കാസർഗോഡ് ജില്ലയിലെ ഉദിനൂർ എന്ന സ്ഥലത്താണ് പ്രവാസികളായ ഷിബുവിന്റെയും അർച്ചനയുടെയും പുതിയ വീട്. പ്ലാനിങ് മുതൽ ഫൈനൽ ഫിനിഷിങ് വരെ പ്രവാസി ഉടമസ്ഥർ കണ്ടതും മേൽനോട്ടം വഹിച്ചതും വിലയിരുത്തിയതും വാട്സാപ്പിലൂടെയാണ്
കൊളോണിയൽ ശൈലിയിലാണ് വീടിന്റെ എലിവേഷൻ. നീളൻ സിറ്റൗട്ടും പില്ലറുകളും നീളൻ ബാൽക്കണിയും ചരിഞ്ഞ മേൽക്കൂരയുമെല്ലാം കൊളോണിയൽ ഛായ പ്രദാനംചെയ്യുന്നു. മേൽക്കൂര ചരിച്ചുവാർത്ത് ഷിംഗിൾസ് വിരിച്ചു. പില്ലറുകളിൽ വൈറ്റ് ക്ലാഡിങ് പതിച്ച് കമനീയമാക്കി.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ ലിവിങ്, രണ്ടുകിടപ്പുമുറികൾ, രണ്ടു ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 3400 ചതുരശ്രയടിയാണ് വിസ്തീർണം.
ആഡംബരത്തികവിലാണ് അകത്തളങ്ങൾ ഒരുക്കിയത്. പൂർണമായി കസ്റ്റമൈസ് ചെയ്തു. മുന്തിയ തൂക്കുവിളക്കുകളും ഫോൾസ് സീലിങ്ങും ലിക്വിഡ് വോൾപേപ്പറും അകത്തളത്തിൽ ഹാജർ വയ്ക്കുന്നു.
വീടിന്റെ പിന്നിൽ വയലാണ്. ഇവിടെനിന്നുള്ള കാറ്റും കാഴ്ചകളും ലഭിക്കുംവിധം ഒരുക്കിയ ബാൽക്കണി ഹൈലൈറ്റാണ്.
സ്‌റ്റോറേജിനും ഉപയുക്തതയ്ക്കും പ്രാധാന്യം നൽകി കിടപ്പുമുറികൾ ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകി.