എറണാകുളം കടവന്ത്രയിൽ കെട്ടിലും മട്ടിലും പുതുമയുള്ള ഒരു വീട് സഫലമായ സന്തോഷത്തിലാണ് ജയസൂര്യയും കുടുംബവും
15 വർഷം പഴക്കമുള്ള വീടിനെ അടിമുടി പരിഷ്കരിച്ചു. പഴയ വീടിനെ AC ഷീറ്റ് കൊണ്ട് പൊതിഞ്ഞതാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്. ഇത് വ്യത്യസ്തമായ രൂപഭംഗി വീടിന് നൽകുന്നു. ഒപ്പം പരമാവധി സ്വകാര്യതയും.
ചുറ്റുമതിൽ വയർ മെഷിൽ മെറ്റൽ വിരിച്ചാണ് നിർമിച്ചത്. പ്രധാന ഗെയ്റ്റ് കൂടാതെ ഒരു വിക്കറ്റ് ഗെയ്റ്റുമുണ്ട്. ഇത് തുറന്നാൽ റോഡിൽനിന്ന് നോട്ടം പതിയുന്നത് ബുദ്ധരൂപത്തിലേക്കാണ്. ബോധി എന്നാണ് വീടിന്റെ പേര്.
ഉള്ളിൽ പോസിറ്റീവ് എനർജി നിറയുംവിധം ബുദ്ധ തീമിലാണ് ഇന്റീരിയർ ചിട്ടപ്പെടുത്തിയത്.
ഇടുങ്ങിയ അകത്തളങ്ങളുണ്ടായിരുന്ന പഴയ വീടിനെ അടിമുടി പരിഷ്കരിച്ചാണ് പുതിയ വീട് സഫലമാക്കിയത്. ലിവിങ്, രണ്ടു കിടപ്പുമുറികൾ, കിച്ചൻ, ഹോം തിയറ്റർ, റിലാക്സിങ് സ്‌പേസ് എന്നിവയാണ് 2200 ചതുരശ്രയടി വീട്ടിലുള്ളത്.
കിടപ്പുമുറിയുടെ ചുവരുകളിൽ റസ്റ്റിക് സിമന്റ് ഫിനിഷ് ലഭിക്കുന്ന ടെക്സ്ചർ ഉപയോഗിച്ചു.
ഡോൾബി ശബ്ദമികവുള്ള ഒരു ഹോം തിയേറ്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്.
സിനിമാതിരക്കുകളുടെ ഇടവേളകളിലും വാരാന്ത്യങ്ങളിലും ജയസൂര്യയും കുടുംബവും ഇവിടെ എത്തുമ്പോൾ ബോധിയിൽ സന്തോഷത്തിന്റെ അന്തരീക്ഷം നിറയുന്നു.