കോട്ടയം വൈക്കത്താണ് കാർത്തിക്-മേഘ ദമ്പതികളുടെ സ്വപ്നഭവനം. 20 സെന്റിൽ 2200 സ്ക്വയർഫീറ്റിലാണ് വീട് നിർമിച്ചിട്ടുള്ളത്. ഒരുനില വീടെങ്കിലും രണ്ടു നിലയുടെ സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്. മേൽക്കൂര ഫ്ലാറ്റ് വാർത്ത് ട്രസ്സ് ചെയ്ത് മംഗലാപുരം ഓട് വിരിച്ചത് കേരളത്തനിമ പകരുന്നു. ഇതിനുള്ളിൽ ചെറിയ ആറ്റിക് സ്‌പേസുമുണ്ട്.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, 3 ബെഡ്റൂമുകൾ, അറ്റാച്ച്ഡ് ബാത്റൂം എന്നിവയാണ് വീട്ടിലെ ഇടങ്ങൾ.
പ്രധാനവാതിൽ കടന്ന് പ്രവേശിക്കുന്നത് ലിവിങ് സ്പേസിലേക്കാണ്. ഇവിടെ തൂവെള്ള നിറത്തില്‍ കസ്റ്റമൈസ് ചെയ്ത സോഫയുണ്ട്. ഒരുഭിത്തി ടെക്സ്ചർ ഹൈലൈറ്റ് ചെയ്തു. ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഒറ്റഹാളിലായി ക്രമീകരിച്ചു. അതിനാൽ ഇവിടേക്ക് കടക്കുമ്പോൾ നല്ല വിശാലത അനുഭവപ്പെടും.
ഓപൺ മോഡേൺ മോഡുലാർ കിച്ചനാണ് വീട്ടിലെ മറ്റൊരു മനോഹരയിടം. ജ്യോമെട്രിക്കൽ പാറ്റേൺ വോൾ ടൈലാണ് കിച്ചനിലെ താരം. മറൈൻ പ്ലൈ, ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.
ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഫോൾഡിങ് ഡോർ തുറന്നാൽ മഴയും വെയിലും വീട്ടിനുള്ളിലെത്തുന്ന മനോഹരമായ കോർട്യാഡിലേക്ക് കടക്കാം. ഇത് വീടിനുള്ളിലെ പച്ചത്തുരുത്താണ്. ടെറാകോട്ട ജാളി, എക്സ്പോസ്ഡ് ബ്രിക് വർക്ക് എന്നിവയുള്ള ഭിത്തിയും ഇവിടെയുണ്ട്.
പ്രധാനഹാളിൽ നിന്നാരംഭിക്കുന്ന ഇടനാഴിയുടെ തുടക്കത്തിൽ വാഷ് ഏരിയ നൽകിയിരിക്കുന്നു. ജ്യോമെട്രിക്കൽ ടൈലുകൾ കൊണ്ട് ഹൈലൈറ്റ് ചെയ്ത വാഷ് ഏരിയ കാണാൻ നല്ല ഭംഗിയാണ്.
ഇടനാഴിയുടെ വശത്തായി സ്വകാര്യത ലഭിക്കുംവിധമാണ് കിടപ്പുമുറികളുടെ വിന്യാസം. 14x14 സൈസിൽ വൈറ്റ് തീമിലാണ് കിടപ്പുമുറികൾ. വർക് സ്പേസ്, വാഡ്രോബ്, ഡ്രസിങ് ഏരിയ, അറ്റാച്ഡ് ബാത്റൂം എന്നിവയും അനുബന്ധമായുണ്ട്.
വീടിന്റെ സ്ട്രക്ചറും ഫർണിഷിങ്ങും അടക്കം 60 ലക്ഷം രൂപയാണ് ചെലവ്. ആഗ്രഹിച്ച പോലെയൊരു വീട് ലഭിച്ചതിൽ വീട്ടുകാർ ഹാപ്പിയാണ്.