ഗംഭീരം! ആർക്കിടെക്ടായ മകൻ മാതാപിതാക്കൾക്കായി ഒരുക്കിയ വീട്

7fqdtps3p9g73pjkfkaho425ot 6f87i6nmgm2g1c2j55tsc9m434-list 5m6t77fsba2lk114kc535lgnt3-list

മറ്റുള്ളവരുടെ ഭവനസ്വപ്നങ്ങൾ സഫലമാക്കുന്ന ആർക്കിടെക്ട് സ്വന്തം കുടുംബത്തിനായി വീട് പണിതാൽ എങ്ങനെയിരിക്കും? അത് വ്യത്യസ്തമാകാതെ തരമില്ല..

കോഴിക്കോട് തൊണ്ടയാടാണ് ഷഹബാസിന്റെയും കുടുംബത്തിന്റെയും പുതിയ വീട്.

തുടക്കം മുതൽ ഗംഭീര കാഴ്ചകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നിയതമായ ആകൃതിയില്ലാതെ ഗാംഭീര്യം തോന്നിക്കുംവിധം പുറംകാഴ്ചയൊരുക്കി.

മുന്നിലേക്ക് തള്ളിനിൽക്കുന്ന വലിയ സിമന്റ് ഫിനിഷ് ഭിത്തികളും ചരിഞ്ഞ മേൽക്കൂരയുമാണ് വീടിന് വലുപ്പം തോന്നിക്കാൻ സഹായിക്കുന്നത്.

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ മൂന്നും കിടപ്പുമുറികൾ, ലിവിങ്, മൾട്ടിപർപസ് സ്‌പേസ്, ബാൽക്കണി എന്നിവയുമുണ്ട്.

മൊത്തം 6200 ചതുരശ്രയടിയാണ് വിസ്തീർണം. വിശാലമായ ഏരിയയിൽ കോമൺ സ്‌പേസുകൾക്ക് കൂടുതൽ ഇടം വകയിരുത്തി. ഫോർമൽ ലിവിങ് കൂടാതെ ഫാമിലി ലിവിങ്, അപ്പർ ലിവിങ് എന്നിവയും വേർതിരിച്ചത് ഇതിനുദാഹരണമാണ്.

കടുംനിറങ്ങളുടെ അതിപ്രസരമില്ലാതെയാണ് അകത്തളങ്ങൾ. നാച്ചുറൽ ലൈറ്റ്, വെന്റിലേഷൻ, ഗ്രീനറി...ഈ മൂന്ന് ഘടകങ്ങൾ വീടിനുള്ളിൽ നിറയുംവിധമാണ് ഡിസൈൻ. പകൽ പലപ്പോഴും വീടിനുള്ളിൽ ലൈറ്റും ഫാനും ഇടേണ്ട ആവശ്യം വരുന്നില്ല.

ഫോർമൽ ലിവിങ് ഡബിൾഹൈറ്റിലാണ്. സീലിങ്ങിലെ സ്‌കൈലൈറ്റിലൂടെ നാച്ചുറൽ ലൈറ്റ് ഇവിടെ നിറയുന്നു. വശത്തെ മുഴുനീള ഗ്ലാസ് ജാലകത്തിലൂടെ വാട്ടർ ബോഡിയുടെ മനോഹരദൃശ്യം ആസ്വദിക്കാം.

എട്ടുപേർക്കിരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ ഡൈനിങ് യൂണിറ്റ്. മാർബിൾ ഫിനിഷിലാണ് ടേബിൾ ടോപ്.

വുഡൻ തീമിലുള്ള കിച്ചൻ വേറിട്ട കാഴ്ചയാണ്. ധാരാളം സ്റ്റോറേജ് ചെറിയ സ്ഥലത്ത് ഒരുക്കി. ടൈലാണ് കൗണ്ടറിൽ വിരിച്ചത്. എൻട്രിയിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ചെയറുമുണ്ട്.

മൊത്തം ആറുകിടപ്പുമുറികളുണ്ട്. സുന്ദരമായിട്ടാണ് വീട്ടിലെ ഓരോ കിടപ്പുമുറികളും ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയും അനുബന്ധമായുണ്ട്.

ചുരുക്കത്തിൽ, സ്വന്തം വീട് ചെയ്യുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യം, ഇവിടെ പരമാവധി ക്രിയേറ്റീവായി ഉപയോഗിക്കാൻ ആർക്കിടെക്ടിന് സാധിച്ചിട്ടുണ്ട്.