ഇത് ചെറിയ കുടുംബത്തിന്റെ സ്നേഹക്കൂട്

6f87i6nmgm2g1c2j55tsc9m434-list 5m6t77fsba2lk114kc535lgnt3-list 6e0rr14q40a6r6t9adbjrgqplc

തൊടുപുഴ മുതലക്കോടത്താണ് ഈ സ്വപ്നഭവനം സ്ഥിതിചെയ്യുന്നത്. അധ്യാപക ദമ്പതികളും രണ്ടു കുട്ടികളും അടങ്ങുന്ന ചെറിയ കുടുംബത്തിന് ഒറ്റനില വീട് മതി എന്നായിരുന്നു ആഗ്രഹം.

ഇന്നത്തെ തിരക്കിട്ട ജീവിതസാഹചര്യത്തിൽ കുടുംബാംഗങ്ങൾ തമ്മിൽ മെച്ചപ്പെട്ട ആശയവിനിമയവും കെട്ടുറപ്പും നിലനിർത്താൻ ഒരുനില വീടുപകരിക്കുമെന്നാണ് ഇവരുടെ പക്ഷം. 21 സെന്റിലാണ് വീട്. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2900 ചതുരശ്രഅടിയിൽ ഉൾക്കൊള്ളിച്ചത്.

സെമി ഓപ്പൺ നയത്തിലാണ് ഇടങ്ങൾ ഒരുക്കിയത്. പൊതുവായ ലിവിങ് സ്പേസുകളും, നാല് കിടപ്പുമുറികളോടുകൂടിയ വീട്ടിൽ ക്രോസ് വെന്റിലേഷൻ, നാച്ചുറൽ ലൈറ്റിങ് എന്നിവ ലഭ്യമാകുന്ന രീതിയിലാണ് രൂപകൽപന.

വാതിൽ തുറന്ന് ഫോർമൽ ലിവിങ്ങിലേക്ക് കടക്കുമ്പോൾ കാണുന്നത് ഒരു വലിയ ഓപ്പണിങ്ങാണ്. ഇത് താഴെയുള്ള അതിമനോഹരമായ നെൽപാടത്തിന്റെ കാഴ്ചകളിലേക്കാണ് തുറക്കുന്നത്. ഇതാസ്വദിക്കാൻ ഇരുവശങ്ങളിലും സീറ്റിങ് ഒരുക്കി.

വയലിന് അഭിമുഖമായി വരുന്ന ബെഡ്റൂമുകളിൽ ബേ വിൻഡോ നൽകിയിട്ടുണ്ട്. രാവിലെ ഉണർന്നെഴുന്നേൽക്കുന്നത് കോടമഞ്ഞിന്റെയും പച്ചപ്പിന്റെയും കാഴ്ചകൾ കണ്ടുകൊണ്ടാണ്.

വീടിന്റെ നടുഭാഗമായി ലിവിങ് റൂമിനെ കണക്കാക്കാം. ഇതിന് ഇരുവശങ്ങളിലുമായി രണ്ട് സോൺ ആയിട്ടാണ് പ്ലാൻ ചിട്ടപ്പെടുത്തിയത്.

ഇടതുവശത്തോട് ചേർന്ന് ബെഡ്റൂമുകളും വലതുഭാഗത്തോട് ചേർന്ന് ഡൈനിങ്, കിച്ചൻ എന്നിവയും ഉൾക്കൊള്ളിച്ചു. ഇങ്ങനെ ശ്രദ്ധാപൂർവ്വം ക്രമീകരിച്ചിരിക്കുന്ന ലേ ഔട്ട് അകത്തളങ്ങളെ സജീവമായും ഉപയുക്തമായും കാത്തുസൂക്ഷിക്കുന്നു.

WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article