തടാകങ്ങളും പുൽമേടുകളും നിറഞ്ഞ സ്വപ്നഭൂമി; 'ബ്രേവ്ഹാർട്ട്' സിനിമ ലൊക്കേഷനിലൂടെ ഒരു യാത്ര
അയർലൻഡിലെ ഡബ്ളിൻ നഗരത്തിനു തെക്കുകിഴക്കുള്ള വിക്ക്ലോ മലനിരകളിലാണ് ഗ്ലന്റലോഗ് (Glendalough) എന്ന സുന്ദര ഗ്രാമം. രണ്ട് തടാകങ്ങളുടെ ഇടയിലെ താഴ്വര എന്നാണ് ഈ ഐറിഷ്-ഗേലിക് നാമത്തിന്റെ അർത്ഥം. ഹിമയുഗത്തിൽ രൂപപ്പെട്ട ഗ്ളേഷ്യർ തടാകങ്ങളും മലകളും പുൽമേടുകളും നിറഞ്ഞ സ്വപ്നഭൂമി. എഡി ആറാം നൂറ്റാണ്ടിൽ, ദ്വീപിലെ
അയർലൻഡിലെ ഡബ്ളിൻ നഗരത്തിനു തെക്കുകിഴക്കുള്ള വിക്ക്ലോ മലനിരകളിലാണ് ഗ്ലന്റലോഗ് (Glendalough) എന്ന സുന്ദര ഗ്രാമം. രണ്ട് തടാകങ്ങളുടെ ഇടയിലെ താഴ്വര എന്നാണ് ഈ ഐറിഷ്-ഗേലിക് നാമത്തിന്റെ അർത്ഥം. ഹിമയുഗത്തിൽ രൂപപ്പെട്ട ഗ്ളേഷ്യർ തടാകങ്ങളും മലകളും പുൽമേടുകളും നിറഞ്ഞ സ്വപ്നഭൂമി. എഡി ആറാം നൂറ്റാണ്ടിൽ, ദ്വീപിലെ
അയർലൻഡിലെ ഡബ്ളിൻ നഗരത്തിനു തെക്കുകിഴക്കുള്ള വിക്ക്ലോ മലനിരകളിലാണ് ഗ്ലന്റലോഗ് (Glendalough) എന്ന സുന്ദര ഗ്രാമം. രണ്ട് തടാകങ്ങളുടെ ഇടയിലെ താഴ്വര എന്നാണ് ഈ ഐറിഷ്-ഗേലിക് നാമത്തിന്റെ അർത്ഥം. ഹിമയുഗത്തിൽ രൂപപ്പെട്ട ഗ്ളേഷ്യർ തടാകങ്ങളും മലകളും പുൽമേടുകളും നിറഞ്ഞ സ്വപ്നഭൂമി. എഡി ആറാം നൂറ്റാണ്ടിൽ, ദ്വീപിലെ
അയർലൻഡിലെ ഡബ്ളിൻ നഗരത്തിനു തെക്കുകിഴക്കുള്ള വിക്ക്ലോ മലനിരകളിലാണ് ഗ്ലന്റലോഗ് (Glendalough) എന്ന സുന്ദര ഗ്രാമം. രണ്ട് തടാകങ്ങളുടെ ഇടയിലെ താഴ്വര എന്നാണ് ഈ ഐറിഷ്-ഗേലിക് നാമത്തിന്റെ അർത്ഥം. ഹിമയുഗത്തിൽ രൂപപ്പെട്ട ഗ്ളേഷ്യർ തടാകങ്ങളും മലകളും പുൽമേടുകളും നിറഞ്ഞ സ്വപ്നഭൂമി.
എഡി ആറാം നൂറ്റാണ്ടിൽ, ദ്വീപിലെ പ്രവിശ്യാ ഭരണാധികാരികളായ ലീസ്റ്റർ വംശത്തിലെ കെവിൻ എന്ന യുവാവ് ഈ മലനിരകളിൽ ഏകാന്തവാസം ആരംഭിച്ചതോടെ ഗ്ലെന്റലോഗ് മൊണസ്റ്ററിയുടെ ചരിത്രം തുടങ്ങുന്നു. അത് പിന്നീട് സന്യാസികളുടെ ഒരു സമൂഹമായും ആശ്രമ സമുച്ചയമായും വികസിച്ചു. കെവിൻ രേഖപ്പെടുത്തിയ കുറിപ്പുകളിൽ നിസ്വജീവിതത്തിന്റെ ലാളിത്യവും പ്രകൃതിയുടെ കാഠിന്യവും മനോനിയന്ത്രണം നേടാനുള്ള ചിട്ടയും വിവരിക്കുന്നു. ആ യുവസന്യാസിയുടെ കീർത്തി ദ്വീപിലെങ്ങും പരന്നു. AD 618-ൽ അന്തരിച്ച ശേഷം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. സെയിന്റ് കെവിന്റെ മരണശേഷം മറ്റു സന്യാസികൾ സ്വഛമായ ആ തടാകതീരത്ത് ദൗത്യം തുടർന്നു. പഠനത്തിലൂടെയും മനനത്തിലൂടെയും അവർ അയർലഡിന്റെ ക്രൈസ്തവ പാരമ്പര്യത്തിന് അടിത്തറയിട്ടു. പുതിയ നിർമിതികൾ ഉയർന്നു, വൈക്കിങ്-നോർമൻ പടയോട്ടങ്ങളിൽ ചിലതു തകർന്നു, അവ വീണ്ടും പണിതുയർത്തി.
വർഷം 2008, വേനൽക്കാലം
ഡബ്ലിനിൽ എംബിഎ വിദ്യാർത്ഥിയായ ഞാൻ അവധിക്കാലത്ത് ഒരുനാൾ നഗരത്തിലെ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിൽ ചെന്നു. ഉള്ളിൽ വിദേശ സഞ്ചാരികളുടെ തിരക്ക്. പ്രിയലക്ഷ്യം തേടി യൂറോപ്യൻ, കിഴക്കനേഷ്യൻ, വടക്കേ അമേരിക്കൻ ദേശക്കാർ. ഗ്ലന്റലോഗ് ടൂർ ബുക്ക് ചെയ്യാനുള്ള കൗണ്ടർ തേടി നടക്കുമ്പോഴാണ് ടൂറിസ്റ്റ് സെന്ററിന്റെ രൂപം ശ്രദ്ധിച്ചത്. ഒരു പള്ളി പോലെ, പുതുമയുള്ള ഡിസൈൻ. മെഡീവൽ സ്പർശം നിലനിർത്താനാണോ? ടൂറിസ്റ്റ് കേന്ദ്രമായി മാറ്റിയ പഴയൊരു പള്ളിയാണെന്ന് അന്വേഷണത്തിൽ അറിഞ്ഞു. നാളത്തേക്ക് യാത്ര ഉറപ്പിച്ചു. സമാഗതമായ യാത്രയുടെ ആവേശത്തിൽ അന്ന് രാത്രി കടന്നു പോയി.
പിറ്റേന്ന് പ്രഭാതത്തിൽ വീണ്ടും നഗരത്തിലെത്തി ഒരു മിനി ബസിൽ കയറി. തല നരച്ച പരിചയസമ്പന്നനായ ഡ്രൈവർ തന്നെയാണ് ഞങ്ങളുടെ ഗൈഡ്. സഹയാത്രികരായി ജർമനി, ഇറ്റലി, പോളണ്ട്, ഓസ്‌ട്രേലിയ, ജപ്പാൻ നിവാസികൾ. ഡബ്ളിൻ പിന്നിട്ട ബസ് പടിഞ്ഞാറ് മലമ്പാതയിൽ കയറി. ഗൈഡ് പഴയൊരു മിലിട്ടറി കന്റോൺമെന്റ് കാണിച്ചു തന്നു. സരസനും ജ്ഞാനിയുമാണ് അയാൾ. ചെറിയ യാത്രകളിൽ ഡ്രൈവറും ഗൈഡും ഒരളായിരിക്കും, നിലവാരമുള്ള ഗൈഡ് യാത്രയെ രസകരമാക്കും. ഈ റോഡ് യാത്ര സുഖകരമല്ല, പക്ഷേ കാഴ്ചകളിൽ വിസ്മയിക്കുമ്പോൾ സൗകര്യക്കുറവ് പ്രശ്നമല്ല. വാഹനം വിക്ക്ലോ മലയിൽ കയറി. അയർലൻഡിന്റെ പൂന്തോട്ടം എന്നാണ് ഈ പ്രദേശത്തിന്റെ വിശേഷണം. പച്ച പുതച്ച കുന്നുകൾ, മഞ്ഞണിഞ്ഞ ചരിവിൽ മേയുന്ന ചെമ്മരിയാടുകൾ, ഹിമാനി നിർമിച്ച കണ്ണാടി പോലുള്ള തടാകങ്ങൾ, അതിരിടുന്ന പാറക്കെട്ടുകൾ, പർപ്പിൾ കടൽ പോലെ ലാവൻഡർ തോട്ടങ്ങൾ, വായുവിൽ അവ വിതറിയ സൗരഭ്യം.
വഴിയിൽ ഒരിടത്ത് വണ്ടി നിർത്തി, ഡ്രൈവർ എന്നോടു ചോദിച്ചു- 'ഹേയ് ഇന്ത്യക്കാരാ, ഇടതു വശത്ത് നോക്കൂ. എന്തെങ്കിലും കാണുന്നുണ്ടോ?' അതിരു കെട്ടിയ ഒരു പാർക്ക്. ഗണപതിയുടെ ശിൽപം. ഈ മലമേട്ടിൽ അപ്രതീക്ഷിതമായ കാഴ്ച. ഓരോ യാത്രയും അദ്ഭുതങ്ങൾ കരുതി വയ്ക്കും. ഗണപതി മാത്രമല്ല ഈ തോട്ടത്തിലുള്ളത്. ശിവനുണ്ട്, ബുദ്ധനും. വിഘ്നേശ്വരന്റെ എട്ട് ശിൽപങ്ങൾ. തമിഴ്നാട്ടിലെ മഹാബലിപുരത്ത് അഞ്ച് ശിൽപികൾ ഒരു വർഷത്തിൽ പണി പൂർത്തിയാക്കിയത്. ബെർലിനിൽ ജനിച്ച വിക്ടർ ലാൻഗ്വെൽഡ് എന്ന ആത്മാന്വേഷിയാണ് ഈ പദ്ധതിയുടെ പിന്നിൽ. കുടുംബസ്വത്ത് വിക്ടറിനെ യൗവനത്തിൽ ലോകം ചുറ്റാൻ പ്രാപ്തനാക്കി. ഏഷ്യയിൽ അനേക വർഷങ്ങൾ ജീവിച്ചു - ഇന്ത്യ, ശ്രീലങ്ക, തായ്ലൻഡ്, ജപ്പാൻ. പിന്നീട് അയർലൻഡിലെത്തി വിക്ക്ലോ മലയിൽ സ്ഥലം വാങ്ങി തോട്ടം നിർമിച്ചു. പ്രവേശനം സൗജന്യം. സ്വസ്ഥമായി പ്രകൃതിയോട് ചേർന്നു ധ്യാനിക്കാൻ ആഗ്രഹമുള്ള ആർക്കും വരാം, കിഴക്കിന്റേയും പടിഞ്ഞാറിന്റേയും ആത്മീയ സംഗമം.
വീണ്ടും നീങ്ങിയ വണ്ടി കുന്നിൻ ചെരിവിൽ മറ്റൊരിടത്തു നിർത്തി. സഹയാത്രികരോടൊപ്പം ഞാൻ പുറത്തിറങ്ങി. ഓസ്‌ട്രേലിയക്കാരൻ നിക്കിനെ പരിചയപ്പെട്ടു. യാത്രയിൽ കണ്ടുമുട്ടുന്നവരുമായി സംഭാഷണം പതിവ്. അവരുടെ അനുവാദത്തോടെ ചിത്രമെടുക്കും എന്റെ ഫോട്ടോ അവരും എടുത്തു തരും. ഇരുണ്ട ഈർപ്പമുള്ള പകലിൽ സുഖകരമായ തണുപ്പ്. വേനൽച്ചൂടിനിടയിൽ ഈ ദിനങ്ങൾ ആശ്വാസം. കുന്നിൻ മുകളിൽ മൂടൽ മഞ്ഞ് പടർന്നു. പുല്ലിന്റെ അഗ്രങ്ങളിൽ ജലബാഷ്പം. ചെരിവിലൂടെ താഴേക്കിറങ്ങുന്ന സഞ്ചാരികൾ. പാറക്കെട്ടിൽ നിന്നാൽ വിശാലമായ മേട് വീക്ഷിക്കാം. താഴ്വരയിൽ ഗ്വിന്നസ് ലെയ്ക്ക് എന്നുപേരുള്ള ജലരാശി, ഐറിഷ് ജനതയുടെ വികാരമായ ഗ്വിന്നസ് ബിയറിന്റെ അതേ നിറം. ആ മദ്യ കമ്പനിക്ക് ഇവിടെ ഭൂസ്വത്തും ഉണ്ടായിരുന്നു.
നിഗൂഢമായ ഈ മലയിറമ്പ് ഹോളിവുഡ് മെഡീവൽ പിരീയഡ് സിനിമകളുടെ ഇഷ്ട വേദിയുമാണ്. മെൽ ഗിബ്സന്റെ 'ബ്രേവ് ഹാർട്ടിലെ' (1995) ചില രംഗങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഇന്നലെ രാത്രി ഞാൻ ആ സിനിമ പകുതി കണ്ടു നിർത്തിയിരിക്കയാണ്. ബാക്കി പകുതി ഈ യാത്ര തീർന്നതിനു ശേഷം ഇന്നു രാത്രി. കഥാപാത്രങ്ങൾ ഈ പകലിൽ കൂടെയുണ്ട്. പാതയിൽ സിനിമയിലെ ചേതോഹര ദൃശ്യങ്ങൾ ഓർത്തെടുക്കുന്നു. സിനിമയും സാഹിത്യവും ചരിത്രവും സംഗീതവും ആത്മാന്വേഷണവും ചേരുന്നതാണ് എന്റെ യാത്രാവഴികൾ. 'ബ്രേവ്ഹാർട്ട്' സ്കോട്ട്ലൻഡിന്റെ വീരനായകൻ വില്യം വാലസിന്റെ പോരാട്ടത്തിന്റെ കഥയാണ്. പക്ഷേ സിനിമയുടെ ഭൂരിഭാഗവും അയർലൻഡിലാണ് ചിത്രീകരിച്ചത്. ഭൂപ്രകൃതിയിൽ അത്രയേറെ സമാനത. ഒരു കടൽ വേർതിരിക്കുന്നു എങ്കിലും ഒരു കാലത്ത് അവ ഒരൊറ്റ കരയായിരുന്നു.
ഞങ്ങൾ ഗ്ലന്റലോഗിലെത്തി. ബസ് പാർക്ക് ചെയ്ത് ഗൈഡിനൊപ്പം നടക്കുമ്പോൾ താഴ്വരയുടെ ഹരിതാവരണം ശ്രദ്ധ നേടും. അന്തരീക്ഷത്തിൽ തണുപ്പ്. തെല്ലകലെ അരുവി ഒഴുകുന്ന ശബ്ദം. വിവിധ ദേശവാസികളോടൊപ്പം കാലത്തിനു പിന്നിലേക്ക് നടക്കുകയാണ് ഞാൻ. മധുകാലത്തിന്റെ ആദ്യഘട്ടത്തിൽ സ്വഗേഹത്തിന്റെ സമൃദ്ധി വെടിഞ്ഞ് ഈ കാട്ടിൽ വന്നു പാർക്കാൻ സെയിന്റ് കെവിനെ പ്രേരിപ്പിച്ചതെന്താകാം? സ്വഛത, ശാന്തത, സൗന്ദര്യം - എന്തുമാകാം. ഈ വന്യതയിലേക്കു രക്ഷപ്പെട്ട് സ്വയം കണ്ടെത്തുന്ന നഗരവാസികൾ ഇപ്പോഴുമുണ്ട്. ഒരു കഫ്റ്റേരിയയ്ക്കു സമീപം ഗൈഡ് നിന്നു. ലഞ്ച് വേണ്ടവർക്ക് അതാകാം. ഒരു കോഫി വാങ്ങി ഞാൻ കൂട്ടം വിട്ട് അരുവിക്കു ചാരെ നടന്നു. തെളിഞ്ഞ നീരുറവയിലെ ജലം താഴേക്ക് ഒഴുകുന്നു. വോക്കിങ് ടൂറിനിറങ്ങിയ ചിലരെ കണ്ടു. പഴയകാല തീർഥാടകർ നടന്ന അതേവഴി. രാത്ഡ്രം മുതൽ ബ്രേ വരെ നാലു ദിനം നീളുന്ന ഒരു യാത്രയുണ്ട്. കാടും മലയും താഴ്വരയും പുഴയും കടന്നുള്ള പ്രയാണം.
ഇടവേള കഴിഞ്ഞ് ഗൈഡ് നടക്കാൻ തുടങ്ങി, കൂടെ ഞങ്ങളും. ഗ്രാനൈറ്റിൽ നിർമിച്ച കവാടത്തിന്റെ അവശിഷ്ടങ്ങൾ കാണാം, കമാനം ഇപ്പോഴുമുണ്ട്. പരിസരത്ത് ചെറുതും വലുതുമായ ദേവാലയങ്ങൾ. സന്യാസികളുടെ പഠനമുറി, തീൻമുറി, കിടപ്പുമുറികൾ, അടുക്കള, റൗണ്ട് ടവർ, ശ്മശാനം, കെൽറ്റിക് കുരിശ്. കാത്തലിക് കുരിശിനെ ഒരു വൃത്തവുമായി കൂട്ടിച്ചേർത്താൽ കെൽറ്റിക് ക്രോസ്. ‘‘വൃത്തമെന്നാൽ സൂര്യൻ. അയർലൻഡിലെ പേഗൻ വിശ്വാസികളുടെ ഇടയിൽ ക്രിസ്തുമതം പ്രചരിപ്പിക്കാൻ സെയിന്റ് കെവിൻ മെനഞ്ഞ പദ്ധതിയാണ് ഈ കുരിശ്...’’ - ഗൈഡ് പറയുന്നു. ക്രിസ്തുവിൽ സൂര്യദേവനെ ലയിപ്പിക്കുക. അഥവാ പേഗനുകളുടെ സൂര്യദേവന് പകരം പുതിയൊരു സൂര്യനെ അവതരിപ്പിക്കുക. കെൽറ്റിക് കുരിശ് കെവിന് മുമ്പേയുണ്ട്, ഉപയോഗിക്കുന്നതിലാണ് മിടുക്ക്.
റൗണ്ട് ടവറിന്റെ അപ്പുറം ഒരു അരുവി. അതിൽ സഞ്ചാരികൾ എറിഞ്ഞ നാണയങ്ങൾ. മനസ്സിൽ ഒരാഗ്രഹം വിചാരിച്ച് സെയിന്റ് കെവിന്റെ മാധ്യസ്ഥം തേടി നാണയമിട്ടാൽ അത് നിറവേറുമത്രേ! ഗൈഡ് വാചാലനായി, പക്ഷേ അയാൾക്കതിൽ വലിയ വിശ്വാസമുണ്ടെന്നു തോന്നിയില്ല. സംസാരം നിറുത്തി ഗൈഡ് ഞങ്ങളെ സ്വതന്ത്രമായി വിട്ടു, ഓസ്‌ട്രേലിയക്കാരൻ നിക്കിനൊപ്പം ഞാൻ തടാക തീരത്തേക്കു നടന്നു. പ്രശാന്തതേ, നിന്റെ പേരാണ് സ്വർഗം! സ്വച്ഛസുന്ദരമായ വനത്തിൽ മരത്തടി പാകിയ ഒരു പാത. സംവേദനം ചെയ്യുന്ന കാടിന്റെ വിജനത, ഏകാന്തത, തണുപ്പ്. ശബ്ദങ്ങൾ. മുന്നിൽ വലിയ തടാകം. നിശ്ചലമെന്നു തോന്നുന്ന ജലം. തടാകാഗ്രത്തെ താഴിട്ടു പൂട്ടിയ പോലെ മലനിര, അതിനപ്പുറം മറ്റൊരു തടാകം. ഗ്ലന്റലോഗ് - ഇരു തടാകങ്ങളുടെ ഇടയിലെ താഴ്വര.
ഇന്നത്തെ ജലോപരിതലത്തിന് ആറടി മുകളിൽ, സ്വയം നിർമിച്ച ഒരു ഗുഹയിൽ സെയിന്റ് കെവിൻ വസിച്ചിരുന്നു എന്നാണു വിശ്വാസം. തീരത്തോട് ചേർന്നു വെള്ളമിളക്കി കര പുൽകുന്ന ഒരു നായ, തണുപ്പിനെ അതു കുടഞ്ഞെറിയുന്നു. താഴ്വരയിൽ ഇരുൾ വീഴുന്നു. ഞങ്ങൾ മടങ്ങുകയാണ്, മലമ്പാതയിലൂടെ മടക്കം. ഏഴു മണിയോടെ നഗരത്തിലെത്തി നിക്കിനോടും സഹയാത്രികരോടും യാത്ര ചൊല്ലി. ഒരൊറ്റ പകലിലെ പരിചയക്കാരെ ഇനി കാണുമെന്ന് ഉറപ്പില്ല. എവിടെ നിന്നോ വന്ന് അൽപനേരം ഒരുമിച്ച് ഞങ്ങൾ എവിടേക്കോ മറഞ്ഞു പോകുന്നു. ഇരുപത് കിലോമീറ്റർ അകലെ തീരപട്ടണമായ ബ്രേയിലെ വീടണഞ്ഞ് ആപ്പിൾ സൈഡർ നുണഞ്ഞ് 'ബ്രേവ്ഹാർട്ട്' പൂർത്തിയാക്കുമ്പോൾ ഗ്ലന്റലോഗ് വീണ്ടും മുന്നിൽ മിഴിവാർന്നു നിന്നു.