കൊച്ചി കലൂരിൽ നഗരത്തിരക്കുകൾക്കിടയിലാണ് വ്യത്യസ്തമായ ഈ ഭവനം. 'തിങ്ങി നിറഞ്ഞ കെട്ടിടങ്ങളുള്ള പ്രദേശത്ത് വേറിട്ടുനിൽക്കുന്ന സ്വകാര്യതയുള്ള വീട്' എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം
നവീന കന്റെംപ്രറി ശൈലിയിൽ പലവിധ ബോക്സ് ഷേപ്പുകളുടെ സങ്കലനമായാണ് വീടൊരുക്കിയത്. വലിയ ലാമിനേറ്റഡ് ഗ്ലാസ് ഭിത്തികളാണ് എലിവേഷന് വേറിട്ട ഭംഗിയേകുന്നത്.
രാത്രിയിൽ ഉള്ളിലെ ലൈറ്റുകൾ തെളിയുമ്പോൾ വീടിന്റെ ആംബിയൻസ് വർധിക്കുന്നു. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ.
മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 4150 ചതുരശ്രയടിയാണ് വിസ്തീർണം. സെമി-ഓപൺ നയത്തിലാണ് അകത്തളക്രമീകരണം.
ക്രോസ് ക്രോസ് വെന്റിലേഷൻ ഓരോയിടങ്ങളിലും സുഗമമായി ലഭിക്കുംവിധം ജാലകങ്ങൾ ചിട്ടപ്പെടുത്തി.
നഗരമധ്യമായതിനാൽ ലാൻഡ്സ്കേപ്പിങ് ഒരുക്കുന്നതിൽ പരിമിതിയുണ്ട്. ഇത് പരിഹരിച്ചത് വീടിനുള്ളിൽ പച്ചത്തുരുത്തുകൾ ഒരുക്കിയാണ്.
ഡബിൾഹൈറ്റിലാണ് ഫോർമൽ ലിവിങ്. കസ്റ്റമൈസ്ഡ് ലെതർ സോഫ ഇവിടം അലങ്കരിക്കുന്നു. രാജകീയ ഫിനിഷിലാണ് ഡൈനിങ് സെറ്റ്. മെറ്റൽ ഫ്രയിമിൽ മാർബിൾ ടോപ് നൽകിയാണ് ഇതൊരുക്കിയത്. കോർട്യാർഡിന്റെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിലാണ് ഡൈനിങ് ഏരിയ.
വീടിനുള്ളിലെ ശ്രദ്ധാകേന്ദ്രം കോർട്യാർഡാണ്. ഇവിടെ നിറയെ ഇൻഡോർ പ്ലാന്റുകൾ നൽകി ഹരിതാഭ നിറച്ചിരിക്കുന്നു. ട്രിപ്പിൾ ഹൈറ്റിലാണ് ഇവിടം. സീലിങ്ങിൽ ടഫൻഡ് ഗ്ലാസ് നൽകി.
കോർട്യാർഡിലെ ഹരിതാഭ മറ്റിടങ്ങളിൽനിന്ന് ആസ്വദിക്കാനായി ഗ്ലാസ് ചുവരുകളാണ് ചുറ്റിനും നൽകിയത്. രണ്ടു വശത്തും സ്ലൈഡിങ് ഗ്ലാസ് വാതിലുകളുണ്ട്. ഇത് തുറന്നാൽ മറ്റുസ്‌പേസുകളുമായി കോർട്യാർഡ് ഇഴുകിച്ചേർന്ന് വലിയ ഒരുസ്‌പേസായി മാറും.
മോഡേൺ സൗകര്യങ്ങൾ കൂട്ടിയിണക്കിയ കിച്ചൻ. എൻട്രിയിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറൊരുക്കി. ലാക്വേഡ് ഗ്ലാസ് ഫിനിഷിലാണ് ക്യാബിനറ്റ്.
നഗരകേന്ദ്രത്തിലായതിനാൽ പുറത്തെ ബഹളങ്ങൾ ഉള്ളിലേക്കെത്താതെ സ്വകാര്യതയേകിയാണ് കിടപ്പുമുറികൾ ചിട്ടപ്പെടുത്തിയത്. റിസോർട് തീമിലാണ് വിശാലമായ കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ അനുബന്ധമായുണ്ട്.
ഫർണിഷിങ്ങിലും സൗകര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ ഏറ്റവും ആഡംബരപൂർണമായ ജീവിതം ലഭിക്കാൻ വേണ്ടതെല്ലാം ഇവിടെയൊരുക്കി. നഗരത്തിരക്കുകളിൽ നിന്ന് വീടിനകത്തേക്ക് പ്രവേശിച്ചാൽ 'നഗരമധ്യത്തിലെ വീടാണെന്ന കാര്യമേ മറന്നുപോകും' എന്നതാണ് രൂപകൽപനയിലെ മാജിക്.