് കെ എ ബീനയെന്ന എഴുത്തുകാരിയെ തിരിച്ചറിയാൻ. 15 മത്തെ വയസിൽ തന്റെ ആദ്യ യാത്രാപുസ്തകം പ്രസിദ്ധീകരിച്ചാണ് ജീവിതത്തിന്റെ ഭാഗമായ യാത്രാസപര്യയ്ക്ക് ഒരു പെൺകുട്ടി തുടക്കമിട്ടത്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ തുറിച്ച കണ്ണുകൾ

ബീന കണ്ട റഷ്യ എന്ന ഒറ്റ പുസ്തകം മതി നമുക്ക് കെ എ ബീനയെന്ന എഴുത്തുകാരിയെ തിരിച്ചറിയാൻ. 15 മത്തെ വയസിൽ തന്റെ ആദ്യ യാത്രാപുസ്തകം പ്രസിദ്ധീകരിച്ചാണ് ജീവിതത്തിന്റെ ഭാഗമായ യാത്രാസപര്യയ്ക്ക് ഒരു പെൺകുട്ടി തുടക്കമിട്ടത്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ തുറിച്ച കണ്ണുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബീന കണ്ട റഷ്യ എന്ന ഒറ്റ പുസ്തകം മതി നമുക്ക് കെ എ ബീനയെന്ന എഴുത്തുകാരിയെ തിരിച്ചറിയാൻ. 15 മത്തെ വയസിൽ തന്റെ ആദ്യ യാത്രാപുസ്തകം പ്രസിദ്ധീകരിച്ചാണ് ജീവിതത്തിന്റെ ഭാഗമായ യാത്രാസപര്യയ്ക്ക് ഒരു പെൺകുട്ടി തുടക്കമിട്ടത്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ തുറിച്ച കണ്ണുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ബീന കണ്ട റഷ്യ’ എന്ന ഒറ്റപ്പുസ്തകം മതി നമുക്ക് കെ.എ.ബീനയെന്ന എഴുത്തുകാരിയെ തിരിച്ചറിയാൻ. 15 ാം വയസ്സിൽ തന്റെ ആദ്യ യാത്രാപുസ്തകം പ്രസിദ്ധീകരിച്ചാണ്, പിൽക്കാലത്തു ജീവിതത്തിന്റെ ഭാഗമായ യാത്രാസപര്യയ്ക്ക് ഒരു പെൺകുട്ടി തുടക്കമിട്ടത്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ തുറിച്ച കണ്ണുകൾ കൊണ്ടു നോക്കുന്ന സമൂഹത്തോട് കാലങ്ങൾക്കു മുന്നേ തന്റെ ഒറ്റയാൾ യാത്രകൾ കൊണ്ട് മറുപടി പറഞ്ഞ, ഇന്നും വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന വ്യക്തിത്വം. നാലു ദശകങ്ങളായി യാത്രയെ നെഞ്ചേറ്റി, താൻ കണ്ട അനുഭവങ്ങളെ വാക്കുകളിലാക്കി അനേകം സ്ത്രീകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന കെ.എ.ബീനയുടെ ജീവിതം തന്നെ ഒരു പാഠപുസ്തകമാണ്. ആദ്യമായി സന്ദർശിക്കുന്ന ഒരു സ്ഥലം പോലെ, ആദ്യത്തെ സോളോ ട്രിപ്പ് പോലെ, ഏറെ ആസ്വദിച്ച് നടത്തുന്ന ഒരു യാത്ര പോലെ മനോഹരമായ ഒന്ന്.

ബീനയുടെ യാത്രകൾ

എഴുത്തുകാരി, പത്രപ്രവർത്തക, കോളമിസ്റ്റ് എന്നീ നിലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ് ബീന. എന്നാൽ ഇതിന്റെയെല്ലാം മൂലകാരണം യാത്രകൾ തന്നെയായിരുന്നു. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുടെ കാര്യം വരുമ്പോൾ– പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ, അവർ ഉയർന്ന വിദ്യാഭ്യാസമുള്ളവരാണെങ്കിലും– പുരുഷാധിപത്യ സങ്കൽപങ്ങളിൽ നിന്ന് പൂർണമായും മാറാൻ വിസമ്മതിക്കുന്ന സമൂഹമാണ് നമ്മുടേതെന്ന് ബീന അഭിപ്രായപ്പെടുന്നു. വികസനവും സ്ത്രീ ശാക്തീകരണവും ഉന്നമനവുമെല്ലാം പ്രസംഗിക്കുന്ന ആളുകൾ പോലും സ്വന്തം വീട്ടിൽ ആ മാറ്റങ്ങൾ കൊണ്ടുവരാൻ വിസമ്മതിക്കുന്നു. വീടിനകത്തു കയറുന്നതിന് മുൻപ്, അവർ അതുവരെ കൊട്ടിഘോഷിച്ച നിലപാടിന്റെ ചെരുപ്പ് അഴിച്ചുവയ്ക്കുന്നതു പോലെയാണ് ഇത്. സ്ത്രീ വീട്ടുജോലികൾ ചെയ്യേണ്ട സമയത്ത് യാത്ര ചെയ്താൽ എങ്ങനെ ശരിയാകുമെന്ന് ചിന്തിക്കുന്ന സമൂഹത്തിൽനിന്നു വണ്ടികയറി എങ്ങോട്ടെങ്കിലും പോകണം എന്നാണ് തന്റെ അഭിപ്രായമെന്നും കെ.എ.ബീന പറയുന്നു.

റഷ്യ
ADVERTISEMENT

“ഒരു വിനോദസഞ്ചാരി സ്ഥലങ്ങൾ കാണുന്നതുപോലെയല്ല യാത്രിക/യാത്രികൻ നാട് കാണുന്നത്. ജീവിതത്തുടിപ്പുകളിലേക്കാണ് അവളുടെ /അവന്റെ ഓരോ കാലടിയും എത്തിച്ചേരുന്നത്. സ്ത്രീ യാത്രകളുടെ പരിമിതികളെ അതിജീവിക്കേണ്ടത് സ്വന്തം മനസ്സുകൊണ്ട് തന്നെയാണ്. സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ച് ഓരോ മിനിറ്റിലും ബോധവതി ആകേണ്ടതും മറ്റാരുമല്ല. എവിടെ പോകുന്നു എന്നതിനേക്കാളേറെ എങ്ങനെ അവിടം കാണുന്നു, എത്രയ്ക്ക് ആസ്വദിക്കുന്നു, അനുഭവിക്കുന്നു എന്നതൊക്കെയാണ് പ്രധാനം. മറ്റൊരിടത്ത് കാണുന്ന കാഴ്ചകൾ, മനുഷ്യർ, അവരുടെ ജീവിതം ഒക്കെ സ്വന്തം ഉള്ളിലേക്ക് ആവാഹിക്കാൻ കഴിയുമ്പോഴാണ് യാത്ര സഫലമാകുന്നത്” - കെ.എ.ബീനയുടെ ഈ വാക്കുകൾ മാത്രം മതി യാത്രകൾ എത്രത്തോളം മനുഷ്യനെ പുതിയൊരാളാക്കാൻ സഹായിക്കുമെന്ന് മനസ്സിലാക്കാൻ.  

റഷ്യൻ യാത്രയിൽ എടുത്ത ചിത്രം

യാത്രകൾ വളർത്തിയ പെൺകുട്ടി കണ്ട ലോകങ്ങൾ 

‘‘എന്റെ ആദ്യ യാത്ര റഷ്യയിലേക്കായിരുന്നു. നാലു ദശകങ്ങൾക്ക് മുമ്പ് 1977 ലെ ജൂലൈയിലാണ് മോസ്കോയിലെ ഷെറി മത്യാ വോ വിമാനത്താവളത്തിൽ ചെന്നിറങ്ങുന്നത്. നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. 13 വയസ്സാണ് അന്ന് പ്രായം. ഒമ്പതാംക്ലാസ് വിദ്യാർഥിനി. ഇന്ത്യയുടെ നാനാ കോണുകളിൽ നിന്നുള്ള 15 കുട്ടികൾ ഒപ്പമുണ്ടായിരുന്നു. മോസ്കോ എന്ന അദ്ഭുത ലോകത്തു കണ്ട കാഴ്ചകൾ. ലെനിന്റെ ഭൗതികശരീരം, വൃത്തിയുള്ള റോഡുകൾ, വലിയ വലിയ കെട്ടിടങ്ങൾ, പാർക്കുകൾ, കോട്ടും സൂട്ടും ഇട്ട് റോഡുകൾ വൃത്തിയാക്കുന്ന ആളുകൾ. കാഴ്ചകൾ കെങ്കേമം. മോസ്കോയിൽനിന്ന് ശബ്ദമില്ലാത്ത, അത്യാധുനിക സജ്ജീകരണങ്ങളുള്ള തീവണ്ടിയിൽ കയറി യുക്രെയ്നിലേക്ക്. യുക്രെയ്നിലെ കീവിൽ, മലനിരകളുടെ താഴ്‌വാരത്ത്, കരടിപർവതത്തിന് ഓരത്ത്, കരിങ്കടൽ തീരത്ത് ഒന്നര മാസം താമസം. കൂട്ടിന് 150 ഓളം രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളും ഉണ്ടായിരുന്നു. സ്വർണ തലമുടിക്കാർ, ചുരുണ്ട് കറുത്ത കുറ്റി മുടിയുള്ളവർ, നീണ്ട കറുത്ത മുടിയുള്ളവർ, കുറുകിയ കണ്ണുകളുള്ളവർ. ഞാൻ ജനിച്ചുവളർന്ന തിരുവനന്തപുരം എന്ന ഇടം മാത്രമല്ല ലോകം എന്ന പാഠവും ജന്മാന്തര സൗഹൃദങ്ങൾക്കൊപ്പം ആ യാത്ര എനിക്കു സമ്മാനിച്ചു. ആഫ്രിക്കക്കാർക്ക്, അമേരിക്കക്കാർക്ക്, മംഗോളിയക്കാർക്ക് എന്നുവേണ്ട ലോകത്തിലെ എല്ലാ കോണുകളിലും ഉള്ളവർക്കും പൊതുവായത് സ്നേഹിക്കാനും കൂട്ടുകൂടാനും ഉള്ള കഴിവാണ് എന്ന അറിവാണ് ആ ചെറിയ പ്രായത്തിൽ എനിക്ക്‌ കിട്ടിയത്. അവിടെ അനുഭവിച്ച അദ്ഭുതങ്ങളും അമ്പരപ്പുകളും ആണ് ‘പ്രകാശ രേഖ’ എന്ന യാത്രാവിവരണമായും പിന്നീട് ‘ബീന കണ്ട റഷ്യ’ എന്ന പേരിൽ പുസ്തകമായും പുറത്തുവന്നത്. പുസ്തകം പുറത്തു വരുമ്പോൾ എനിക്ക് 15 വയസ്സാണ് പ്രായം. കൊച്ചുകുട്ടിയുടെ യാത്രയെയും പുസ്തകത്തെയും ഒരുപാട് പേർ നെഞ്ചേറ്റി; അന്നും ഇന്നും. 43 വർഷങ്ങൾക്ക് ഇപ്പുറവും ‘ബീന കണ്ട റഷ്യ’ ഇപ്പോഴും പ്രസിദ്ധീകരിക്കപ്പെടുന്നു; വായിക്കപ്പെടുന്നു. 

യുക്രെയ്ൻ–റഷ്യ യുദ്ധത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സ്റ്റാംപിന്റെ പശ്‍ചാത്തലത്തിൽ സെൽഫിയെടുക്കുന്ന യുവതി. കീവിൽനിന്നുള്ള ദൃശ്യം. (Photo by Sergei SUPINSKY / AFP)

യാത്ര എന്നിലേക്കും എനിക്കു ചുറ്റുമുള്ളവരിലേക്കും ഒരു ആവേശമായി പടരുന്നത് പലപ്പോഴും ‘ബീന കണ്ട റഷ്യ’യിലൂടെ ഞാനനുഭവിച്ചു, ലോകത്തെവിടേക്കുമുള്ള യാത്രകൾ. അതിലേക്കാണ് ഞാൻ പിറന്നുവീണത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന അച്ഛന് യാത്രകൾ ആയിരുന്നു ജീവിതം. ലോകം മുഴുവൻ യാത്ര ചെയ്യുന്ന അച്ഛൻ നീണ്ട കത്തുകളിലൂടെ ഓരോ ഇടത്തും കണ്ട കാര്യങ്ങൾ പങ്കുവച്ചു കൊണ്ടിരുന്നു. യാത്രയും യാത്രയെഴുത്തും ജീവിതത്തിന്റെ ഭാഗമാക്കിയത് ഈ കുട്ടിക്കാലമായിരുന്നു. വളർന്നപ്പോൾ ഏതുനേരത്തും ബാഗും തൂക്കി എവിടേക്കും പോകാനുള്ള ശീലം ജീവിതത്തിന്റെ ആനന്ദമായപ്പോൾ നന്ദി പറഞ്ഞതും കുട്ടിക്കാലത്തെ ഈ അനുഭവങ്ങൾക്കാണ്. ചലിക്കുന്ന ചക്രങ്ങൾ, അത് ബസോ കാറോ ട്രെയിനോ എന്തുമാകട്ടെ, തന്നെ ഉന്മാദിയാക്കുന്നുവെന്നും പുതിയ നാടുകൾ തനിക്ക് സ്വന്തം നാടുകളാണെന്നും അവിടുത്തെ പുഴയും മലയും മണ്ണും കാറ്റും തന്റേത് കൂടിയാണെന്നും ഓരോ മടക്കയാത്രയും തിരിച്ചുവരുമെന്ന ഉറപ്പിൻമേലാണെന്നും ബീന പറയുന്നു. 

ബീനയുടെ യാത്രകൾ
ADVERTISEMENT

സ്ത്രീ എന്തിന് യാത്ര ചെയ്യുന്നുവെന്ന ചോദ്യത്തിൽനിന്ന് നമ്മൾ ഇനിയും ചലിച്ചുതുടങ്ങിയിട്ടില്ല! 

ഒരു സ്ത്രീ എന്തിനാണ് യാത്ര ചെയ്യുന്നത്, അവൾ വീടിനുള്ളിൽ ഒതുങ്ങിക്കൂടേണ്ടവളല്ലേ എന്ന് വിചാരിക്കുകയും അത് വിളിച്ചുപറയുകയും ചെയ്യുന്ന സ്ത്രീകളടക്കമുള്ളവരുടെ ഇടയിൽ നിന്നാണ് ഞാൻ യാത്ര ചെയ്യാൻ ആരംഭിച്ചത്. ആ കാലത്ത് ഒരു സ്ത്രീ ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് മോശമായിട്ടാണ് കണ്ടിരുന്നത്. അത്തരം ഇടുങ്ങിയ ചിന്താഗതികളെക്കൂടി മാറ്റിക്കുറിക്കണമെന്നുണ്ടായിരുന്നു. നമ്മുടെ ചരിത്രം പറയുന്നത് സ്ത്രീകൾ വീടിനകത്ത് നിൽക്കേണ്ടതാണ് എന്നാണ്. അതിന് വലിയ മാറ്റങ്ങൾ ഇന്നും വന്നിട്ടില്ല. മാറി ചിന്തിക്കുകയും പുറംലോകത്തേക്ക് ഇറങ്ങാൻ തയാറാവുകയും ചെയ്ത സ്ത്രീ സമൂഹം ഇന്ന് ഏറെ സഞ്ചരിച്ച് മുന്നാട്ടെത്തിയിട്ടുണ്ട്. പക്ഷേ അപ്പോഴും ഉയരുന്ന ചോദ്യങ്ങളിലൊന്ന്, എന്തിനാണു സ്ത്രീ വെറുതെ യാത്ര ചെയ്യുന്നത് എന്നതാണ്. യാത്രയെന്നാൽ പുതിയ കാഴ്ചപ്പാടിലേക്കുള്ള സഞ്ചാരമാണ്, സ്വയം തിരിച്ചറിയാനുള്ള പ്രയാണമാണ്. അത് മനസ്സിലാക്കുന്നവരാണ് ഇന്ന് യാത്രകളെ സ്നേഹിക്കുകയും അതിനായി സമയം കണ്ടെത്തുകയും ചെയ്യുന്നത്. 

ബീനയുടെ യാത്രകൾ

അതിജീവനമാണ് സ്വീകരിക്കേണ്ട തന്ത്രമെന്നു പഠിച്ചു കഴിയുമ്പോൾ യാത്ര സ്ത്രീയുടേയും കൂടിയാവുന്നു എന്നാണ് എനിക്ക് പറയാനുള്ളത്. ഒറ്റയ്ക്കും കൂട്ടുകാർക്കും കുടുംബത്തിനുമൊപ്പവും ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ആയിരുന്നു ആദ്യകാല യാത്രകൾ. ചാർമിനാറും ചിറാപുഞ്ചിയും ഹരിദ്വാറും ഋഷികേശും ബനാറസും മധുരയും വിശാഖപട്ടണവും ഒക്കെ കണ്ടു നിറഞ്ഞപ്പോൾ മനസ്സ് പദ്ധതിയിട്ടു. – ഇന്ത്യയുടെ ഗ്രാമങ്ങളിലേക്ക് പോവുക, ആ തുടിപ്പുകൾ അറിയുക. അതിന് ഒരു വിഷയവും സ്വയം കണ്ടെത്തി. ഇന്ത്യയിലെ പഞ്ചായത്തുകളിലെ ദലിത് സ്ത്രീസംവരണം ഇന്ത്യൻ ഗ്രാമങ്ങളിൽ എന്തുമാറ്റമാണ് ഉണ്ടാക്കിയതെന്ന് നേരിട്ട് കണ്ടറിയുക.

Representative Image, Alex Tor | Shutterstock

സ്ഥലം കാണാൻ മാത്രമല്ല മനുഷ്യനെ തേടിയുള്ള  യാത്രയും കൂടിയായിരുന്നു അത്. ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, മണിപ്പുർ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേക്ക് ആയിരുന്നു ആ യാത്രകൾ. ഗ്രാമങ്ങൾ നമ്മെ സ്വീകരിക്കുന്നത് അവിടുത്തെ രുചിയും മണവും നിറവും ശബ്ദങ്ങളും ഒക്കെ കൊണ്ടാണ്. എവിടെപ്പോയാലും അവിടുത്തെ പ്രത്യേകതയായ ഭക്ഷണം കഴിക്കാൻ, അവിടുത്തെ ചന്തകളിൽ അലഞ്ഞുതിരിയാൻ, അവിടുത്തെ പാരമ്പര്യ വേഷങ്ങൾ കെട്ടി ഒരുങ്ങാൻ ഒന്നും ഞാൻ മറക്കാറില്ല. ഏത് സ്ഥലത്ത് യാത്ര ചെയ്യുമ്പോഴും ആ സമയം മുഴുവൻ അവിടെ ജീവിക്കുകയാണ് നമ്മൾ, അവരിലാരാളായി.  

പ്രതീകാത്മക ചിത്രം. Credit: Solovyova/istockphotos
ADVERTISEMENT

ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരോടായി ഒന്നുരണ്ടു കാര്യങ്ങൾ

യാത്രയുടെ മഹാമന്ത്രം, കഴിയുന്നതും വീട്ടിലേക്കുള്ള ഫോൺവിളികൾ കുറയ്ക്കുക എന്നതാണ്. അമ്മയുടെ ശബ്ദത്തിലെ നൊമ്പരം, ഭർത്താവിന്റെ സ്വരത്തിലെ ആകാംക്ഷ, മക്കളുടെ ഒച്ചയിടറൽ ഒക്കെ മനസ്സിൽ തീ കോരിയിടും. കാതങ്ങൾക്കകലെയിരുന്ന് ഇതിനൊന്നും പരിഹാരം കാണാൻ പറ്റില്ലെന്നതിനാൽ ചിന്തിച്ചു വഷളാക്കാം എന്നത് അല്ലാതെ മറ്റു പ്രയോജനമൊന്നുമില്ല. 

Image Credit : ABIR ROY BARMAN / shutterstock

യാത്ര പുറപ്പെടുമ്പോൾ രണ്ടു മൊബൈലുകൾ ചാർജ് ചെയ്തു വയ്ക്കുക. രണ്ടിനും വേറെ കമ്പനികളുടെ സിംകാർഡാണ് ഞാൻ ഉപയോഗിക്കാറ്. അതുപോലെ മൊബൈൽ പവർ ബാങ്ക് മറക്കരുത്.  

ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എല്ലാം സുന്ദരം എന്നൊന്നും പറയാൻ പറ്റില്ല

ഞാൻ നടത്തിയിട്ടുള്ള യാത്രകളിലധികവും ഒറ്റയ്ക്കായിരുന്നു. പലയിടത്തുനിന്നും പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഞരമ്പുരോഗികൾ ടിക്കറ്റെടുത്ത് പിന്നാലെ വന്നിട്ടുണ്ട്. തോണ്ടലും തൊടലും ഒക്കെ ഉണ്ടായിട്ടുണ്ട്. ബസ് ബ്രേക്ക് ഡൗണായിട്ടുണ്ട്. ട്രെയിൻ വൈകിയിട്ടുണ്ട്. ഇതിനെയൊക്കെ പേടിച്ചു വീട്ടിലിരുന്നാൽ യാത്ര എന്ന അനുഭവം സ്ത്രീക്ക് ഒരിക്കലും സ്വന്തമാവില്ല എന്ന് ഉറപ്പായതിനാൽ ഞാൻ യാത്ര ചെയ്ത് കൊണ്ടേയിരുന്നു. ഇന്നത്തെപ്പോലെ വിളിപ്പുറത്ത് സഹായമെത്തുന്ന ആധുനിക സൗകര്യങ്ങളോ സാങ്കേതിക വിദ്യകളോ ഒന്നുമില്ലാത്ത കാലം. അത്‌ മറ്റൊരു കാലമായിരുന്നു. മൊബൈലും ഇന്റർനെറ്റും സ്ത്രീയാത്രകൾക്ക് തുണയാകാത്ത കാലം. രണ്ടുവർഷത്തോളം ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലകളിലൂടെ സഞ്ചരിച്ച സമയം. ഗുവാഹത്തിയിലായിരുന്നു താമസം. ചുറ്റുമുള്ള സംസ്ഥാനങ്ങളിലേക്കും ആ യാത്രകൾ നീണ്ടു. ‘ബ്രഹ്മപുത്രയിലെ വീട്’ എന്ന കൃതി ആ യാത്രകളുടെ, ജീവിതത്തിന്റെ ഓർമകളാണ്. ഏറ്റവും രസകരമായ മറ്റൊരു യാത്ര ഇന്ത്യൻ റെയിൽവേയുടെ വില്ലേജ് ഓൺ വീൽസ്‌ യാത്ര ആണ്‌. കുടുംബമില്ലാതെ ഒറ്റയ്ക്ക് യാത്ര ചെയ്യാനെത്തുന്ന സ്ത്രീ അക്കാലത്ത് അദ്ഭുതമായിരുന്നു. കുടിക്കുന്ന വെള്ളത്തിൽ ലഹരിമരുന്ന് കലർന്നതും ഒരുമിച്ച് മുറിയെടുത്ത് ജോളിയായി കൂടാം എന്ന് സഹയാത്രികൻ ഓഫർ ചെയ്തതും ഒക്കെ ഇന്ന് ഓർക്കുമ്പോൾ തമാശ പോലെ തോന്നും. അന്ന് സ്ത്രീയാത്രകൾ, അതും ഒറ്റയ്ക്കുള്ള യാത്രകൾ ഉൾക്കൊള്ളുവാൻ കഴിയുന്നവർ ചുരുക്കമായിരുന്നുവെന്ന് ഓർക്കണം, ആ കാലത്താണ്, ഒരു തുണയുമില്ലാതെ ഈ പുരുഷാരങ്ങളുടെ ഇടയിലൊരു യാത്ര.

ബീനയുടെ യാത്രകൾ

ട്രെയിനിൽത്തന്നെ ദിവസങ്ങളോളം താമസിച്ചു സ്ഥലങ്ങൾ കണ്ടു മടങ്ങിയെത്തുന്ന യാത്രാപരിപാടിയായിരുന്നു വില്ലേജ് ഓൺ വീൽസ്. സ്ഥലങ്ങൾ കാണുന്നതിനൊപ്പം ഒട്ടേറെ മനുഷ്യരെ അടുത്തറിയാനും കൂട്ടുകൂടാനുമുള്ള അനുഭവം കൂടി പകർന്നുതരുന്ന യാത്രയായിരുന്നു അത്. യാത്ര പകർന്നു തരുന്ന സഹജാവബോധവും ഉൾക്കരുത്തും അറിയാനായി എന്നതായിരുന്നു ഈ യാത്രയുടെ സമ്പാദ്യം. റെയിൽവേ സ്റ്റേഷനുകളിൽ പത്രം വിരിച്ച് ഉറങ്ങാനും സ്റ്റേഷനുകളിലെ കുളിമുറികളിൽ ബക്കറ്റും സോപ്പുമായി ഓടിപ്പോയി കുളിച്ചു തീവണ്ടി പുറപ്പെടുന്നതിന് മുമ്പ് മടങ്ങിയെത്താനും സ്ത്രീകൾക്കും സാധ്യമാണ് എന്ന് മനസിലാക്കിത്തന്നതും ഈ വിനോദയാത്രയാണ്. ഈ യാത്രയുടെ അനുഭവങ്ങൾ ‘ചുവടുകൾ’ എന്ന പേരിൽ എഴുതിയത് വായിച്ച് നിരവധി സ്ത്രീകൾ ഐആർസിടിസിയുടെ യാത്ര പരിപാടിയിൽ പോയതായി പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീയുടെ യാത്ര മറ്റു സ്ത്രീകൾക്ക് യാത്ര ചെയ്യാൻ പ്രചോദനം നൽകും എന്ന് പലവട്ടം എനിക്ക് ഉറപ്പായിട്ടുണ്ട്. ‘‘നിങ്ങളുടെ യാത്രകൾ ഞങ്ങളെ സഞ്ചാരികളാക്കി’’ എന്ന് പറഞ്ഞിട്ടുള്ളത് ഒന്നോ രണ്ടോ പേരല്ല.

ബീനയുടെ യാത്രകൾ

മുൻകൂട്ടി പ്ലാൻ ചെയ്ത് യാത്രാ ടിക്കറ്റും ഹോട്ടൽ മുറിയും ഒക്കെ ബുക്ക് ചെയ്തു പോകുന്നതാണ് സ്ത്രീകൾക്കു നല്ലതെന്ന് അറിയാമെങ്കിലും വളരെക്കുറച്ചു യാത്രകളേ അങ്ങനെയൊക്കെ നടക്കാറുള്ളു. ബസ്‌സ്റ്റാൻഡിൽ ചെന്ന് കിട്ടുന്ന ബസിൽ കയറി നടത്തുന്ന യാത്രകൾ തരുന്ന ത്രിൽ അനുഭവിച്ചുതന്നെ അറിയേണ്ടതാണ്. യാത്രകൾ വിശാലമാക്കുന്നത് അറിവിന്റെ ചക്രവാളങ്ങൾ മാത്രമല്ല മനസ്സിന്റെ ആകാശങ്ങളെ കൂടിയാണ്. എത്രയേറെ പേരുണ്ട് ഈ ലോകത്തിന്റെ വിവിധ കോണുകളിൽ പ്രിയങ്കരമായ സ്നേഹത്തോടെ കാത്തിരിക്കുന്നത്. യാത്ര പോകുന്ന ആളായിട്ടായിരിക്കില്ല മടങ്ങി വരുന്നത്. ഓരോ യാത്രയും നമ്മളെ സ്ഫുടം ചെയ്തെടുക്കുകയാണ്. ഈ ഭൂമി, ഈ രാജ്യം, അതിമനോഹരം ആണെന്നും ഇവിടെ ജീവിക്കാൻ കൊള്ളാവുന്നതാണെന്നുള്ള ബോധമാണ് ഇത്രയും നാളുള്ള യാത്രകൾ എനിക്ക് സമ്മാനിച്ചത്. വഴികൾ നീണ്ട് തന്നെ കിടക്കുകയാണ്. മുന്നോട്ടേക്ക്...

English Summary:

Beena started writing in her early school days, completing Beena Kanda Russia, a travelogue, at the age of 13.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT