മലപ്പുറം മഞ്ചേരിയിലാണ് പ്രവാസിയായ നാസറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഒറ്റനോട്ടത്തിൽ ഇരുനില വീട് എന്നുതോന്നുമെങ്കിലും ഇത് ഒരുനിലയാണ്. വീടിന്റെ ടെറസിലുള്ള ഡമ്മി ഷോവോളാണ് ഇരുനിലവീട് എന്നുതോന്നിപ്പിക്കുന്ന ആകാരം പ്രദാനംചെയ്യുന്നത്.
വൈറ്റ്+ ഗ്രേ കളർതീമാണ് പുറംചുവരുകളിലുള്ളത്. ചുറ്റുമതിലും ഇതേ കളർടോൺ പിന്തുടരുന്നു. മുൻപിലും വശത്തുമുള്ള റോഡുകളിലേക്ക് പ്രവേശനം സാധ്യമാകുന്ന വിധമാണ് വീടിന്റെ രൂപകൽപന.
ലളിതമായ പൂമുഖമാണ്. ചെറിയൊരു സീറ്റിങ്ങും ഷൂറാക്കും മാത്രമാണ് ഇവിടെയുള്ളത്. പോർച്ചിന്റെ എൻട്രൻസിനോട് ചേർന്നചുവരിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയിട്ടുണ്ട്. ഇത് ഭംഗിക്കൊപ്പം പോർച്ചിന് വേർതിരിവും നൽകുന്നു.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 3846 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഒരു ബേസ്മെന്റ് ഫ്ലോറും ഈ വീട്ടിൽ മറഞ്ഞിരിപ്പുണ്ട്.
വിശാലമാണ് ഫോർമൽ ലിവിങ്. ഇവിടെ ഒരുഭിത്തി മുഴുവൻ ഗ്രേ പെയിന്റും മൈക്ക പാനലിങും ചെയ്തശേഷം ടിവി യൂണിറ്റ് വേർതിരിച്ചു.
എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ ഒരുക്കി. വാഷ് ഏരിയയിലെ ഡിസൈൻ മിറർ, ഡൈനിങ്ങിന്റെ വശത്തെ ഭിത്തിയിലും തുടരുന്നു.
മെറ്റൽ ഫ്രയിമിൽ വുഡൻ പ്ലാങ്കുകൾ വിരിച്ചാണ് സ്‌റ്റെയർ.
സ്‌റ്റോറേജിനും ഫങ്ഷനാലിറ്റിക്കും പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ.