മലപ്പുറം തിരൂരിൽ ഒരുക്കിയ സ്വപ്നവീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. കണ്ടാൽ ഒതുക്കമുള്ള വീട്, എന്നാൽ ഉള്ളിൽ വിശാലമായ സൗകര്യങ്ങൾ വേണം. ഇതായിരുന്നു ഞങ്ങളുടെ പ്രധാന ആവശ്യം.
പല തട്ടുകളായി ഓടുവിരിച്ച ചരിഞ്ഞ മേൽക്കൂരയാണ് വീടിന്റെ പുറംകാഴ്ചയിലെ ആകർഷണം. പുറമെ കണ്ടാൽ ഒരുനില വീട് എന്നേ തോന്നുകയുള്ളൂ, എന്നാൽ രണ്ടുനിലയിലായി ഇടങ്ങൾ ഒരുക്കിയിരിക്കുന്നു.
വെള്ള ചുവരുകൾക്കൊപ്പം ലാറ്ററൈറ്റ് ക്ലാഡിങ് പതിച്ച ചുവരുകളും ചേരുമ്പോൾ പുറംകാഴ്ചയിൽ നല്ല ഭംഗിയാണ്. വീടിന്റെ ഭംഗി മറയ്ക്കാതെ കാർപോർച്ച് വശത്തേക്ക് മാറ്റിസ്ഥാപിച്ചു.
അത്യാവശ്യം സ്ഥലമുള്ളതുകൊണ്ട് വിശാലമായി പരന്നുകിടക്കുംവിധം ഇടങ്ങൾ ചിട്ടപ്പെടുത്തി. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ മൂന്ന് കിടപ്പുമുറികൾ, ലിവിങ്, ബാൽക്കണി എന്നിവയുണ്ട്. മൊത്തം 3400 ചതുരശ്രയടിയാണ് വിസ്തീർണം.
പബ്ലിക്- സെമി-പബ്ലിക്- പ്രൈവറ്റ് എന്നിങ്ങനെ സോണുകളായാണ് ഇടങ്ങളൊരുക്കിയത്. ഇവയെ പരസ്പരം ബന്ധിപ്പിക്കുന്നത് പാസേജുകളാണ്. കാറ്റും വെളിച്ചവും പച്ചപ്പുമെല്ലാം വീടിനുള്ളിൽ വേണ്ടുവോളമുണ്ട്.
ജിഐ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ. അനുബന്ധമായി ഗ്ലാസ് കൈവരികളും നൽകി. കോർട്യാർഡാണ് വീട്ടിലെ ഞങ്ങളുടെ ഇഷ്ടായിടം. പർഗോളയും ഗ്ലാസും നൽകിയ ഇവിടെ പ്രകാശം സമൃദ്ധമായി വിരുന്നെത്തുന്നു.
ചായ കുടിക്കാനും വെറുതെ സംസാരിച്ചിരിക്കാനുമെല്ലാം നല്ല സ്‌പേസാണിത്. ടെർമിനാലിയ ഇൻഡോർ പ്ലാന്റും ഹരിതാഭ നിറയ്ക്കുന്നു.
ബ്ലാക് - വൈറ്റ് തീമിലാണ് ഡൈനിങ് ഏരിയ. നാനോവൈറ്റിലാണ് ടേബിൾ ടോപ്. ചെയറുകൾ ബ്ലാക് അപ്ഹോൾസ്റ്ററി ഫിനിഷിലൊരുക്കി.
വൈറ്റ്+ വുഡൻ തീമിലാണ് കിടപ്പുമുറികൾ. പുറത്തെ പച്ചപ്പും കാറ്റുമെല്ലാം ആസ്വദിക്കാൻ പാകത്തിലാണ് ക്രമീകരണം. മാസ്റ്റർ ബെഡ്‌റൂം സ്പെഷലായി ഒരുക്കി. ഇവിടെ ബാത്‌റൂമിൽ ഓപ്പൺ ടു സ്‌കൈ ഏരിയ വേർതിരിച്ചു. മഴയും വെയിലും ഉള്ളിലെത്തും. മാസ്റ്റർ ബെഡ്‌റൂമിൽ വിശാലമായ വാക് ഇൻ വാഡ്രോബ് സജ്ജീകരിച്ചു.
മൾട്ടിവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. വെള്ള നിറത്തിന് ക്യാബിനറ്റുകളുടെ വുഡൻ കളർ കോൺട്രാസ്റ്റ് നൽകുന്നുണ്ട്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ബ്രേക്ഫാസ്റ്റ് കൗണ്ടറും അനുബന്ധമായുണ്ട്.
സ്വച്ഛസുന്ദരമായ പ്രദേശമാണിവിടം. വൈകുന്നേരങ്ങൾക്ക് പ്രത്യേക വൈബാണ്. ചുരുക്കത്തിൽ ഞങ്ങൾ ആഗ്രഹിച്ചതിലും ഭംഗിയായി ഒരുവീട് സഫലമായതിൽ വളരെ സന്തോഷമുണ്ട്.