നെടുമ്പാശേരി വിമാനത്താവളത്തിൽ എമിറേറ്റ്സ് എയർലൈൻസിൽ കാർഗോ ഡിവിഷൻ സെയിൽസ് മാനേജരായ പൈങ്ങോട്ടൂരുകാരന്‍ ദീപക് മാത്യു പിട്ടാപ്പിള്ളിൽ എട്ടു പത്തു കൊല്ലം മുൻപേ കൗതുകത്തോടെ ശ്രദ്ധിച്ച കാര്യമാണ് കൺമുന്നില്‍ നടക്കുന്ന ചക്ക കയറ്റുമതി.
എറണാകുളം ജില്ലയിൽ കോതമംഗലത്തിനടുത്തു പൈങ്ങോട്ടൂരുള്ള ഏട്ടരയേക്കർ പുരയിടത്തിലെ റബർ നീക്കി പകരം വിയറ്റ്നാം സൂപ്പർ ഏർളി ഇനം പ്ലാവ് കൃഷി ചെയ്യാൻ തനിക്കു പ്രേരണ ഈ കയറ്റുമതിക്കാഴ്ച തന്നെയെന്നു ദീപക്.
ചക്കയ്ക്ക് ഓരോ വർഷവും സ്വദേശത്തും വിദേശത്തും ഡിമാൻഡ് കൂടുന്നുണ്ട്.
പ്രമേഹനിയന്ത്രണം ഉൾപ്പെടെ ചക്കയുടെ ആരോഗ്യമേന്മയെക്കുറിച്ചു പഠനങ്ങൾ കൂടി വന്നതോടെ ഡിമാൻഡ് വർധിച്ചു.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാസം ഷിക്കാഗോയിൽ അമേരിക്കൻ സൊസൈറ്റി ഫോർ ന്യൂട്രിഷൻ സമ്മേളനത്തിൽ അഹമ്മദാബാദിലെ എൻഡോക്രൈനോളജി വിദഗ്ധൻ ഡോ.വിനോദ് അഭിചന്ദാനി അവതരിപ്പിച്ച പ്രബന്ധം ലോകശ്രദ്ധ നേടുകയുണ്ടായി.
200 രോഗികൾക്ക് 3 മാസം ചക്കപ്പൊടി നൽകി നിരീക്ഷിച്ചതിന്റെ ഫലമായിരുന്നു പ്രബന്ധത്തില്‍. ചക്കപ്പൊടി കഴിച്ചവർക്ക് ഫാറ്റി ലിവർ, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്, പ്രമേഹം എന്നിവയിലെല്ലാം ആശ്വാസമുണ്ടായെന്ന് അതില്‍ പറയുന്നു.
കരളിലെ കൊഴുപ്പും രക്തത്തിലെ പഞ്ചസാരയും കുറയ്ക്കാൻ സഹായിക്കുന്ന പെക്ടിന്റെ ഉറവിടമായ ചക്ക ചില്ലറക്കാരനല്ലെന്ന് അങ്ങനെ ഒരിക്കൽക്കൂടി വെളിപ്പെട്ടു.
വിളവെടുത്ത ചക്ക പായ്ക്കിങ് ഹൗസിലേക്ക്മായമില്ലാത്ത ഭക്ഷ്യോൽപന്നം എന്ന മേന്മയും ചക്കയ്ക്കുണ്ട്.
പഴുക്കാനും കേടാകാതിരിക്കാനുമൊക്കെ രാസലായനികളിൽ മുക്കി വിടുന്ന പലതരം പഴങ്ങൾക്കിടയിൽ ശുദ്ധ കാർഷികോൽപന്നമായി തല ഉയർത്തി നിൽക്കുകയാണ് ചക്ക.