പണ്ട് നടുമുറ്റത്തെ കേന്ദ്രീകരിച്ചായിരുന്നു പല പരമ്പരാഗത വീടുകളും നിർമിച്ചിരുന്നത്. അതിന്റെ അപ്ഗ്രേഡഡ് പതിപ്പാണ് മലപ്പുറം കുറ്റിപ്പുറത്തുള്ള ഈ വീട്.
ഇവിടെ വീടിന്റെ മധ്യത്തിലുള്ളത് സ്വിമ്മിങ് പൂളാണ്. അതിനുചുറ്റുമായി ഇടങ്ങൾ ഒരുക്കി.വീതി കുറഞ്ഞു പിന്നിലേക്ക് നീളത്തിൽ കിടക്കുന്ന പ്ലോട്ടാണ്.
ഇവിടെ പരമാവധി സ്ഥലഉപയുക്തത ലഭിക്കാനാണ് ഫ്ലാറ്റ്-ബോക്സ് ആകൃതിയിൽ പുറംകാഴ്ച ഒരുക്കിയത്. വീടുപോലെ ചുറ്റുവട്ടവും ഭംഗിയായി ഒരുക്കി. ബാംഗ്ലൂർ സ്റ്റോണും കോബിൾ സ്റ്റോണും ഇടകലർത്തി മുറ്റത്ത് വിരിച്ചു.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, സ്വിമ്മിങ് പൂൾ, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ മൂന്നു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 4500 ചതുരശ്രയടിയാണ് വിസ്തീർണം.
സെമി-ഓപൺ നയത്തിൽ കമനീയമായാണ് അകത്തളങ്ങൾ. വിശാലതയ്‌ക്കൊപ്പം സ്വകാര്യത ലഭിക്കാനായി സെമി-പാർടീഷൻ ഉപയോഗപ്പെടുത്തി. പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുന്നത് വേർതിരിച്ച ഫോർമൽ ലിവിങ്ങിലേക്കാണ്.
കസ്റ്റമൈസ്ഡ് ഫർണിച്ചറിന്റെ ഭംഗി ഇവിടെക്കാണാം. ഫോർമൽ-ഫാമിലി ലിവിങ് വേർതിരിക്കുന്നത് കോർട്യാർഡാണ്. ഇവിടെ സ്‌കൈലൈറ്റ് വഴി പ്രകാശം ഉള്ളിലെത്തും.
ഫ്ലോറിങ്ങിൽ പലവിധ പരീക്ഷണങ്ങൾ നടത്തി. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഡിയിലാണ് കുറച്ചിടങ്ങൾ. മറ്റിടങ്ങളിൽ ടൈൽ, വുഡൻ ടൈൽ എന്നിവയുമുണ്ട്. തടിയുടെ പ്രൗഢിയും സമൃദ്ധിയുമാണ് മറ്റൊരു ഹൈലൈറ്റ്. സീലിങ്, പാനലിങ് എന്നിവയിലെല്ലാം തടി നന്നായി ഉപയോഗിച്ചു.
വീടിന്റെ മധ്യഭാഗത്തുള്ള ആകാശത്തേക്ക് തുറന്ന വിശാലമായ പൂളാണ് ഈ വീടിന്റെ ഹൈലൈറ്റ്. വീട്ടിലെ മിക്ക ഇടങ്ങളിൽനിന്നും പൂളിന്റെ ഭംഗി ആസ്വദിക്കാം. ഇതിനായി ഗ്ലാസ് ജാലകങ്ങൾ ചുറ്റോടുചുറ്റും നൽകി.
ഉച്ചസമയത്ത് പൂളിലെ വെള്ളത്തിന്റെ തണുപ്പ് ഇളംകാറ്റിലൂടെ വീടിനുള്ളിലേക്ക് ഒഴുകിയെത്തും എന്ന പ്രത്യേകതയുമുണ്ട്. കിടപ്പുമുറികളിൽ നിന്നും പൂളിന്റെ ഭംഗി ആസ്വദിച്ചു നിൽക്കാൻ നീളത്തിൽ ഇടനാഴികൾ നൽകിയിട്ടുണ്ട്.
അതുപോലെ ഡൈനിങ്ങിലെ നീളൻ ബെവിൻഡോയിൽ ഇരുന്നാൽ പൂൾഅടുത്താസ്വദിക്കാം. ശരിക്കും റിസോർട്ടുകളിൽ മാത്രം കണ്ടിട്ടുള്ള ഇത്തരം സൗകര്യങ്ങൾ വീടിന്റെ സ്വകാര്യതയിൽ ഉൾപ്പെടുത്തി എന്നതാണ് ഈ നിർമിതിയെ വ്യത്യസ്തമാക്കുന്നത്.