കാസർഗോഡ് നീലേശ്വരത്താണ് ഉണ്ണിയുടെ വീട്. വെറും 25 ലക്ഷം രൂപയ്ക്ക് 1770 ചതുരശ്രയടിയുള്ള ഇരുനിലവീട് പൂർത്തിയാക്കി എന്നതാണ് ഇവിടെ ഹൈലൈറ്റ്.
സമീപം വയലുള്ള കൃത്യമായ ആകൃതിയില്ലാത്ത 8 സെന്റ് പ്ലോട്ടാണുണ്ടായിരുന്നത്. സമകാലിക ബോക്സ് ആകൃതിയിലാണ് എലിവേഷൻ. വയലിൽനിന്നുള്ള കാറ്റിനെ സ്വീകരിക്കുംവിധമാണ് വീട്ടിലെ തുറസ്സുകൾ വിന്യസിച്ചത്.
ഇളംനിറങ്ങളാണ് അകത്തും പുറത്തും അടിച്ചത്. ഇത് അകത്തളം കൂടുതൽ വിശാലമായി തോന്നിക്കാൻ ഉപകരിക്കുന്നു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ഒരു ബാത്ത് അറ്റാച്ഡ് കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു ബാത്ത് അറ്റാച്ഡ് കിടപ്പുമുറി, ബാൽക്കണി എന്നിവയൊരുക്കി
എല്ലാം കയ്യെത്തുംദൂരത്തുള്ള ഒതുങ്ങിയ കിച്ചനൊരുക്കി. കിച്ചനിലേക്ക് കടക്കുന്ന ഭാഗത്ത് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഹൈ ചെയറുകളും നൽകി. മൾട്ടിവുഡ് ക്യാബിനറ്റുകളാണ് ഇവിടെയുള്ളത്. കൗണ്ടറിൽ ക്വാർട്സ് വിരിച്ചു.
ജിഐ സ്ക്വയർ ട്യൂബ് ഫ്രയിമിൽ ഫർണിച്ചർ ഒരുക്കി. കട്ടിലുകൾ ഇൻബിൽറ്റായി നിർമിച്ചു. വാഡ്രോബ്, കബോർഡ് എന്നിവ ഫെറോസിമൻറ് കൊണ്ട് നിർമിച്ചു.
ഫർണിഷിങ്ങിൽ തടിയുടെ ഉപയോഗം നിയ്രന്തിച്ചു. ഇത് നിർണായകമായി. ജിപ്സം ഫോൾസ് സീലിങ് ഒഴിവാക്കി.ചുവരുകൾ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തു. ഇതുവഴി പെയിന്റിങ് ചെലവുകൾ കുറയ്ക്കാനായി.
നിലവിലെ നിരക്കുകൾ വച്ചുനോക്കിയാൽ 1700 ചതുരശ്രയടി വീട് ഫർണിഷ് ചെയ്ത് പൂർത്തിയാക്കാൻ ചുരുങ്ങിയത് 45 ലക്ഷം രൂപയെങ്കിലും വേണം. അവിടെയാണ് 25 ലക്ഷത്തിൽ വീടൊരുക്കിയത്...അതാണ് ഇവിടെ ഹൈലൈറ്റ്.