പാലക്കാട് ജില്ലയിലെ കുമാരനെല്ലൂരിലാണ് പ്രവാസി ബിസിനസുകാരനായ ഇസ്മായിൽ കോമത്തിന്റെയും കുടുംബത്തിന്റെയും പുതിയ വീട്.
ഒറ്റനിലയിൽ നാലു കിടപ്പുമുറികളോട് കൂടി എന്നും പുതുമയോടെ നിലനിൽക്കുന്ന വീട് വേണം, കാറ്റും വെളിച്ചവും നന്നായി ലഭിക്കണം തുടങ്ങിയവയായിരുന്നു വീട്ടുകാരുടെ ആവശ്യങ്ങൾ. ഇപ്രകാരം കൊളോണിയൽ ശൈലിയിലുള്ള വമ്പൻ പുറംകാഴ്ചയും ക്ലാസിക് ശൈലിയിലുള്ള അകത്തളങ്ങളുമാണ് ഈ വീടിന്റെ പ്രത്യേകത.
ഒരേക്കർ സ്ഥലമുള്ളതിനാൽ മുറ്റത്തിന് പ്രാധാന്യം നൽകി പിന്നിലേക്കിറക്കിയാണ് കാഴ്ചയിൽ ഇരുനില തോന്നിപ്പിക്കും വിധം ഉയരത്തിൽ ഒറ്റനില വീട് പണിതത്. ഡ്രൈവ് വേ നാച്ചുറൽ സ്റ്റോണും ഗ്രാസ്സും വിരിച്ച മുറ്റവും വലിയ പില്ലറുകളും ക്ലാഡിങ്ങും മേൽക്കൂരയിലെ ഡോർമർ വിൻഡോസും കൊളോണിയൽ ശൈലി പ്രതിഫലിപ്പിക്കുന്നു.
തേക്കിൽ കൊത്തു പണികൾകൊണ്ട് മനോഹരമാക്കിയ പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുന്നത് വിശാലമായ ലിവിങ്ങിലേക്കാണ്. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് അകത്തളങ്ങളിൽ നിറയുന്നത്.
ക്ലാസിക് ഡിസൈനിങ്ങിന് ഉതകുന്ന വാൾലൈറ്റുകൾ ബോർഡർ ഡിസൈനുകൾ ആർട്ട് വർക്കുകൾ പെയിൻ്റുകൾ.. ഇവയെല്ലാം ഓരോചുമരുകളെയും ജീവസ്സുറ്റതാക്കുന്നു.
സിറ്റൗട്ട്, ഫോർമൽ ലിവിങ്,ഫാമിലി ലിവിങ്, വിശാലമായ ഹാൾ, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, പ്രാർഥന മുറി, നാല് കിടപ്പുമുറികൾ, അറ്റാച്ച്ഡ് ബാത്ത്റൂമുകൾ എന്നിവയാണ് 7000 ചതുരശ്ര അടിയിൽ ഉൾക്കൊള്ളിച്ചത്.
വീടിനുള്ളിലെ പ്രധാന ആകർഷണമാണ് ഗസ്റ്റ് ലിവിങ് കഴിഞ്ഞെത്തുന്ന വിശാലമായ ഹാൾ. ഇതിന്റെ ഒരുഭാഗത്ത് ഫാമിലി ലിവിങ്ങും മറുവശത്ത് ഡൈനിങ്ങും ഒരുക്കി.
രണ്ട് ലെവളിൽ ക്രമീകരിച്ച സിറ്റിങ് ഏരിയ ഉള്ളിലെ ഹൈലൈറ്റാണ്. അതിനുചുറ്റും മികച്ച ഡിസൈനിൽ തീർത്ത കൈവരികളും, സിറ്റിങ് ഏരിയയുടെ ഒത്തനടുവിൽ ചെയ്തിട്ടുള്ള ഡോം ഡിസൈനും ക്ലാസിക് ശൈലിയിലുള്ള അകത്തളത്തെ കൂടുതൽ മനോഹരമാക്കുന്നു.
ഉള്ളിൽ നിൽക്കുമ്പോഴും പുറമെയുള്ള കാലാവസ്ഥയെ തൊട്ടറിയാൻ കഴിയുന്ന കട്ട്ഔട്ടുകളും, കോർട്യാർഡുകളും ഈ ഹാളിനെ മറ്റു ഡിസൈനുകളിൽ നിന്ന് വേറിട്ട് നിർത്തുന്നു. പുറമേ മാറുന്ന സൂര്യപ്രകാശത്തിൻ്റെ തോത് അനുസരിച്ചുള്ള മാറ്റങ്ങൾകോപം ഹാളിനുള്ളിലെ ആമ്പിയൻസും മാറുന്ന കാഴച മനോഹരമാണ്.
തേക്കിൽ തീർത്ത ഫർണിച്ചറുകൾ ഉള്ളിൽ പ്രൗഢിനിറയ്ക്കുന്നു.നല്ല ഉയരത്തിൽ ചെയ്ത ഈ വീടിൻ്റെ സീലിങ്ങിലെ ഡിസൈൻ-ലൈറ്റിങ് വർക്കുകൾ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയായി മാറുന്നു.
വാൾ ഡിസൈനും, സീലിങ് ഡിസൈനും, നാച്ചുറൽ വെളിച്ചവും കൂടിച്ചേരുമ്പോഴുള്ള കാഴ്ചകൾ തികച്ചും വ്യത്യസ്തവും മനോഹരവുമായ അനുഭൂതിനൽകുന്നതാണ്. വിശാലമായ ഡൈനിങ്ങും ഫാമിലി ലിവിങ്ങും ക്ലാസിക് ഡിസൈൻ്റെ മനോഹാരിത വിളിച്ചോതുന്നു. നാച്ചുറൽ ലൈറ്റ് കിട്ടാൻ നൽകിയ കട്ടൗട്ടും, കോർട്യാർഡും അതിൻ്റെ തിളക്കം കൂട്ടുന്നു.
മൾട്ടിവുഡിൽ അക്രിലിക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ കൊറിയൻ ടോപ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.
നാലു കിടപ്പുമുറികളും അതിഗംഭീരമായി മോഡേൺ രീതിയിൽ വിത്യസ്ത തീമിലാണ് ഒരുക്കിയത്. സൺബാത്ത് രീതിയിൽ ക്രമീകരിച്ച അറ്റാച്ച്ഡ് ബാത്ത്റൂമുകൾ വിശാലമാണ്.
ഗൃഹനാഥന് വിദേശത്ത് ബിസിനസാണ്. അതിനാൽ വീടുപണിയുടെ തുടക്കം മുതൽ പലഘട്ടങ്ങളും വാട്സാപ്പിലൂടെയായിരുന്നു ഗൃഹനാഥൻ വിലയിരുത്തിയത്.
തങ്ങൾക്ക് നൽകിയ സ്വാതന്ത്ര്യം മികച്ച രീതിയിൽ വീട് പൂർത്തിയാക്കാൻ ഉപകരിച്ചെന്ന് ഡിസൈനറും പറയുന്നു. രാത്രിയിൽ വിളക്കുകൾ കൺതുറക്കുമ്പോൾ വീടും ലാൻഡ്സ്കേപ്പും സ്വർണ നിറത്തിൽ കുളിച്ചു നിൽക്കുന്ന കാഴ്ച ഗംഭീരമാണ്.