1918 ജൂലൈ 18ന് ദക്ഷിണാഫ്രിക്കയിലെ കേപ് പ്രവിശ്യയിലെ എംവെസോയിലാണു നെൽസൺ മണ്ടേല ജനിച്ചത്. മുഴുവൻപേര് നെൽസൺ റോലിഹ്‌ലാല മണ്ടേല. നിയമവിദ്യാഭ്യാസത്തിനുശേഷം ജൊഹാനസ്ബർഗിലായിരിക്കെ ആഫ്രിക്കൻ നേഷൻസ് കോൺഗ്രസിൽ (എഎൻസി) ചേർന്ന് രാഷ്ട്രീയരംഗത്തു സജീവമായി
1962ൽ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു എന്ന കേസിൽ അറസ്റ്റിലായി. റിവോണിയ ട്രയൽ എന്നു കുപ്രസിദ്ധമായ വിചാരണയെത്തുടർന്നു മണ്ടേലയ്ക്കു ലഭിച്ചതു ജീവപര്യന്തം തടവുശിക്ഷ. റോബൻ ഐലൻഡ്, പോൾസ്മൂർ ജയിൽ, വെസ്റ്റർ ജയിൽ എന്നിവിടങ്ങളിലായി 27 വർഷം ശിക്ഷയനുഭവിച്ചു
1991ൽ രാജ്യാന്തര സമ്മർദത്തെത്തുടർന്ന് അന്നത്തെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് എഫ്.ഡബ്ലിയു.ഡി ക്ലാർക്ക് മണ്ടേലയെ മോചിപ്പിച്ചു. മണ്ടേലയും ക്ലാർക്കും ചേർന്ന് രാജ്യത്തെ വർണവിവേചനം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. രണ്ടുപേർക്കും 1993ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു
1994ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ എഎൻസിയെ മണ്ടേല അധികാരത്തിലെത്തിച്ച് രാജ്യത്തിന്റെ പ്രസിഡന്റായി. 1999ൽ രണ്ടാംതവണയും സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും താബോ എംബെക്കിയെ പിൻഗാമിയാക്കി മണ്ടേല അധികാരം വിട്ടൊഴിഞ്ഞു. തന്റെ പേരിലുള്ള നെൽസൺ മണ്ടേല ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിൽ പിന്നീട് അദ്ദേഹം വ്യാപൃതനായി. 2013 ഡിസംബർ അഞ്ചിന് ജൊഹാനസ്ബർഗിൽ അന്തരിച്ചു
നൊബേൽ സമ്മാനമടക്കം മുന്നൂറോളം പുരസ്കാരങ്ങൾ മണ്ടേലയെ തേടിയെത്തിയിട്ടുണ്ട്. അമേരിക്കയിൽ നിന്ന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നേടി. സോവിയറ്റ് യൂണിയനിൽ നിന്ന് ഓർഡർ ഓഫ് ലെനിനും. ഭാരതരത്ന പുരസ്കാരം നേടിയ ഇന്ത്യക്കാരനല്ലാത്ത അപൂർവം വ്യക്തികളിലൊരാൾ കൂടിയാണ് അദ്ദേഹം. മാഡിബ എന്ന വിളിപ്പേരിലാണു മണ്ടേല ദക്ഷിണാഫ്രിക്കയിൽ അറിയപ്പെട്ടത്. അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ആത്മകഥ–‘ലോങ് വോക് ടു ഫ്രീഡം’