ADVERTISEMENT

പേർഷ്യൻ ഗൾഫിന്റെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന മുപ്പതിലധികം ദ്വീപുകൾ ഉൾക്കൊള്ളുന്ന ചെറുതെങ്കിലും ചരിത്രപ്രധാമായ ഒരു രാജ്യമാണ് കിങ്ഡം ഓഫ് ബഹ്‌റൈൻ. അറബ് രാജ്യങ്ങളിൽ വച്ച് കൂടുതൽ സ്വതന്ത്രമായ സാമൂഹിക ഘടനയുള്ള ഇവിടം എഴുപതുകൾ വരെ ബ്രിട്ടീഷ് അധീനതയിലായിരുന്നു. നാലായിരത്തിലധികം വർഷത്തെ സമ്പന്നമായ ചരിത്രമുള്ള പ്രദേശമായ ബഹ്റൈന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ പ്രധാന ചരിത്രസ്മാരകങ്ങളായ ഖലാത്ത് അൽ ബഹ്‌റൈൻ കോട്ടയും അറാദ്‌ കോട്ടയും സന്ദര്‍ശിച്ച വിശേഷങ്ങൾ നോക്കാം. 

arad-fort-bahrain-2

കേരളത്തിലേക്കുള്ള യാത്രാമധ്യേ രണ്ട് ദിവസത്തേക്കാണ് ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ എത്തിയത്. കുറച്ച് ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെയുണ്ടായിരുന്നു. അവരുടെ സ്നേഹപൂർവ്വമായ ഉപചാരങ്ങൾക്ക് ശേഷം കാഴ്ചകൾക്കായി സുഹൃത്തുക്കളായ ഷഹീനും നിഷാദുമൊത്താണ് ഇറങ്ങിയത്. എന്നെപ്പോലെതന്നെ യാത്രാപ്രേമികളായ ഷഹീനെയും ഭാര്യ ഷാനിയെയും ഒരു യാത്രാവേളയിലാണ് പരിചയപ്പെട്ടത്, ആ സൗഹൃദം ഇപ്പോഴും യാത്രാവിശേഷങ്ങൾ പരസ്പരം പങ്കുവച്ച് തുടരുന്നു. ബഹ്‌റൈനിൽ എത്തുന്നു എന്ന് അറിയിച്ചപ്പോൾ തന്നെ ഷഹീൻ തന്റെ സുഹൃത്തിനൊപ്പം സന്തോഷപൂർവ്വം എന്നെ ഇവിടുത്തെ പ്രധാന സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. 

arad-fort-bahrain-3

ചരിത്രാതീതകാലം മുതൽക്കേ മനുഷ്യവാസമുണ്ടായിരുന്ന പ്രദേശമായ ബഹ്റൈൻ കേരളത്തിലെ ഒരു ജില്ലയുടെ മാത്രം വലുപ്പമുള്ള ഒരു കൊച്ചു രാജ്യമാണ്. 'രണ്ട് കടലുകൾ' എന്നാണ് ബഹ്റൈൻ എന്ന വാക്കിന്റെ അർഥം. സൗദി അറേബ്യയും ഖത്തറുമാണ് ബഹ്റൈന്റെ അയൽ രാജ്യങ്ങൾ. സൗദിയിലേക്ക് കോസ്‌വേ പാലം വഴി ബഹ്റൈനെ ബന്ധിപ്പിച്ചിട്ടുണ്ട്, ഖത്തറിലേക്കുള്ള പാലംപണി നടക്കുന്നു. പെട്രോളിയമാണ് ബഹ്‌റൈനിലെ പ്രധാന വരുമാനമാർഗ്ഗമെങ്കിലും ഇപ്പോൾ ടൂറിസവും കൂടാതെ സൗദിയിൽ നിന്നുള്ള സഹായവും അവർക്കു ലഭിക്കുന്നുണ്ട്‌. 1930-കളിൽ എണ്ണ നിക്ഷേപം ആദ്യം കണ്ടെത്തിയതിനാൽ ഗൾഫ് രാജ്യങ്ങൾക്കിടയിൽ  വികസനം ആദ്യം എത്തിയ ഒരു പ്രദേശമാണ് ഇവിടം. മലയാളികൾ ഉൾപ്പെടെ ധാരാളം ഇന്ത്യക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വിനോദസഞ്ചാരികൾക്ക്‌ വേണ്ടുന്ന വിഭവങ്ങളെല്ലാം ഈ കൊച്ചു ദ്വീപിലുണ്ട് എന്നത് ഇവിടുത്തെ ഒരു പ്രത്യേകതയാണ്. ആഘോഷങ്ങൾക്കും വർണ്ണാഭമായ ആചാരങ്ങൾക്കും വലിയ സ്ഥാനമാണിവിടുള്ളത്. നിരവധി രാജ്യാന്തര പ്രാദേശിക ഹോട്ടലുകളും റസ്റ്ററന്റുകളും സന്ദർശകരെ വരവേൽക്കുന്നു. അനേകം സൗദി വംശജരെ ഇവിടെ കാണാനിടയായി, തങ്ങളുടെ അവധി ദിവസങ്ങൾ ആഘോഷിക്കാൻ ഇവിടെയാണവർ എത്തുന്നത് എന്ന് ഷഹീൻ പറഞ്ഞു.

arad-fort-bahrain-4

3,500 ൽ പരം വർഷങ്ങൾ പഴക്കമുണ്ടെന്നു കരുതപ്പെടുന്ന ഖലാത്ത് അൽ ബഹ്‌റൈൻ എന്നും പോർച്ചുഗീസ് കോട്ട എന്നും അറിയപ്പെടുന്ന ബഹ്‌റൈൻ ഫോർട്ടായിരുന്നു ഞങ്ങളുടെ ആദ്യ ലക്ഷ്യം. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നിന്നും ഏകദേശം ആറ് കിലോമീറ്റർ അകലെ കർബാബാദ് കടൽത്തീരത്തായി സമുദ്രനിരപ്പിൽ നിന്നും 12 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചുറ്റും കിടങ്ങുകളോടു കൂടിയ ഒരു പുരാതന കോട്ടയാണിത്. ഏകദേശം 17.5 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ കോട്ടയുടെ ഭൂരിഭാഗവും നശിച്ചു കഴിഞ്ഞു, വളരെ ചെറിയ ഒരു ഭാഗം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. എങ്കിലും കാലം വരുത്തിവച്ച പരിക്കുകളെ അതിജീവിച്ച്‌ ഇപ്പോഴും തല ഉയർത്തി ബഹ്‌റൈൻ കോട്ട നിലകൊള്ളുന്നു, സമീപത്തായി ബഹ്‌റൈനികളുടെ പുരാതന സംസ്കാരം വിളിച്ചോതുന്ന ചെറുപട്ടണത്തിന്റെ അവശേഷിപ്പുകളുമുണ്ട്. 2005 ൽ യുനസ്കോ ഈ കോട്ടയെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും  കോട്ടയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.  വാഹനം പാർക്ക് ചെയ്ത് ഞങ്ങൾ കോട്ടയുടെ സമീപത്തേക്ക് നടന്നു. ധാരാളം വിനോദസഞ്ചാരികളെ ഇവിടെ കാണാൻ സാധിച്ചു, യൂറോപ്പിൽ നിന്നും ചൈനയിൽ നിന്നുമൊക്കെയുള്ള ചരിത്രസ്നേഹികളായ സഞ്ചാരികൾ. 

arad-fort-bahrain-5

ബഹ്‌റൈൻ, കുവൈത്ത്, കിഴക്കൻ സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട  നാഗരികതയുടെ തലസ്ഥാനവും പ്രധാന വാണിജ്യ തുറമുഖവുമായിരുന്നു ഈ കോട്ട ഉൾപ്പെടുന്ന പ്രദേശമായ ദിൽമുൻ. ബി സി 4000 മുതൽ ബി സി 800 വരെ ഒരു പ്രധാന വ്യാപാരകേന്ദ്രമായിരുന്നു ദിൽമുൻ. പ്രതാപകാലത്ത് പേർഷ്യൻ ഗൾഫിലെ വ്യാപാരപാത നിയന്ത്രിച്ചിരുന്നത് ദിൽമുൻ നഗരമായിരുന്നു. മെസോപ്പൊട്ടേമിയ - ഇൻഡസ് വാലി കച്ചവട പാതയിലെ ഒരു ഇടത്താവളം കൂടെയായിരുന്നു ഇവിടം.  മെസപ്പൊട്ടോമിയയില്‍ നിന്ന് സുമേറിയക്കാര്‍ ബഹ്‌റൈനിലേക്ക് കടല്‍ കടന്നുവന്നു. 1365 - 1050 ബി സിയിൽ  മദ്ധ്യഅസീറിയൻ സാമ്രാജ്യം ദിൽമുൻ ആക്രമിച്ച് കീഴടക്കുകയും തുടർന്ന് 1000 - 800 ബി സിയിൽ കടൽകൊള്ളക്കാരുടെ തുടർച്ചയായ ആക്രമണങ്ങൾ നിമിത്തം ദില്‍മുനിന്‍റെ സാമ്പത്തിക അധീശത്വം ക്രമേണ ക്ഷയിക്കുകയും ചെയ്തു. ഇതോടൊപ്പം നിയോ അസ്സീറിയൻ സാമ്രാജ്യം, നിയോ ബാബിലോണിയൻ സാമ്രാജ്യം, അക്കേമേനേഡ് സാമ്രാജ്യം എന്നിവരും ദിൽമുൻ കീഴടക്കിയിട്ടുണ്ട്. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ നാവിക സേന ഈ ദ്വീപിനെത്തേടിയെത്തി. പിന്നെയവര്‍ തിരിച്ചു പോയില്ല. അലക്‌സാണ്ടറുടെ സൈന്യം ഈ ദ്വീപിനെ ടൈലോസ് എന്നു വിളിച്ചു. പുതിയ ചില പഠനങ്ങൾ പ്രകാരം സുമേറിയക്കാരുടെ പൂർവ്വിക സ്ഥലവും ദേവന്മാരുടെ സംഗമസ്ഥാനവും ആയിരുന്നത്രേ ദിൽമുൻ. ഏകദേശം 3500 വർഷങ്ങൾക്ക് മുൻപാണ് ആദ്യത്തെ ബഹ്‌റൈൻ കോട്ട നിർമിച്ചതെങ്കിലും ഇന്ന് കാണുന്ന കോട്ട AD ആറാം നൂറ്റാണ്ടിൽ നിർമിച്ചതാണ്. അതിനുശേഷം തുടർച്ചയായ കടൽക്ഷോഭങ്ങളിലും മറ്റും മണൽ കയറി ഈ നഗരം പൂർണമായും മൂടപ്പെടുകയായിരുന്നു. 1954 നും 1972 നും ഇടയിൽ ജെഫ്റി ബിബ്ബി എന്ന ഡാനിഷ് പുരാവസ്തു ഗവേഷകന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ ആദ്യമായി ഖനനം നടത്തിയത്‌. പുരാതന കാലങ്ങളിലെ ഒരുപാട് അവശേഷിപ്പുകൾ അവർ ഇവിടെനിന്നും ഖനനം ചെയ്തിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും സമീപം തന്നെയുള്ള ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള പുരാവസ്തുശേഷിപ്പുകൾ അവിടെ കാണാം. ബഹ്‌റൈന്‍ എന്ന രാജ്യത്തിന്‍റെ പൈതൃകത്തിന്‍റെയും ചരിത്രത്തിന്റെയും സംരക്ഷണത്തിനായുള്ള പരിശ്രമങ്ങളുടെ നേട്ടം കൂടിയാണ് ആ മ്യൂസിയം. 

arad-fort-bahrain-6

ഇരുമ്പു കൊണ്ട് ജീവിതത്തെ പാകപ്പെടുത്തിയെടുത്ത ദിൽമുൻ നാഗരികത, പഴയകാലത്തിന്റെ പ്രൗഢിയാണ് പുതിയ കാലത്തോട് പറയുന്നത്. പഴയകാലത്തെ ഗ്രീക്ക് നഗരങ്ങള്‍ക്ക് തുല്യമായിരുന്നുവത്രെ ദിൽമുനിന്‍റെ രൂപഘടന. ഉയരമുള്ള മതിലുകളും സുന്ദരമായ ചിത്രങ്ങള്‍ കൊത്തിവച്ച ചുമരുകളും അതിനുണ്ടായിരുന്നു. ബാബിലോണിയൻ, സുമേറിയൻ പുരാണങ്ങളിലെ പുരാതന ജലദേവനായ എൻകിയെ (Enki) ഇവർ ആരാധിച്ചിരുന്നു. വെളളത്തില്‍ മുക്കിവച്ച എന്‍കിയായിരുന്നു ദില്‍മുനിന്‍റെ ദൈവം. പടികള്‍ ഇറങ്ങി ഒരു മുറിയില്‍ ശുദ്ധജലം ലഭിച്ചിരുന്ന കിണര്‍ കാണാം, അത് ചില്ലിട്ട് പരിപാലിച്ചിരിക്കുന്നു. ദൈവത്തിനായി കന്നുകാലികളെ ബലിയര്‍പ്പിച്ചതിന്റെ അവശിഷ്ടങ്ങളും ഇവിടെനിന്ന് കണ്ടെടുത്ത പുരാവസ്തുക്കളിലുണ്ട്. ഇന്ത്യയുമായി മാത്രമല്ല, പഴയകാല നാഗരികതകളായ ഒമാനിലെ എല്‍മ, സിറിയയിലെ അല്‍ബ, തുര്‍ക്കിയിലെ ഹയ്ത്തന്‍ എന്നിവയുമായി ദിൽമുനിന് വാണിജ്യബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദിൽമുൻ കാലത്തെ മറ്റു സമൂഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ മതാത്മകമായ സമൂഹമായിരുന്നുവത്രെ അവർ. ദിൽമുനിന് ശേഷം ബഹ്‌റൈൻ നിരവധി പോരാട്ടങ്ങള്‍ കണ്ടു. പിന്നീടങ്ങോട്ട് ബഹ്‌റൈന്‍റെ പഴയകാല ചരിത്രങ്ങളില്‍ ഇന്ത്യയില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും ചരക്കുകളുമായി തീരത്തണയുന്ന യാനങ്ങളെയും കുതിരയെപ്പൂട്ടിയ വണ്ടികളെയും കുറിച്ച് പറയുന്നുണ്ട്.

arad-fort-bahrain-7

കോട്ടയുടെ തന്ത്രപ്രധാനമായ സ്ഥാനം പുരാതന കാലത്തുടനീളം ഒരു പ്രധാന വ്യാപാര സാംസ്കാരിക കേന്ദ്രമാക്കി മാറ്റി. ദിൽമുൻ മുതൽ ഇസ്ലാമിക കാലഘട്ടം വരെ, ബഹ്‌റൈൻ കോട്ട നിരവധി നാഗരികതകളുടെ ഉയർച്ചയ്ക്കും തകർച്ചയ്ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചരിത്ര പുരാവസ്തുക്കളുടെയും വാസ്തുവിദ്യാ വിസ്മയങ്ങളുടെയും അവശേഷിപ്പാണ് ഇവിടം. ബഹ്‌റൈൻ കോട്ടയുടെ വാസ്തുവിദ്യ പുരാതന സാങ്കേതിക വിദ്യകളുടെയും നൂതന എഞ്ചിനീയറിംഗിന്‍റെയും സമന്വയം കാണിക്കുന്നു. 16 ആം നൂറ്റാണ്ടിൽ ബഹ്‌റൈൻ പോർച്ചുഗീസുകാരുടെ അധീനതയിൽ ആയിരുന്നപ്പോൾ അവർ ചില അറ്റകുറ്റപ്പണികൾ നടത്തി ഒരു സംരക്ഷണ  കോട്ടയായി ഇതിനെ ഉപയോഗിച്ചതിനാലാണ് 'പോർച്ചുഗീസ് കോട്ട' എന്ന് ഇത് അറിയപ്പെടാനിടയായത്.  കൂറ്റൻ ശിലാമതിലുകൾ, ഗോപുരങ്ങൾ, പടിക്കെട്ടുകൾ, വാതിലുകൾ, നിലവറകൾ,  താമസ ഇടങ്ങൾ, പൊതു ഇടങ്ങൾ, പ്രതിരോധ കോട്ടകൾ എന്നിവയുൾപ്പെടെയുള്ള ഘടനകളുടെ സങ്കീർണ്ണമായ വിശദാംശങ്ങൾ എല്ലാം ഞങ്ങൾ നടന്നു കണ്ടു. നിർമാണത്തിൽ പവിഴക്കല്ലും ചുണ്ണാമ്പും ഉപയോഗിച്ചത് കോട്ടയുടെ സവിശേഷമായ ചാരുത വർധിപ്പിക്കുന്നു. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സൂചനാ ബോർഡുകളിൽ കാഴ്ചകൾ എല്ലാം വിശദീകരിച്ചിരിക്കുന്നു.  കത്തുന്ന സൂര്യന്റെ ചൂട്  ഞങ്ങളെ കുറച്ച് തളർത്തിയെങ്കിലും ഞങ്ങൾ കോട്ട മുഴുവൻ കണ്ട് തീർക്കുന്നതുവരെ പിന്മാറിയില്ല. 

arad-fort-bahrain-8

അടുത്തതായി മനാമയ്ക്ക് സമീപമുള്ള മുഹറഖ് ദ്വീപിലെ അറാദ്‌ ഫോര്‍ട്ട്‌ കൂടെ സന്ദര്‍ശിക്കാൻ ആണ് ഞങ്ങള്‍ ഇനി പോകുന്നത്. ബഹ്റൈന്‍റെ ചരിത്രത്തോടൊപ്പം ചേര്‍ത്ത് വായിക്കേണ്ട ഈ കോട്ട പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായാണ് നിർമ്മിച്ചത്. അതായത് പോര്‍ച്ചുഗീസ് അധിനിവേശത്തിനും മുൻപ്. പ്രതിരോധ ആവശ്യത്തിന് വേണ്ടി തന്നെയാണ് ഇതും നിർമിച്ചിരിക്കുന്നത്. ആ കാലത്തെ യുദ്ധങ്ങളിലും മറ്റും ഒരു നിര്‍ണായകമായ സ്ഥാനം ഈ കോട്ടയ്ക്കും ഉണ്ടായിരുന്നു. ഖലീഫ ഭരണം വരുന്നതിന്‌ മുമ്പ് പല അധിനിവേശങ്ങളും നാട്ടുയുദ്ധങ്ങളും ഇവിടെയും നടന്നിരുന്നു എന്ന് രേഖകളില്‍ കാണപ്പെടുന്നുണ്ട്. തനിമ നഷ്ടപ്പെടാതെ പുതുക്കി പണിത അറാദ്‌ കോട്ടയുടെ ഉള്ളറകള്‍ ഞങ്ങളെ വിസ്മയിപ്പിച്ചു. കോട്ടയ്ക്കു മുകളിലൂടെയെല്ലാം ഞങ്ങൾ നടന്നു. ഇവിടുത്തെ ചരിത്രസത്യങ്ങള്‍ അറിയാനും പഠിക്കാനും സന്ദർശകർക്കായി ഇവിടെ ഒരു വിവരങ്ങളും ലഭ്യമാകുന്നില്ല എന്നത് നിരാശപ്പെടുത്തി. അതേസമയം ഇവയെല്ലാം സൂക്ഷ്മമായ് പരിപാലിക്കുന്ന കാര്യത്തില്‍ ഇവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. സമീപമായുള്ള കടലിലെ ചതുപ്പ് നിറഞ്ഞ പ്രദേശത്തെ കണ്ടൽക്കാടുകളിൽ  ദേശാടനപ്പക്ഷികൾ പറന്നുവരുന്ന കാഴ്ചയും കണ്ടതിന് ശേഷം ഞങ്ങൾ അറാദ് കോട്ടയോട് വിടപറഞ്ഞു. തിരികെ മനാമയിലേക്ക്.

Bahrain-Fort-7201
സിബി, ഷഹീൻ, നിഷാദ്

അറേബ്യൻ ഗൾഫിലെ ഏറ്റവും പഴക്കം ചെന്ന പുരാവസ്തു കേന്ദ്രങ്ങളായ ബഹ്‌റൈൻ കോട്ടയും അറാദ് കോട്ടയും സന്ദർശിച്ചത് ഓരോ യാത്രയും വഴിതെളിക്കുന്നത് പുതിയ അനുഭവങ്ങളിലേക്കാണെന്ന് ഒരിക്കൽകൂടി തിരിച്ചറിഞ്ഞു. പ്രത്യേകിച്ച് അത് സമാനമനസ്കരോട് കൂടിയാകുമ്പോൾ!. നെഞ്ചോട് ചേർത്തുവയ്ക്കാൻ ഒരുപിടി നല്ല ഓർമകളും  നല്ല യാത്രയുടെ മാധുര്യവും ബഹ്‌റൈന്‍റെ ചരിത്രപരമായ ഈ കാഴ്ചകള്‍ നല്‍കി.

English Summary:

Journey through time exploring the ancient Bahrain Fort & Arad Fort in Bahrain. Discover the Dilmun civilization, Portuguese influence, and rich history of this Persian Gulf gem.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com