കോട്ടകളുടെ സമുച്ചയം എന്നാണ് അൽകസാർ എന്ന വാക്കിന്റെ അർത്ഥം. സ്പാനിഷ്, അറബിക് സ്വാധീനമുള്ള പേര്. സ്ഥലനാമങ്ങളിൽ അറിയപ്പെടുന്ന ആദ്യ ഹ്യുണ്ടേയ് അല്ല അൽകസാർ.
വെന്യു എന്നാൽ വേദിയാണെങ്കിൽ സാൻറാഫേയും ട്യൂസോണും സ്ഥലനാമങ്ങളാണ്.
രാജ്യാന്തര വിപണികളിൽ വിവിധ പേരുകളിൽ വിളിക്കപ്പെടുന്ന വാഹനത്തെ ലളിതമായി വിശേഷിപ്പിച്ചാൽ ക്രേറ്റയുടെ നീളം കൂടിയ മോഡൽ എന്നു പറയാം.
വെറും നീളക്കൂടുതലിൽ ഒതുക്കാവുന്നതല്ല അൽകസാറിന്റെ മികവുകൾ. ഗൾഫ് നാടുകളിൽ ക്രെറ്റ ഗ്രാൻഡ് എന്നും തെക്കെ അമേരിക്കയിൽ ഗ്രാൻഡ് ക്രെറ്റയെന്നുമൊക്കെ അറിയപ്പെടുന്ന നമ്മുടെ അൽകസാർ ഹ്യുണ്ടേയ്ശ്രേണിയിലെ നവതാരമാണ്. 2021 ൽ ആദ്യമായെത്തി ഇപ്പോൾ രണ്ടാം ജന്മം.
നാലു വെന്റിലേറ്റഡ് ക്യാപ്റ്റൻ സീറ്റുകൾ മുതൽ 8 സ്പീക്കർ ബോസ് മ്യൂസിക് സിസ്റ്റം വരെയുള്ള അസംഖ്യം സൗകര്യങ്ങളും അഡാസ് ലെവൽ ടു പോലെയുള്ള സാങ്കേതികതകളും അൽകസാറിൽ സമന്വയിക്കുന്നു.
ഡാർക് ക്രോം റേഡിയേറ്റർ ഗ്രിൽ, ഹൊറൈസൺ എൽ ഇ ഡി ലാംപ്, കണക്ടഡ് എൽ ഇ ഡി ടെയിൽ ലാംപ്, 18 ഇഞ്ച് അലോയ് വീൽ ഡിസൈൻ, ക്വാഡ് ബീം ഹെഡ് ലാംപ് തുടങ്ങി രൂപകൽപനാ മികവുകൾ സങ്കലിക്കുമ്പോൾ അൽകസാർ എന്ന ശിൽപം പിറക്കുന്നു. പുതിയ മാറ്റ് ഫിനിഷുകൾ യുവത്വമേകുന്ന വാഹനം പരമ്പരാഗത നിറഭംഗിയിലും ലഭിക്കും.
നീളം 60 മി.മീ കൂടി 4560 ൽ എത്തി. 10 മി.മീ വീതി കൂടുതൽ, 1800 മി.മീ. ഉയരം 35 മി.മീ ഉയർന്നു, 1710 മി.മീ. തലയുയർത്തിയുള്ള നിൽപ് യഥാർത്ഥത്തിൽ വലുപ്പക്കൂടുതൽ കൊണ്ടു കൂടിയാണ്. ഈ വലുപ്പക്കൂടുതൽ അവസാന നിര സീറ്റുകളായും മെച്ചപ്പെട്ട ഡിക്കി ഇടമായും പരിണമിക്കുന്നു.