തൃശൂർ ജില്ലയിലെ ചൗക്കയിലാണ് ജോഷ്വ ജോസഫിന്റെയും കുടുംബത്തിന്റെയും പുതിയവീട്. വ്യത്യസ്തമായ രൂപഭംഗി കൊണ്ട് ശ്രദ്ധയാകർഷിക്കുന്നുണ്ട് ഈ വീട്. ഫ്ലാറ്റ്- സ്ലോപ്- കർവ് അടക്കമുള്ള ജ്യാമിതീയ രൂപങ്ങളുടെ സങ്കലനമാണ് വീടിന്റെ എലിവേഷൻ
റോഡ് ലെവലിൽനിന്ന് താഴെയുള്ള പ്ലോട്ട് മണ്ണിട്ടുയർത്താതെ സ്വാഭാവിക പ്രകൃതി നിലനിർത്തിയാണ് വീടുപണിതത്. ഗ്രേ- വൈറ്റ് കളർതീമിലാണ് പുറംകാഴ്ച. സിമന്റ് ഫിനിഷിലുള്ള ക്ലാഡിങ് ടൈൽ, റൂഫിൽ ഷിംഗിൾസ് എന്നിവ എലിവേഷൻ അലങ്കരിക്കുന്നു.
വീടിനൊപ്പം നിൽക്കുന്ന മനോഹരമായ ലാൻഡ്സ്കേപ്പാണ് മറ്റൊരാകർഷണം. ബാംഗ്ലൂർ സ്റ്റോൺ വിരിച്ച ഡ്രൈവ് വേയും മെക്സിക്കൻ ഗ്രാസ് വിരിച്ച പുൽത്തകിടിയും ചെടികളുമെല്ലാം മുറ്റം ഹരിതാഭമാക്കുന്നു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂമുകൾ എന്നിവയാണ് താഴത്തെ നിലയിൽ. അപ്പർ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് മുകൾനിലയിൽ. മൊത്തം 2334 ചതുരശ്രയടിയാണ് വിസ്തീർണം.
സ്‌റ്റെയറിനോട് അനുബന്ധമായാണ് പ്രെയർ സ്‌പേസ്. തടിയുടെ പ്രൗഡിയിലാണ് ഇവിടെ നിലവും ചുവരുകളുടെ പാനലിങ്ങും.
ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ലാൻഡ്സ്കേപ്പിനെ കണക്ട് ചെയ്യുന്ന ചെറിയ പുൽത്തകിടിയിലേക്കിറങ്ങാം. ഇതുവഴി കാറ്റും ഉള്ളിലേക്കെത്തും.
കിച്ചനും ഡൈനിങ്ങിനുമിടയിൽ ഒരു ഡിസ്പ്ലേ ഷെൽഫുണ്ട്. ഇത് മിനി പാൻട്രി കൗണ്ടറായും വർത്തിക്കുന്നു.
ലളിതമായാണ് നാലു കിടപ്പുമുറികളും ചിട്ടപ്പെടുത്തിയത്. ഹെഡ്‌സൈഡ് ഭിത്തിയിൽ വോൾപേപ്പറും ഇൻഡോർ പ്ലാന്റും മാത്രമാണ് അലങ്കാരം. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയുമുണ്ട്.