നീലംപേരൂർ പൂരംപടയണിയുടെ പതിനാറു നാളുകളിലെ ഓരോ ചടങ്ങും പ്രകൃതി വിഭവങ്ങൾ കൊണ്ടുമാത്രമാണ് നടത്തുന്നത്.
പൂരം പടയണിയെ നാല് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു.
ഒന്നാംദിവസം മുതൽ നാലാം ദിവസം വരെ നീണ്ടുനിൽക്കുന്നതാണ് ഒന്നാംഘട്ടം. ഈ ദിവസങ്ങളിൽ ചൂട്ടുപടയണിയാണ് നടത്തുന്നത്.
അഞ്ചാം ദിവസം മുതൽ എട്ടാം ദിവസം വരെ രണ്ടാം ഘട്ടം. അഞ്ചാം ദിവസം മുതൽ ‘പൂമരങ്ങളും’ ‘പൂക്കുടകളും’ പടയണിക്കളത്തിലെത്തുന്നു.
ഒൻപതാം ദിവസം മുതൽ പന്ത്രണ്ടാം ദിവസംവരെ നീളുന്നതാണ് മൂന്നാം ഘട്ടം. ഈ സമയത്ത് പ്ലാവിലക്കോലങ്ങളാണു പടയണിക്കളത്തിലെത്തുന്നത്.
പതിമൂന്നാം ദിവസം മുതൽ പതിനാറാം ദിവസം വരെ നീണ്ടുനിൽക്കുന്നതാണ് നാലാംഘട്ടം. പിണ്ടി, കുരുത്തോല എന്നിവ ഉപയോഗിച്ചുള്ള കോലങ്ങളും കെട്ടുകാഴ്ചകളുമാണ് ഈ ഘട്ടത്തിൽ പടയണിക്കളത്തിലെത്തുന്നത്.
അവസാനദിവസം പൂരംപടയണിയുടെ ഏറ്റവും ആകർഷകമായ കെട്ടുകാഴ്ചയായ ‘വലിയന്നം’, വഴിപാടന്നങ്ങളായ ‘ചെറിയ അന്നങ്ങൾ’, ഭിമൻ, നാഗയക്ഷി, രാവണൻ, ആന, സിംഹം തുടങ്ങിയവ ദേവിക്കുമുമ്പിൽ എഴുന്നള്ളിക്കുന്നു.