മാരുതി ഇവിഎക്‌സിന്റെ പ്രൊഡക്ഷന്‍ മോഡലായ സുസുക്കി ഇ വിറ്റാര ഇറ്റലിയിലെ മിലാനില്‍ അവതരിപ്പിച്ചു. മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യ ഇവിയായിരിക്കും ഇ വിറ്റാര.
ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിലാണ് ഇ വിറ്റാര ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുക.
ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ഇന്ത്യയിലെ ആദ്യ ഇവിയായ ഇ വിറ്റാര മത്സരിക്കുക ടാറ്റ കര്‍വ് ഇവി, എംജി ZS ഇവി പുറത്തിറങ്ങാനിരിക്കുന്ന ക്രേറ്റ ഇവി, മഹീന്ദ്ര ബിഇ 05 എന്നിവരോടായിരിക്കും.
സുസുക്കിയുടെ ഗുജറാത്തിലെ ഫാക്ടറിയിലാണ് ഇ വിറ്റാര നിര്‍മിക്കുക. ആകെ നിര്‍മിക്കുന്നതിന്റെ പകുതിയും ജപ്പാനിലേക്കും യൂറോപ്യന്‍ വിപണിയിലേക്കുമാണ് കയറ്റി അയക്കുക.
രാജ്യാന്തര മോഡലായി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ വിറ്റാരയെ ഇറ്റലിയില്‍ ആദ്യമായി പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ 2025 മാര്‍ച്ച് മുതല്‍ ഇ വിറ്റാര വില്‍പനക്കെത്തും. യൂറോപില്‍ ഇ വിറ്റാര 2025 ജൂണില്‍ വില്‍പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
4,275 എംഎം നീളവും 1,800എംഎം വീതിയും 1,635 എംഎം ഉയരവുമുള്ള വാഹനമാണ് ഇ വിറ്റാര. ക്രേറ്റയേക്കാള്‍ വീതിയുള്ള 2,700 എംഎം വീല്‍ബേസാണ് ഇ വിറ്റാരക്ക് നല്‍കിയിരിക്കുന്നത്.
വലിയ ബാറ്ററിയെ ഉള്‍ക്കൊള്ളാന്‍ ഇത് സഹായിക്കും. 180എംഎം ഗ്രൗണ്ട് ക്ലിയറന്‍സ് ഇന്ത്യന്‍ റോഡുകളിലെ വെല്ലുവിളികളെ അനായാസം മറികടക്കാന്‍ സഹായിക്കും. ഭാരം വിവിധ വകഭേദങ്ങള്‍ക്കനുസരിച്ച് 1,702 കീലോഗ്രാം മുതല്‍ 1,899 കീലോഗ്രാം വരെ
റേഞ്ച് സംബന്ധിച്ച് ഔദ്യോഗികസ്ഥിരീകരണമില്ല. അതേസമയം സിംഗിള്‍ മോട്ടോര്‍ ഉപയോഗിക്കുന്ന 61kWh ബാറ്ററിയില്‍ 500 കീലോമീറ്റര്‍ റേഞ്ച് പ്രതീക്ഷിക്കാം.
49kWh ബാറ്ററി 144എച്ച്പി കരുത്തും 61kWh ബാറ്ററി 174എച്ച്പി കരുത്തും പുറത്തെടുക്കും. രണ്ടു ബാറ്ററികളും പരമാവധി 189എന്‍എം ടോര്‍ക്കാണ് പുറത്തെടുക്കുക.
അതേസമയം 65എച്ച്പി മോട്ടോര്‍ അധികമായി ഉപയോഗിക്കുന്ന ഓള്‍ വീല്‍ ഡ്രൈവ് മോഡലില്‍ കരുത്ത് 184എച്ച്പിയായും ടോര്‍ക്ക് പരമാവധി 300എന്‍എം ആയും ഉയരും