തെങ്ങും കവുങ്ങും ഇടതൂർന്നു നിൽക്കുന്ന പുരയിടവും, അവിടേക്കുള്ള നീണ്ട കല്ലിടവഴിയും തരുന്ന തികഞ്ഞ ഗ്രാമാന്തരീക്ഷത്തിലാണ് ഈ വീട്.
പുറത്തെ ചൂടിനെ വെല്ലുന്ന അകത്തെ ചൂടുമായി ബുദ്ധിമുട്ടിച്ചിരുന്ന പഴയ വീടും, പണ്ടത്തെ നാലുകെട്ടിന്റെ പറഞ്ഞു കേട്ട കഥകളും ഓർമയിൽ ഉള്ളതുകൊണ്ട്, നടുമുറ്റമുള്ള ഒരു നാലുകെട്ട് വീട് മതി എന്നത് വീട്ടുകാരുടെ ആവശ്യമായിരുന്നു.
പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച്, അനാവശ്യ ആർഭാടങ്ങൾ ഒഴിവാക്കി, മനുഷ്യനും പ്രകൃതിയും സഹജീവിക്കുന്ന, സ്വാസ്ഥ്യം ലഭിക്കുന്ന ഒരിടം ഒരുക്കാനാണ് ഞങ്ങൾ ശ്രമിച്ചത്.
ചുറ്റും പച്ചപ്പ് നിറഞ്ഞ പറമ്പിലെ ഹരിതാഭ മുഴുവനും ആസ്വദിക്കാവുന്ന രീതിയിലാണ് കെട്ടിടം വിഭാവനം ചെയ്തത്. മുൻവശത്തെ വരാന്തയിലേക്ക് കയറുന്നത് പുറത്തെ നടുമുറ്റത്തിന് അഭിമുഖമായാണ്. അകത്ത് അങ്ങ് അടുക്കളയിൽ നിന്നുവരെ വീട്ടിലേക്ക് വരുന്നവരെ കാണാം. എങ്കിലും വീടകത്തിന് വേണ്ട സ്വകാര്യത ഉറപ്പുവരുത്തുന്നത് നടുമുറ്റമാണ്. വരാന്തയിൽ ഒരറ്റത്ത് മുറ്റവും തോട്ടവും കണ്ടിരുന്നുള്ള ഹൃദ്യമായ ഒരു കൂട്ടംകൂടലിന് ഇടമൊരുക്കി.
വീടിനുള്ളിലേക്ക് കയറുമ്പോൾ ആദ്യം കാണുക അകത്തെ നടുമുറ്റമാണ്. നടുമുറ്റത്തിന് അഭിമുഖമായി വരുന്ന അതത് ഇടങ്ങൾ എന്ന രീതിയിലാണ് രൂപകൽപന. കാറ്റുകൊണ്ട് ഒരുച്ച മയക്കത്തിന് ഇവിടെ നടുമുറ്റത്തിനടുത്ത് ജനലുകളോട് ചേർന്ന ഇരിപ്പിടം തന്നെ ധാരാളം.
കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യവും, ആട്ടുകട്ടിലിനോ ചാരിയിരിക്കാൻ ഒരു ചാരുകസേരയ്‌ക്കോ ഉള്ള സ്ഥലവും, വിശാലമായ ഒരു സ്വീകരണ മുറിയും, പൂജാമുറിയും, ഊണുമുറിയും, അടുക്കളയും എല്ലാമുണ്ട്; വേണ്ട സ്വകാര്യതയും സൗകര്യങ്ങളും ഉറപ്പുവരുത്തിത്തന്നെ.
ആധുനിക സൗകര്യങ്ങളോടു കൂടിയ നാല് കിടപ്പുമുറികളാണ് ഇവിടെയുള്ളത്. മുകളിൽ ബാൽക്കണിയോടുകൂടിയ ഒരു ഫാമിലി ലിവിങും രണ്ടു കിടപ്പുമുറികളുമാണുള്ളത്. നടുമുറ്റവും ചുറ്റുമുള്ള വരാന്തയും രണ്ടു നിലകളെയും പരസ്പരം ബന്ധിപ്പിക്കുന്നു.
വെട്ടുകല്ലും കരിങ്കല്ലുമാണ് ഇവിടെ ഉപയോഗിച്ച പ്രധാന നിർമാണ വസ്തുക്കൾ. മേൽക്കൂര സ്റ്റീൽ ട്രസ് റൂഫിൽ ഓട് മേഞ്ഞതാണ്. താഴെ സീലിങ് ഓടുമുള്ളത് ചൂട് കുറയ്ക്കാൻ സഹായിക്കുന്നു. തടി തൂണുകൾ പഴയ കെട്ടിടങ്ങളിൽ നിന്നും റീയൂസ് ചെയ്തതാണ്.
ചുമരുകളിൽ പലയിടത്തും പ്ലാസ്റ്ററിങ് തന്നെ പോളിഷ് ചെയ്തു. മറ്റ് ചുമരുകൾ പ്ലാസ്റ്ററിങ് ഒഴിവാക്കി വെട്ടുകല്ലിന്റെ സ്വാഭാവികത്തനിമയിൽ നിലനിർത്തി. അതിനാൽ പെയിന്റിങ് വരുന്ന ഇടങ്ങൾ തീരെ കുറവാണ്.
നടുമുറ്റത്തിലൂടെ വരുന്ന വെളിച്ചവും, യഥേഷ്ടം കൊടുത്തിട്ടുള്ള തടി ജനലുകളുമാണ് ഈ വീടിന്റെ ആർഭാടം. കാറ്റും വെളിച്ചവും നിറയെ ഉള്ളിലേക്ക് കൊണ്ടുവന്ന് അവർ അതിന് മാറ്റുകൂട്ടുന്നു.