അക്കിര മിയാവാക്കി എന്ന ജാപ്പനീസ് സസ്യശാസ്ത്രജ്ഞൻ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച വനവത്കരണ മാതൃകയാണ് മിയാവാക്കി വനം എന്നറിയപ്പെടുന്നത്.
തരിശുഭൂമിയിലോ ജലക്ഷാമം നേരിടുന്ന പ്രദേശത്തോ കൊച്ചു വനങ്ങൾ വളർത്തിക്കൊണ്ടു വന്ന് പരിസ്ഥിതിയെ തിരിച്ചു പിടിക്കുന്ന മാതൃക.
നല്ല രീതിയിൽ നിലമൊരുക്കി അടുത്തടുത്ത് നടുന്ന സസ്യങ്ങൾ സൂര്യപ്രകാശത്തിനായി മത്സരിച്ച് വളർന്ന് പെട്ടെന്ന് കാടായി മാറുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
കുറഞ്ഞ സമയം കൊണ്ട് കുറഞ്ഞ സ്ഥലത്ത് കാടൊരുക്കാനുമാകും. 100 വർഷം പഴക്കമുള്ള ഒരു സ്വാഭാവിക വനത്തിന്റെ വളർച്ച 10 വർഷം കൊണ്ട് മിയാവാക്കി വനങ്ങൾ കാണിക്കുകയും ചെയ്യും.
നഗരവനവത്കരണത്തിന് ഏറ്റവും അനുയോജ്യമായ രീതിയാണ് മിയാവാക്കി. ഇത് പച്ചപ്പ് മാത്രമല്ല, ചൂട് കുറയ്ക്കാനും ശുദ്ധവായു പ്രദാനം ചെയ്യാനും മണ്ണിന്റെ ജലസംഭരണശേഷി കൂട്ടാനും ഉപകരിക്കും.