തമിഴ്നാട് ഗൂഡല്ലൂരിൽ നീലഗിരി മലനിരകൾക്ക് താഴെയാണ് ഈ സ്വപ്നഭവനം. കന്റെംപ്രററി ശൈലിയിൽ ടൗണിൽ നിന്ന് കുറച്ചുമാറി നീലഗിരിയുടെ പച്ചപ്പിനിടയിൽ ഒരു മഞ്ഞുതുള്ളി പോലെ വീട് നിൽക്കുന്ന കാഴ്ച സുന്ദരമായ അനുഭൂതിയാണ്.
ക്യാപ്റ്റൻ ജിനു എബ്രഹാമിന്റെയും ഭാര്യ ഡോ. നീനയുടെയും താൽപര്യങ്ങൾ മുൻനിർത്തിയാണ് പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഈ വീട് നിർമിച്ചിരിക്കുന്നത്.
വിശാലമായ മുറ്റവും അതിലെ ചെടികളും ഒന്നിലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന പാർക്കിങ് സ്പേസും വീടിനു ചുറ്റുമുള്ള മരങ്ങളും ഈ വീടിന്റെ ഭംഗി എടുത്തു കാണിക്കുന്നു.
വീടിന്റെ മുകൾനിലയിലെ ഓപ്പൺ ടെറസ് രീതിയിലുള്ള ബാൽക്കണിയിൽ നിന്നാൽ നീലഗിരി മലനിരകളുടെ വശ്യമായ സൗന്ദര്യം ആസ്വദിക്കാം. അതിനായി ഇവിടെ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
താഴത്തെ നിലയിൽ സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്ട്യാട്, ഓപ്പൺ കിച്ചൻ, മെയിൻ കിച്ചൻ, പ്രയർ റൂം, അറ്റാച്ച്ഡ് ബാത്റൂമോടുകൂടിയ മൂന്ന് കിടപ്പുമുറികൾ, സ്റ്റഡി ഏരിയ എന്നിവയും മുകളിലത്തെ നിലയിൽ ഫാമിലി ലിവിങ്, വായനാമുറി, ജിം, ബാൽക്കണി എന്നിവയോടും കൂടി മൊത്തം 4850 സ്ക്വയർ ഫീറ്റിലാണ് വീട്.
പ്രൗഢി തോന്നുംവിധമാണ് സ്വീകരണമുറി. വിട്രിഫൈഡ് ടൈൽസാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മനോഹരമായ സീറ്റിങ് അറേഞ്ച്മെൻസും ചെറിയ ടേബിളും ടിവി യൂണിറ്റും സ്വീകരണം മുറിയുടെ ഭംഗി അലങ്കരിച്ചിരിക്കുന്നു.
ലിവിങ് - ഡൈനിങ് വേർതിരിക്കുന്നിടത്ത് ഒരു ഓപ്പൺ വിൻഡോയും കൊടുത്തിട്ടുണ്ട്. വളരെ ശാന്തമായ ഒരു സിംഗിൾ സീറ്റിങ് കോർട്ട്യാർഡ് ഇവിടെ ഒരുക്കിയിട്ടുണ്ട്.
സ്റ്റെയറിന് സമീപം ഡൈനിങ് ഏരിയ ക്രമീകരിച്ചു. സ്റ്റെയറിന് താഴെയായി ഒരു ചെറിയ സ്റ്റഡി സ്പേസുമുണ്ട്. സ്റ്റെയർ സ്റ്റീൽ സ്ട്രെക്ചറിൽ തേക്ക്, ഹാൻഡ്റയിലിന് ഗ്ലാസ്സും ആണ് ഉപയോഗിച്ചിരിക്കുന്നത്.
ആർട്ടിഫിഷ്യൽ മാർബിൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഡൈനിങ് ടേബിളും അതിന്റെ ചെയറുകളും അതിനു സൈഡിലായുള്ള സ്റ്റോൺ ഫൗണ്ടേയ്‌നും ഡൈനിങ് ഏരിയയുടെ മാറ്റുകൂട്ടുന്നവയാണ്.
താഴെ മൂന്നും മുകളിൽ രണ്ടും കിടപ്പുമുറികളാണുള്ളത്. പരിപാലനവും മുകളിലുള്ള ബാൽക്കണി സൗകര്യവും കണക്കിലെടുത്താണ് മുകളിൽ മുറികൾ കുറച്ചത്. ബെഡ്റൂം ക്യാബിനറ്റിനും ബെഡിനും എല്ലാം പ്ലൈവുഡിൽ മൈക്ക ഫിനിഷിങ്ങാണ്. ചുറ്റുമുള്ള പ്രകൃതിയുടെ മനോഹരമായ കാഴ്ചകളിലേക്ക് തുറക്കുന്ന ധാരാളം ജാലകങ്ങൾ കിടപ്പുമുറികൾക്ക് നൽകി.
മുകൾനിലയിൽ വളരെ സിമ്പിളായി എന്നാൽ ഭംഗിയോടുകൂടി ഒരു റീഡിങ് റൂം ഒരുക്കിയിട്ടുണ്ട്. ക്യാപ്റ്റന്റെ നിർദ്ദേശപ്രകാരം ആരോഗ്യ പരിപാലനത്തിനായി ഒരു ജിം റൂമും ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്.
“ഹൗസ് ഓഫ് സാൽവേഷൻ” എന്നാണ് വീടിന്റെ പേര്. മനോഹരമായ സീറ്റിങ്ങുള്ള ഡിവൈനിറ്റി ഫീൽ ചെയ്യുന്ന രീതിയിൽ ഒരു പ്രയർ റൂം ഈ വീടിനായി ഒരുക്കിയിട്ടുണ്ട്. ഈ വീടിനുള്ളിൽ പലയിടങ്ങളിലായി സ്ഥാനം പിടിച്ചിട്ടുള്ള ഡിവൈൻ ഫോട്ടോസും ആഡംബരങ്ങൾ ഏതുമില്ലാതെ വിന്യസിപ്പിച്ചിരിക്കുന്ന ഇൻഡോർ ചെടികളും ഈ വീടിന്റെ പേര് പോലെ തന്നെ ദിവ്യമായ അനുഭവം നമ്മളിലേക്ക് എത്തിക്കുന്നുണ്ട്.