കന്റെ വിവാഹവും കഴിഞ്ഞ് പ്രാരാബ്ധങ്ങളൊക്കെ മാറിയ 57–ാം വയസ്സിലാണ് ശരീരഭാരം കുറച്ചാലോ എന്ന ചിന്ത ജയശ്രീക്ക് ഉണ്ടായത്. അതിനു തിരഞ്ഞെടുത്ത വഴിയാകട്ടെ യോഗയും.
ഈ പ്രായത്തിൽ യോഗാസനങ്ങളൊക്കെ വഴങ്ങുമോ എന്ന ഭയമുണ്ടായിരുന്നെങ്കിലും കുടുംബം മുഴുവൻ പിന്തുണയുമായി നിന്നതോടെ ജയശ്രീ കുറച്ചത് എട്ടു കിലോയും ആരോഗ്യപ്രശ്നങ്ങളിൽനിന്നുള്ള മോചനവുമാണ്
കാലങ്ങളായി ശരീരഭാരം 67- 68 കിലോ ആയിരുന്നു. കൂടാതെ നടുവേദന, കൈകാലുകളുടെ കഴപ്പ് തുടങ്ങിയവ കൂടുകയും ബോഡി ഫ്ലെക്സിബിലിറ്റി കുറയുകയും ചെയ്തു. ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങളും അലട്ടിത്തുടങ്ങി. രാവിലെ എഴുന്നേൽക്കുമ്പോൾ ക്ഷീണവും ഊർജസ്വലതയില്ലായ്മയും
പണ്ടു മുതലേ യോഗ വലിയ ഇഷ്ടമായിരുന്നെങ്കിലും 57 വയസ്സു വരെ ഒരു ആസനം പോലും പരിശീലിച്ചിട്ടില്ലായിരുന്നു. ആരോഗ്യം മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിച്ചപ്പോൾ ആദ്യം മനസ്സിലേക്കെത്തിയത് യോഗ ആയിരുന്നു
യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത പരിശീലനമായിരുന്നു. ആദ്യമൊക്കെ ശരീരം വഴങ്ങിയില്ലെങ്കിലും ഒരു മാസം കഴിഞ്ഞതോടെ വ്യത്യാസം വന്നുതുടങ്ങി. ഗുരു ഓരോ ആസനവും ശരിയായി പരിശീലിക്കുന്നതുവരെ ചെയ്യിക്കാനും ശ്രമിച്ചു
നാലു മാസം പിന്നിട്ടതോടെ ശരീരം നല്ല പോലെ വഴങ്ങാൻ തുടങ്ങി. ദിവസവും രാവിലെ എഴുന്നേറ്റ് കുളിച്ച് യോഗ ചെയ്യുന്നതിലൂടെ ശരീരത്തിന്റെ ഫ്ലക്സ്ബിലിറ്റി കൂടുകയും മറ്റു ശാരീരിക അസ്വാസ്ഥ്യങ്ങൾ മാറുകയും ചെയ്തു. നടുവേദനയും കാലുകളുടെ വേദനയും മാറി. അതോടെ മാനസിക ഉന്മേഷവും ആത്മവിശ്വാസവും കൂടി
ഇപ്പോൾ ഭാരം 60 കിലോയിലെത്തി. നല്ല കൈവണ്ണമുണ്ടായിരുന്നു, പ്രായത്തിന്റേതായ രീതിയിൽ കൈ മസിലുകളൊക്കെ തൂങ്ങിയിട്ടുമുണ്ടായിരുന്നു. എന്നാൽ ഹാൻഡ് റൊട്ടേഷനും കൈമുട്ടുകൾക്കുള്ള വ്യായാമവുമൊക്കെ ചെയ്തതോടെ കൈ മസിലുകൾക്കു ബലമായി. മസിലുകൾ തൂങ്ങിക്കിടന്നതും മാറിക്കിട്ടി
യോഗയ്ക്ക് മുമ്പ് ഭക്ഷണകാര്യത്തിൽ വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. ഗുരുവിന്റെ ചിട്ടയായുള്ള ശിക്ഷണത്തിലൂടെ ഭക്ഷണ നിയന്ത്രണം വരുത്തി, മധുരം പാടേ ഉപേക്ഷിച്ചു
ഉറക്കമില്ലായ്മ പ്രാണായാമത്തിലൂടെ പൂർണമായും മാറി. അതോടെ മനസ്സിന് സമാധാനവും സന്തോഷവും ഉണ്ടായി. മൂന്നു മാസം എന്നു പറഞ്ഞാണ് യോഗാപരിശീലനം തുടങ്ങിയതെങ്കിലും ഇപ്പോൾ രണ്ടു വർഷത്തോളം ആകുന്നു യോഗ കൂടെക്കൂടിയിട്ട്