മലമുഴക്കി വേഴാമ്പലുകളുടെ ജീവിതം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ഒറ്റപ്പങ്കാളിയെ മാത്രം മനസ്സിൽ നിറച്ച് അമ്പതു വയസ്സു വരെ ജീവിക്കുന്നവരാണ് വേഴാമ്പലുകൾ. പ്രജനന കാലമായാല്‍ വളരെ അപൂര്‍വമായെ ഇവയെ കാണാന്‍ സാധിക്കുകയുള്ളു.
മരപ്പൊത്തുകളിലാണ് ഇവ മുട്ടയിടാനായി കൂടുക്കൂട്ടുന്നത്. അടയിരിക്കുന്ന പെണ്‍പക്ഷി മുട്ടവിരിഞ്ഞ ശേഷം മാത്രമേ കൂടുവിട്ടു പുറത്തു വരികയുള്ളു, അതു വരെ ആണ്‍പക്ഷിയാണ് ഇവയ്ക്ക് കൂടിനുള്ളില്‍ തീറ്റയെത്തിക്കുന്നത്.
ജനുവരി പകുതിയോടെ ഉയരമുള്ള മരത്തിന്റെ പൊത്തിൽ മുട്ടയിടുന്ന പെൺവേഴാമ്പൽ പിന്നീട് കൂട്ടിനുള്ളിൽ നിന്നു പുറത്തിറങ്ങില്ല. മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ അൽപം വലുതാവുന്നതു വരെ അവൾക്കുള്ള ഭക്ഷണം എത്തിച്ചുകൊടുക്കേണ്ട ചുമതല ആൺ വേഴാമ്പലിന്റേതാണ്.
വേഴാമ്പലുകൾ പല തരമുണ്ടെങ്കിലും ‘മലമുഴക്കി’എന്ന പേര് ഇവന് വെറുതേ ചാർത്തിക്കിട്ടിയതല്ല. ഏഷ്യയിൽ ഉള്ളതിൽ ഏറ്റവും വലുപ്പമേറിയ വേഴാമ്പലുകളാണിത്. പൂർണ വളർച്ചയെത്തുമ്പോൾ ആൺ വേഴാമ്പലിന് മൂന്നു മുതൽ നാല് അടി വരെ ഉയരം വരും.
തൂവലുകൾക്കുള്ളിലൂടെ കാറ്റ് കയറിയിറങ്ങുമ്പോൾ ഹെലികോപ്റ്റർ പറക്കുന്നതു പോലെ ശബ്ദമുയരും. പറക്കുമ്പോഴുള്ള ഈ ശബ്ദവും മല മുഴക്കുന്ന വിധത്തിലുള്ള കരച്ചിലും ഇവനെ മലമുഴക്കിയാക്കി. നീളമേറിയ വലിയ കൊക്കുകളും കറുപ്പും മഞ്ഞയും കലർന്ന മകുടവും ഇവനെ കാട്ടിലെ ഏറ്റവും സുന്ദരനുമാക്കി.
സൗന്ദര്യത്തേക്കാളുപരി വേഴാമ്പലുകളുടെ ജീവിതരീതിക്കാണ് ഏറെ പ്രത്യേകതയുള്ളത്. ജീവിതത്തിൽ ഒരു പങ്കാളി മാത്രമേ വേഴാമ്പലിന് ഉണ്ടാവുകയുള്ളൂ. മുട്ടയിടാനായി ശിഖരങ്ങളില്ലാത്ത, ഏറ്റവും ഉയരമുള്ള മരത്തിലെ പൊത്താണ് തിരഞ്ഞെടുക്കുക.