പുറംകാഴ്ചയെക്കാളും ആരെയും ആകർഷിക്കുന്നത് ഇൗ വാഹനത്തിന്റെ ഇന്റീരിയറാണ്.
ശരിക്കും ഒരു പ്രീമിയം കാറിനുള്ളിലെ അതേ ഫീലാണ് അകത്തളത്തിന്. അധികം സ്വിച്ചുകളോ നോബുകളോ ഇല്ലാതെ മിനിമലിസ്റ്റിക് റെട്രോ ഡിസൈനിലാണ് ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്.
15.6 ഇഞ്ച് വലുപ്പമുള്ള (ഒരു സാധാരണ ലാപ്ടോപ്പിന്റെ അത്ര തന്നെ) ഇൻഫോട്ടെയിൻമെന്റ് സ്ക്രീനാണ് പ്രധാന ആകർഷണം. എ.സി, സൺറൂഫ്, ഡ്രൈവ് മോഡുകൾ തുടങ്ങി എല്ലാം ഒരു സ്മാർട്ട് ഫോൺ കൈകാര്യം ചെയ്യുന്ന ലാഘവത്തോടെ ഇൗ സ്ക്രീനിൽ നിയന്ത്രിക്കാം.
താഴ്ന്നിരിക്കുന്ന വലുപ്പമേറിയ ഡാഷ് ബോർഡ്. പണ്ടത്തെ വാഹനങ്ങളിലെ ഹാൻഡ് ഗിയർ പോലെ ഡ്രൈവ് മോഡുകളെല്ലാം സ്റ്റിയറിങിൽ വൈപ്പർ കൺട്രോളിനു എതിർവശത്ത് ക്രമീകരിച്ചിരിക്കുന്നു.
കറുപ്പിനൊപ്പം ഡൾ മെറ്റാലിക് കളറാണ് ഉൾവശത്ത് നൽകിയിരിക്കുന്നത്. ഡാഷ് ബോർഡിൽ തുടങ്ങി ഡോർ പാഡിൽ വരെ കപ്പ് ഹോൾഡറുകളും സ്റ്റോറേജ് സ്പേസുകളും നിരവധിയുണ്ട്.
വയർലെസ് ചാർജിങ് ഒക്കെ സൗകര്യപ്രദമായ സ്ഥലത്ത് ഒരുക്കിയിരിക്കുന്നു. സ്പീക്കറുകളും ഡോർ ഹാൻഡിലുകളും പുറം കാഴ്ചയിലും ഒപ്പം ക്വാളിറ്റിയിലും മികച്ചു നിൽക്കുന്നു.
256 നിറങ്ങളിലുള്ള ആമ്പിയന്റ് ലൈറ്റിങുകളും അതിമനോഹരം. എയറോ ലോഞ്ച് സീറ്റുകൾ യാത്ര സുഖപ്രദമാക്കുന്നു ഒപ്പം കാഴ്ചയിലും ഒരു ക്ലാസ് കൊണ്ടു വരുന്നു.
കാറിന്റെ പിന്നിലെ സ്പേസ് വളരെയധികമാണ്. 135 ഡിഗ്രി താഴുന്ന റിക്ലൈനർ ബാക്ക് സീറ്റുകൾ ഇതിന്റെ മാത്രം പ്രത്യേകതയാണ്.