പാരിസ് മോട്ടോര്‍ ഷോയുടെ മുന്നോടിയായി ഡാസിയ ബിഗ്‌സ്റ്റര്‍ 7 സീറ്റര്‍ എസ്‌യുവി പുറത്തിറക്കി.
ഇതു കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്കെന്തുകാര്യമെന്നു തോന്നിയേക്കാം. കാര്യമുണ്ട്, ഡാസിയയുടെ ബിഗ്‌സ്റ്റര്‍ 7 സീറ്റര്‍ ഇന്ത്യയിലെത്തിയാല്‍ റെനോ ഡസ്റ്റര്‍ 7 സീറ്ററായി മാറും.
അടുത്തവര്‍ഷം പകുതിയോടെ കൂടുതല്‍ വലിപ്പത്തിലുള്ള പുതുതലമുറ ഡസ്റ്റര്‍ ഇന്ത്യയിലെത്തും.
ഹ്യുണ്ടേയ് എല്‍ക്കസാര്‍, എക്‌സ് യു വി 700, ടാറ്റ സഫാരി എന്നിവയുമായിട്ടായിരിക്കും റെനോ ഡസ്റ്ററിന്റെ മത്സരം.
വലിപ്പത്തിലുള്ള മാറ്റം തന്നെയാണ് പുതു തലമുറ ഡസ്റ്ററിലെ പ്രധാന മാറ്റം. 4,750 എംഎം നീളം, 1,810എംഎം വീതി, 1,710എംഎം ഉയരം എന്നിങ്ങനെയാണ് പുതു ഡസ്റ്ററിന്റെ വലിപ്പം.
നീളത്തില്‍ മാത്രം 230എംഎം കൂടുതല്‍. വീല്‍ബേസാണെങ്കില്‍ 43എംഎം വര്‍ധിച്ച് 2,700 എംഎമ്മിലേക്കെത്തിയിരിക്കുന്നു.
2021ലേ പുറത്തുവിട്ട കണ്‍സെപ്റ്റ് മോഡലിന്റെ പ്രധാന രൂപ സവിശേഷതകള്‍ പ്രൊഡക്ഷന്‍ മോഡലിലേക്കെത്തിയപ്പോഴും ഡസ്റ്ററിലുണ്ട്.