തൃശൂർ അരണാട്ടുകരയിലാണ് ബിബിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വീതി കുറഞ്ഞു പിന്നിലേക്ക് നീളത്തിലുള്ള 6.5 സെന്റ് പ്ലോട്ടായിരുന്നു പ്രധാന വെല്ലുവിളി.
പ്ലോട്ടിൽ ഉണ്ടായിരുന്ന പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുതിയ വീട് നിർമിച്ചത്. പഴയ വീട്ടിലെ ഓട് അടക്കമുള്ള സാമഗ്രികൾ പുനരുപയോഗിക്കാൻ സാധിച്ചു. പ്ലോട്ടിനനുസരിച്ച് പിന്നിലേക്ക് വീടൊരുക്കി.
സമകാലിക ഫ്ലാറ്റ്- ബോക്സ് ആകൃതിയിലാണ് എലിവേഷൻ. നിയമപ്രകാരമുള്ള സെറ്റ്ബാക്ക് ഒഴിച്ചിട്ടാണ് വീട് രൂപകൽപന ചെയ്തത്.
കുറഞ്ഞ സ്ഥലത്ത് പരമാവധി സ്ഥലഉപയുക്തത ലഭിക്കാൻ ഓപൺ ശൈലിയിൽ അകത്തളങ്ങൾ ഒരുക്കി. അനാവശ്യ ചുവരുകൾ ഒഴിവാക്കിയതിനാൽ പ്രധാനവാതിൽ തുറന്നാൽ കിച്ചൻ വരെ നോട്ടമെത്തും.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1750 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ഡൈനിങ്ങിൽ നിന്ന് സ്ലൈഡിങ് ഡോർ വഴി പാറ്റിയോയിലേക്കിറങ്ങാം. ഇവിടെ മതിൽ ഉയർത്തി കെട്ടിയടച്ച് വീടിന്റെ ഭാഗമാക്കി മാറ്റി. ഇപ്പോൾ വീട്ടുകാരുടെ പ്രിയയിടമാണിത്.
താഴെ ഒരു കിടപ്പുമുറി, മുകളിൽ രണ്ടു കിടപ്പുമുറി എന്നിവയാണുള്ളത്.
പുതിയകാല സൗകര്യങ്ങളുള്ള കിച്ചനൊരുക്കി. മൾട്ടിവുഡിലാണ് കിച്ചൻ ക്യാബിനറ്റ്.
നിർമാണച്ചെലവ് വരുതിയിൽ നിർത്താൻ സാമഗ്രികളുടെ തിരഞ്ഞെടുപ്പ് സഹായകരമായി. തടിയുടെ ഉപയോഗം നിയന്ത്രിച്ചു.
ഉള്ളിൽ സ്റ്റീൽ ഡോറുകൾ ഉപയോഗിച്ചു. ജനലുകൾ യുപിവിസിയിൽ ഒരുക്കി. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 49 ലക്ഷം രൂപയാണ് ചെലവായത്.