10 കൊല്ലം മുമ്പ് മെഴ്സിഡീസിലോ ബിഎംഡബ്ലുവിലോ ഔഡിയിലോ മാത്രം കണ്ടിരുന്ന ആഡംബരങ്ങൾ ഇന്ന് അൽകാസർ പോലെയുള്ള കാറുകളിലേക്ക് താണിറങ്ങി.
പണ്ടത്തെ പ്രീമിയം ബ്രാൻഡുകൾ ഇന്നു പേരിലുള്ള അന്തസ്സ് മാത്രമായൊതുങ്ങി. ബെൻസും ബിഎംഡബ്ലുവും ഉടമയുടെ പൊങ്ങച്ചം അടക്കുമായിരിക്കാം. എന്നാൽ സൗകര്യങ്ങൾ മാത്രമാണ് ലക്ഷ്യമെങ്കിൽ നാലിലൊന്നു മാത്രം വില നൽകി അൽകസാറിലും സമാന സുഖം ആസ്വദിക്കാം.
ഇടതുവശത്തുള്ള നിറഞ്ഞു നിൽക്കുന്ന ഹൊറിസോണ്ടൽ എ സി വെന്റ്. കർവ് എൽ ഇ ഡി ടിവി പോലെ ഡ്രൈവറുടെ കാഴ്ച നന്നായി കിട്ടാനായി. തെല്ലു ചെരിച്ച് ഉറപ്പിച്ചിട്ടുള്ള ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ളേയും ഇൻസ്ട്രമെന്റ് ക്ലസ്റ്ററും. 10.25 ഇഞ്ച് വലുപ്പമുള്ള രണ്ട് ഡിസ്പ്ലേകളാണിത്.
വലതുവശത്തായി സ്റ്റീയറിങ്ങിനു താഴെ മാഗ്നറ്റിക് പാഡ്. സ്റ്റിക്കി നോട്ടുകൾ പതിക്കാനുള്ള സൗകര്യം. പരിധിയില്ലാത്ത സൗകര്യങ്ങൾ ഇതൊക്കെ. ഡ്രൈവർക്കും കോ ഡ്രൈവർക്കും 8 തരത്തിൽ ക്രമീകരിക്കാവുന്ന സീറ്റുകൾ.
രണ്ടു നിര ക്യാപ്റ്റന്‍ സീറ്റുകൾക്കും ചൂടും തണുപ്പും തരുന്ന വെൻറിലേഷൻ. രണ്ടാം നിരയിൽ ബിസിനസ് ക്ലാസ് സീറ്റുകൾ പോലെ കാലുകൾക്ക് സപ്പോർട്ടു നൽകുന്ന കുഷൻ എക്സ്റ്റെൻഷൻ.
വിങ് ടൈപ്പ് ഹെഡ് റെസ്റ്റുകൾ, സീറ്റ് ബാക്ക് ട്രേയും കപ് ഹോൾഡറും, പനോരമിക് സൺ റൂഫ്, ഡ്യുവൽ സോൺ എ സി, മുന്നിലും പിന്നിലും വയർലെസ് ചാർജർ, ബോസ് 8 സ്പീക്കർ സിസ്റ്റം. അൽകസാറിൻറെ മികവുകൾ പറഞ്ഞാൽ തീരില്ല.
എഴുപതിലധികം സൗകര്യങ്ങളുള്ള ബ്ലൂലിങ്ക് സംവിധാനത്തിലെ എറ്റവും രസകരമായ സൗകര്യങ്ങളിലൊന്ന് മൊബൈൽ ഫോൺ തന്നെ കീ ആയി ഉപയോഗിക്കാം എന്നതാണ്. ഡോര്‍ ഹാന്‍ഡിലിൽ ഫോൺ സ്പർശിക്കുമ്പോള്‍ കാർ തുറക്കും.
എ സി അടക്കം ഏതാണ്ടെല്ലാ സംവിധാനങ്ങളും റിമോട്ട് ആയി പ്രവർത്തിപ്പിക്കാനുമാകും. അഡാസ് ലെവൽ ടു സംവിധാനങ്ങളുള്ള ഹ്യുണ്ടേയ് സ്മാർട്ട് സെൻസ് ലൈൻ വാണിങ്ങും കൊളീഷൻ വാണിങ്ങും പാർക്കിങ്ങും അടക്കം വാഹനത്തിന്റെ നിയന്ത്രണം ഭാഗീകമായി ഏറ്റെടുക്കും. സുരക്ഷയിലും വിട്ടുവീഴ്ചയില്ല. മൂന്നാം നിര സീറ്റിനടക്കം എയർബാഗുണ്ട്.