രത്നങ്ങളുടെയും കറുവപ്പട്ടയുടെയും നാട്, സുനാമി തകർത്ത കോട്ട; ലങ്ക മറ്റൊരു കേരളം
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് കപ്പലുകളെ ലങ്കൻ തീരത്തേക്ക് ആകർഷിച്ചത് ഒരു സുഗന്ധവ്യഞ്ജനമാണ്. ലങ്കൻ കറുവപ്പട്ടയുടെ മണവും സ്വാദും കടൽ കടന്നതോടെ സിലോണിലേക്ക് വിദേശികളുടെ ഒഴുക്കിനു ശക്തികൂടി. ലങ്കൻ കറുവപ്പട്ടയുടെ ഉൽപാദനസ്ഥലം യാത്രികരെ സ്വാഗതം ചെയ്യുന്നത് ചരിത്രത്തിന്റെ സുഗന്ധവുമായാണ്. ബെൻടോട്ടയിൽ
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് കപ്പലുകളെ ലങ്കൻ തീരത്തേക്ക് ആകർഷിച്ചത് ഒരു സുഗന്ധവ്യഞ്ജനമാണ്. ലങ്കൻ കറുവപ്പട്ടയുടെ മണവും സ്വാദും കടൽ കടന്നതോടെ സിലോണിലേക്ക് വിദേശികളുടെ ഒഴുക്കിനു ശക്തികൂടി. ലങ്കൻ കറുവപ്പട്ടയുടെ ഉൽപാദനസ്ഥലം യാത്രികരെ സ്വാഗതം ചെയ്യുന്നത് ചരിത്രത്തിന്റെ സുഗന്ധവുമായാണ്. ബെൻടോട്ടയിൽ
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് കപ്പലുകളെ ലങ്കൻ തീരത്തേക്ക് ആകർഷിച്ചത് ഒരു സുഗന്ധവ്യഞ്ജനമാണ്. ലങ്കൻ കറുവപ്പട്ടയുടെ മണവും സ്വാദും കടൽ കടന്നതോടെ സിലോണിലേക്ക് വിദേശികളുടെ ഒഴുക്കിനു ശക്തികൂടി. ലങ്കൻ കറുവപ്പട്ടയുടെ ഉൽപാദനസ്ഥലം യാത്രികരെ സ്വാഗതം ചെയ്യുന്നത് ചരിത്രത്തിന്റെ സുഗന്ധവുമായാണ്. ബെൻടോട്ടയിൽ
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസ് കപ്പലുകളെ ലങ്കൻ തീരത്തേക്ക് ആകർഷിച്ചത് ഒരു സുഗന്ധവ്യഞ്ജനമാണ്. ലങ്കൻ കറുവപ്പട്ടയുടെ മണവും സ്വാദും കടൽ കടന്നതോടെ സിലോണിലേക്ക് വിദേശികളുടെ ഒഴുക്കിനു ശക്തികൂടി. ലങ്കൻ കറുവപ്പട്ടയുടെ ഉൽപാദനസ്ഥലം യാത്രികരെ സ്വാഗതം ചെയ്യുന്നത് ചരിത്രത്തിന്റെ സുഗന്ധവുമായാണ്. ബെൻടോട്ടയിൽ നിന്ന് ഹംബൻതോട്ടയെന്ന തുറമുഖ നഗരത്തിലേക്കുള്ള 185 കിലോമീറ്റർ യാത്രയ്ക്കിടെ കറുവപ്പട്ടയുടെ നാടും രത്നങ്ങളുടെ വിളഭൂമിയും പിന്നെ ഗല്ലെ കോട്ടയും കാണണം. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ സിലോണിനെ അധീനതയിലാക്കിയത് ഈ സുഗന്ധവ്യഞ്ജനത്തിനു വേണ്ടിയായിരുന്നു. പിന്നീട് പതിനേഴാം നൂറ്റാണ്ടിൽ ഡച്ചുകാരും തുടർന്ന് ബ്രിട്ടിഷുകാരും സിലോൺ സിനമണിനു വേണ്ടി ലങ്കയെ കോളനിയാക്കി. ഇന്നും ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് സിലോണ്‍ സിനമൺ.
ശ്രീലങ്കയുടെ രത്നവ്യവസായത്തിനും വളരെ ദീർഘമായൊരു ചരിത്രം പറയാനുണ്ട്. യാത്രയുടെ ആദ്യഘട്ടം സിലോൺ സിനമണും രത്നക്കല്ലുകളും ഉൽപാദിപ്പിക്കുന്ന സ്ഥലത്തേക്കായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച നീലക്കല്ലുകളും പുഷ്യരാഗങ്ങളും വൈഡൂര്യങ്ങളും മറ്റു രത്നങ്ങളും ദ്വീപിൽ ഉണ്ടെന്ന് നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ ഇറ്റാലിയൻ സഞ്ചാരിയും എഴുത്തുകാരനുമായിരുന്ന മാർക്കോ പോളോ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നും ലങ്കയിൽ ഈ അമൂല്യ രത്നങ്ങൾ ഖനനം ചെയ്യുന്ന ഖനികളുണ്ട്. കല്ലുകൾ ശേഖരിക്കുന്നതു മുതൽ അവ പോളീഷ് ചെയ്ത് വിൽപനയ്ക്കു തയാറാക്കുന്ന പ്രക്രിയ വരെ ആ സന്ദർശനത്തിൽ കാണുവാൻ കഴിഞ്ഞു.
പിന്നെ പോയത് ഗല്ലെ കോട്ടിയിലേക്കാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുള്ള വാസ്തുവിദ്യാ പൈതൃക സ്മാരകമാണ് ഗല്ലെ കോട്ട. പോർച്ചുഗീസുകാർ 16-ാം നൂറ്റാണ്ടിൽ കോട്ടനഗരമായി സ്ഥാപിച്ച ഗല്ലെ, 18-ാം നൂറ്റാണ്ടിൽ ഡച്ച് കൊളോണിയൽ ഭരണത്തിൻ കീഴിലാണ് വികസനത്തിന്റെ ഉച്ചസ്ഥായിലെത്തിയത്. യൂറോപ്യൻ വാസ്തുവിദ്യയും ദക്ഷിണേഷ്യൻ വാസ്തുവിദ്യാ പാരമ്പര്യങ്ങളും ഇടകലർത്തിയ നിർമാണമാണ്. 2004 ലെ സുനാമിയിൽ ഈ കോട്ടനഗരത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും സർക്കാർ അതിന്റെ തനിമ ചോരാതെ പുനരുദ്ധാരണം ചെയ്തിട്ടുണ്ട്. ഓൾ സെയിന്റ്സ് ചർച്ച്, ന്യൂ ഓറിയന്റ് ഹോട്ടൽ, ഡച്ച് റീഫോംഡം ചർച്ച്, നാഷനൽ മാരിടൈം മ്യൂസിയം, ഓൾഡ് ഡച്ച് ഹോസ്പിറ്റൽ തുടങ്ങി നിരവധി ചരിത്രപ്രധാനമായ നിർമിതികൾ ഈ കോട്ടനഗരത്തിലുണ്ട്.
∙ ആനകളെ കണ്ട് ഉഡവാലവെ ദേശീയോദ്യാനത്തിലൂടെ ഒരു ജീപ്പ് സഫാരി
യാത്രയിലെ അടുത്ത ലക്ഷ്യം ഉഡവാലവെ ദേശീയോദ്യാനമാണ്. ദക്ഷിണ എക്സ്പ്രസ് ഹൈവേ വിട്ട് നാട്ടുവഴികളിലൂടെയായി യാത്ര. വാഹനങ്ങളും ജനങ്ങളും വളരെ കുറവ്. ശ്രീലങ്കൻ ആനകളെയും വന്യജീവികളെയും അടുത്തു കാണുവാൻ കഴിയുന്ന അപൂർവാവസരമാണ് ഉഡവാലവെ ദേശീയോദ്യാനം നൽകുന്നത്. 30,821 ഹെക്ടർ (119 ചതുരശ്ര മൈൽ) വിസ്തൃതിയുണ്ട് ഉഡവാലവെ ദേശീയോദ്യാനത്തിന്. ശ്രീലങ്കയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മൂന്നാമത്തെ ദേശീയോദ്യാനമാണിത്. വ്യത്യസ്ത ഇനം ജീവികള്‍ ധാരാളമായി ഉണ്ടെങ്കിലും ആനകളാണ് പ്രധാന കാഴ്ച. 94 ഇനങ്ങളിലുള്ള സസ്യങ്ങൾ, വ്യത്യസ്ത വർഗങ്ങളിലുള്ള നാൽപത്തിമൂന്നോളം സസ്തനികൾ, വിവിധ വർഗങ്ങളിലുള്ള 184 ഇനം പക്ഷികൾ, 12 ഇനം ഉഭയജീവികൾ, 33 വംശങ്ങളിലുള്ള ഉരഗങ്ങൾ, 21 ഇനം മത്സ്യങ്ങൾ എന്നിവ ഈ ഉദ്യാനത്തിൽ കാണപ്പെടുന്നു.
∙ സുനാമി തകർത്ത ഹംബൻതോട്ട
ദക്ഷിണ ശ്രീലങ്കയിലെ ഒരു പ്രധാന പട്ടണമാണ് ഹംബൻതോട്ട. 2004 ലെ സുനാമി ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണിത്. ആയിരക്കണക്കിന് ആളുകളാണ് അന്നു മരിച്ചത്. ഹംബൻതോട്ടയിൽ സുനാമിത്തിരകൾ വിഴുങ്ങിയ ഒരു ട്രെയിനിന്റെ ബോഗികൾ കിലോമീറ്ററുകൾക്ക് അപ്പുറത്തുനിന്നാണ് കണ്ടെത്തിയത്. അതിലെ മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടിരുന്നു. ചൈനയുടെ സാമ്പത്തിക സഹായത്തോടെ ശ്രീലങ്ക നിർമിച്ച ഹംബൻതോട്ട തുറമുഖം കുറേക്കാലം മുൻപ് വാർത്തകളിൽ നിറഞ്ഞത് ചൈനയുടെ ‘സാമ്പത്തികക്കെണി’ നീക്കങ്ങളുമായി ബന്ധപ്പെട്ടാണ്.കൊളംബോ കഴിഞ്ഞാൽ ലങ്കയിലെ ഏറ്റവും വലിയ നഗരമായി വളരാൻ ഒരുങ്ങുകയാണ് ഈ തീരപ്രദേശം.
∙ എക്സ്പ്രസ് വേയിലൂടെ കൊളംബോയിലേക്ക്
ഹംബൻതോട്ടയിലെ കാഴ്ചകളും ശ്രീലങ്കയിലെ ഏറ്റവും മനോഹരമായ ഹോട്ടലുകളിലൊന്നായ ഷാംഗ്രി-ല യിലെ താമസത്തിനും ശേഷം തിരികെ കൊളംബോയിലേക്കാണ് യാത്ര. ഹംബൻതോട്ടയിലെ ഷാംഗ്രി–ലയിൽ നിന്ന് കൊളംബോയിലേക്ക് 230 കിലോമീറ്റർ ദൂരമുണ്ട്. ദക്ഷിണ എക്സ്പ്രസ് വേയിലൂടെയുള്ള യാത്ര അതിസുന്ദരം തന്നെയാണ്. ആഭ്യന്തര യുദ്ധത്തിലും സാമ്പത്തിക പ്രതിസന്ധികളിലും വലയുകയാണെങ്കിലും ലങ്കയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അദ്ഭുതപ്പെടുത്തും. നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം ഒരുപോലെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
∙ പോർട്ട് സിറ്റി കൊളംബോ
ശ്രീലങ്കയുടെ വികസനസ്വപ്നമാണ് പോർട്ട് സിറ്റി. ഗോൾഫേസ് ബീച്ചിന് അഭിമുഖമായി 269 ഏക്കർ കടൽ നികത്തിയെടുത്ത ഭൂമിയിലാണ് ഈ സിറ്റി നിർമിക്കുന്നത്. ശ്രീലങ്കയിലെ ഏകകൃത്രിമ ബീച്ചും പോർട്ട്സിറ്റിയിലുണ്ട്. ശ്രീലങ്കയുടെ ഭാവി വികസനങ്ങൾ ലക്ഷ്യമിട്ട് നിർമിക്കുന്ന ഈ പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനായി നിരവധി കാര്യങ്ങൾ ലങ്കൻ സർക്കാർ ചെയ്യുന്നുണ്ട്. പോർട്ട് സിറ്റിയെ ഒരു ട്രാൻസിറ്റ് ഹബായി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
∙ കൊളംബോ; ശ്രീലങ്കയുടെ ഹൃദയം
അംബരചുംബികളുടെ എണ്ണംകൊണ്ടും ജനസംഖ്യ കൊണ്ടും ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരമാണ് കൊളംബോ. പലകാലങ്ങളായി ശ്രീലങ്കയെ അധീനതയിലാക്കിയ ഡച്ച്, പോർച്ചുഗീസ്, ബ്രിട്ടിഷ് പൈതൃകങ്ങളുടെ ശേഷിപ്പുകൾ കാണാം കൊളംബോയിൽ. ബുദ്ധ ക്ഷേത്രങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ, പുരാതന ക്ഷേത്രങ്ങൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, പ്രാദേശിക ഭക്ഷണശാലകൾ എന്നിവയാൽ ചെറു യൂറോപ്യൻ പട്ടണത്തിന്റെ ഛായയുണ്ട് ഈ നഗരത്തിന്. ഡച്ച് മ്യൂസിയത്തിലും ഇൻഡിപെൻഡൻസ് സ്‌ക്വയറിലും ശ്രീലങ്കയുടെ കൊളോണിയൽ ഭൂതകാലം കാണാമെങ്കിൽ കൊളംബോ നാഷനൽ മ്യൂസിയമാകട്ടെ ഈ ദ്വീപ് രാജ്യത്തിന്റെ ചരിത്രവും പൈതൃകവും പറഞ്ഞു തരും.
ശ്രീലങ്കൻ സ്വാതന്ത്ര്യത്തിന്റെ ചരിത്രം പേറുന്ന സ്മാരകമായ ഇൻഡിപെൻഡൻസ് ഹാൾ കൊളംബോയിലെ പ്രധാന കാഴ്ചകളിലൊന്നാണ്. 1948 ഫെബ്രുവരി 4 ന് തിരഞ്ഞെടുപ്പിലൂടെ പൂർണ ഭരണാധികാരം പുനഃസ്ഥാപിക്കുകയും ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തതിന്റെ സ്മരണയ്ക്കായാണ് ഇത് നിർമിച്ചത്. കൊളംബോയിലെ സിനമൺ ഗാർഡനിലുള്ള ഇൻഡിപെൻഡൻസ് സ്ക്വയറിലാണ് സ്വാതന്ത്ര്യ സ്മാരക മ്യൂസിയവും സ്ഥിതി ചെയ്യുന്നത്. സ്മാരകത്തിന്റെ മുന്നിൽ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായ ആർട്ടി. ഹോൺ. ഡോൺ സ്റ്റീഫൻ സേനാനായകെയുടെ പ്രതിമയുമുണ്ട്.
മലയാളികൾക്ക് ഗൃഹാതുരത്വം തുളുമ്പുന്ന ഓർമകൾ സമ്മാനിക്കുന്ന റേഡിയോ സിലോണിന്റെ ഓഫിസ് ഇൻഡിപെൻഡൻസ് ഹാളിന് സമീപമാണ്. ബിബിസി റേഡിയോ ആരംഭിച്ച് 3 വർഷങ്ങൾക്കു ശേഷം 1925 ൽ തുടക്കമിട്ട സിലോൺ റേഡിയോ ആണ് ഏഷ്യയിലെ ആദ്യ നിലയം. പണ്ടു മലയാളം പാട്ടുകൾ കേൾക്കാൻ മലയാളികൾ ഏറ്റവുമധികം ട്യൂൺ ചെയ്തിരുന്നതും സിലോൺ റേഡിയോ ആയിരുന്നു. നാലുമണി സമയത്ത് മലയാളം പാട്ടുകൾ പ്രക്ഷേപണം ചെയ്യുമായിരുന്നു. ''ഇത് ശ്രീലങ്കാ പ്രക്ഷേപണ നിലയം, ഇപ്പോൾ സമയം മൂന്നു മണി മുപ്പതു നിമിഷം''. 1970–80 കാലഘട്ടത്തിൽ റേഡിയോ സിലോണിൽ നിന്ന് കേട്ടിരുന്ന ഈ അനൗൺസ്മെന്റിന് കാതോർക്കാത്ത മലയാളികൾ കുറവ്. ഒരു മണിക്കൂറോളം മലയാളം പാട്ടുകൾക്കായി അന്നു മാറ്റി വയ്ക്കപ്പെട്ടിരുന്നു.
ഇതു കൂടാതെ കൊളംബോയിൽ ഏറെ ചരിത്ര സ്മാരകങ്ങളുണ്ട്. റെഡ് മോസ്ക് എന്നറിയപ്പെടുന്ന ജാമി ഉൽ-അൽഫർ മസ്ജിദ്, ബുദ്ധക്ഷേത്രമായ ഗംഗാരാമയ ക്ഷേത്രം, ശ്രീ മണിക വിനായഗർ കോവിൽ എന്ന ഹൈന്ദവ ക്ഷേത്രം, ഈസ്റ്റർ ദിനത്തിൽ ആക്രമണം നടന് സെന്റ് ആന്റണീസ് ദേവാലയം എന്നിവയെല്ലാം അടുത്തടുത്തായി കാണാം. ബെയ്‌റ തടാകത്തിലെ ബോട്ട് സവാരിയും കൊളംബോയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പാർക്കായ വിഹാരമഹാദേവി പാർക്കും ആ യാത്രയിലെ അവിസ്മരണീയ അനുഭവങ്ങളാണ്. ശ്രീലങ്കയിലെ ഏറ്റവും ഉയരമുള്ള കൊളംബോ ലോട്ടസ് ടവറിനു മുകളിൽ നിന്ന് 350 അടി ഉയരത്തിൽ നഗരം മുഴുവനായി ആസ്വദിക്കാമെന്നതും മികച്ചൊരു അനുഭവം തന്നെയാണ് നൽകുന്നത്.
ദക്ഷിണേന്ത്യക്കാർക്ക് പ്രത്യേകിച്ചും കേരളത്തിലും തമിഴ്നാട്ടിലുമുള്ള ആളുകൾക്ക് ഏളുപ്പം എത്തിപ്പെടാവുന്ന വിദേശരാജ്യമാണ് ശ്രീലങ്ക. കാഴ്ചകളില്‍ കേരളത്തിന് സമാനമെങ്കിലും ജനങ്ങളുടെ ആതിഥ്യമര്യാദയും സ്ഥലങ്ങളുടെ വൃത്തിയും ഏതൊരു യൂറോപ്യൻ രാജ്യവുമായും കിടപിടിക്കും. ഒരു ഇന്ത്യൻ രൂപയ്ക്ക് 3.5 ശ്രീലങ്കൻ രൂപ ലഭിക്കുമെന്നതാണ് പ്ലസ് പോയിന്റ് (സാധനങ്ങളുടെ വില അതിന് അനുസരിച്ച് കൂടുതലുമാണ്). അത്ര ചീപ്പ് അല്ലെങ്കിലും പോക്കറ്റ് കാലിയാകാതെ പോയി മടങ്ങാവുന്ന വിദേശ രാജ്യമാണ് ശ്രീലങ്ക.