ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നായ കിലോയ 3 മാസത്തെ ഇടവേളയ്ക്കു ശേഷം പൊട്ടിത്തെറിച്ചു. അമേരിക്കൻ സംസ്ഥാനവും ദ്വീപമേഖലയുമായ ഹവായിയിലാണ് ഈ അഗ്നിപർവതം. സ്ഫോടനത്തെത്തുടർന്ന് ലാവാപ്രവാഹം തുടങ്ങി.
കിലോയയുടെ കൊടുമുടികളിലൊന്നായ കാൽഡിറയിലെ ഹാലെമൗമൗ അഗ്നിമുഖത്താണു സ്ഫോടനം നടന്നത്. എന്നാൽ ആളുകൾക്കും കെട്ടിടങ്ങൾക്കും ഭീഷണിയൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.
ഹവായിയിലെ ദ്വീപുകൾ അഗ്നിപർവത സ്ഫോടനങ്ങളും തുടർന്നുള്ള ലാവാപ്രവാഹങ്ങളും മൂലം നിർമിതമാണ്. പ്രധാനമായും 5 അഗ്നിപർവതങ്ങളാണ് ഹവായിയിലുള്ളത്. ഇവയിലൊന്നാണ് കിലോയ.1983 മുതൽ മുടങ്ങാതെ തീതുപ്പുന്ന അഗ്നിപർവതമാണ് കിലോയ.
ലേസ് എന്നറിയപ്പെടുന്ന വിഷവാതകപടലവും ഇതു പുറത്തുവിട്ടു.ഭൂമിക്കുള്ളിലെ തിളച്ചുമറിയുന്ന ലാവ, അഗ്നിപർവതങ്ങളിലൂടെ പുറത്തെത്തിയശേഷം സമുദ്രത്തിലെത്തുമ്പോൾ ജലം ഇവയെ തണുപ്പിക്കും. തുടർന്നു രൂപപ്പെടുന്ന ഗ്ലാസ്തരികളും ഹൈഡ്രോക്ലോറിക് ആസിഡും വിഷവസ്തുക്കളുമടങ്ങിയ വാതകപടലമാണ് ലേസ്.
ലോകത്തെ അഗ്നിപർവതങ്ങളുടെ അധിദേവതയാണ് പെയ്ലെ. ഹവായ് ദ്വീപുകളിൽ തണുപ്പുമാറ്റാനായി പെയ്ലെ ഉണ്ടാക്കിയ തീക്കുണ്ഡങ്ങൾ പിന്നീട് അഗ്നിപർവതങ്ങളായി മാറിയെന്ന് ഐതിഹ്യം. ഒട്ടേറെ അഗ്നിപർവതങ്ങൾ പെയ്ലെയുടെ തീക്കുണ്ഡത്തിൽനിന്നുയർന്നെങ്കിലും തന്റെ ഇരിപ്പിടമായി പെയ്ലെ തിരഞ്ഞെടുത്തതു കിലോയയെയാണെന്നാണ് ഐതിഹ്യം.