വില കൂടുതലാണ് എന്ന ഒറ്റക്കാരണത്താൽ ഇലക്ട്രിക് കാർ സ്വന്തമാക്കാൻ കഴിയാത്തവർക്കു വേണ്ടി എം.ജി മോട്ടോഴ്സ് പുറത്തിറക്കുന്ന വാഹനമാണ് വിൻഡ്സർ.
ഒരു സാധാരണ പെട്രോൾ കാറിന്റെ വില കൊടുത്ത് വാങ്ങാവുന്ന ഇലക്ട്രിക് കാർ. ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് സി.യു.വി എന്ന വിശേഷണത്തോടെ എം.ജി പുറത്തിറക്കുന്ന വിൻഡ്സറിന്റെ ഫീച്ചറുകൾ അസാധാരണമാണ് താനും.
പഴയ ‘ആമക്കാർ’ രൂപത്തെ അനുസ്മരിപ്പിക്കുന്ന എയ്റോ ഗ്ലൈഡ് ഡിസൈനാണ് കാറിന്റേത്.
മുന്നിലെയും പിന്നിലെയും എൽഇഡി സ്ട്രിപ് ലാംപുകളും ഇല്ലുമിനേറ്റഡ് എം.ജി. ലോഗോയുമാണ് പ്രധാന ആകർഷണങ്ങൾ.
18 ഇഞ്ച് സിൽവർ അലോയ് വീലുകൾ കാഴ്ചയിൽ ആകർഷകമാണ്. അടുത്ത കാലത്ത് ട്രെൻഡിങ്ങായി മാറിയ സ്മാർട് ഫ്ലഷ് ഡോർ ഹാൻഡിലുകളാണ് ഇൗ കാറിനുള്ളത്.
സൺറൂഫ് എന്ന് വിളിക്കാമോയെന്നു അറിയില്ലെങ്കിലും വാഹനത്തിന്റെ മുകൾ വശം നിറഞ്ഞു നിൽക്കുന്ന ഇൻഫിനിറ്റി ഫിക്സഡ് ഗ്ലാസ് റൂഫ് പുറം കാഴ്ചയിലും അകക്കാഴ്ചയിലും മനോഹരമാണ്.
4.3 മീറ്റർ നീളമുള്ള വാഹനത്തിന്റെ വീൽബേസ് 2700 എംഎം ആണ്.