സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് തൊടുപുഴയിലുള്ള സുജിത്തും ഭാര്യ നീതും രണ്ടു മക്കളും അടങ്ങുന്ന കുടുംബം.
തൊടുപുഴയാറിന്റെ തീരത്ത് ഒന്നേകാൽ ഏക്കറിൽ 3500 ചതുരശ്രയടിയിൽ രണ്ടുനിലകളിലായി ഒരുക്കിയ ഈ വീട് ഒറ്റനോട്ടത്തിൽത്തന്നെ ആരുടേയും ശ്രദ്ധ പിടിച്ചുപറ്റും.
വിശാലമായ പ്ലോട്ട് ആയതുകൊണ്ട് സ്ഥലപരിമിതി എന്ന വെല്ലുവിളി ഉണ്ടായില്ല. അതിനാൽ വീടുപോലെതന്നെ ചുറ്റുപാടുകളും മനോഹരമായി ചിട്ടപ്പെടുത്തി. വീട്ടിലേക്കു നയിക്കുന്ന ഡ്രൈവ് വേ ഭംഗിയായി ഒരുക്കി.
വശങ്ങളിൽ വിശാലമായ ലാൻഡ്സ്കേപ്പിൽ പുൽത്തകിടിയുണ്ട്. നാച്ചുറൽ സ്‌റ്റോൺ, പേവിങ് ടൈൽ, പുൽത്തകിടി, ചെടികൾ എന്നിവയെല്ലാം മുറ്റം അലങ്കരിക്കുന്നു.ലാൻഡ്സ്‌കേപ്പിന്റെ നടുവിലൂടെ കടന്നുപോകുന്ന വാക് വേ ഇതിന്റെ ഭംഗി വർധിപ്പിക്കുന്നു.
സമകാലിക ശൈലിയുടെ സൗകര്യങ്ങൾക്കൊപ്പം കാലാവസ്ഥ പരിഗണിച്ചുള്ള ട്രോപ്പിക്കൽ ഘടകങ്ങളും ഇവിടെയുണ്ട്. പല തട്ടുകളായി ഒരുക്കിയ ചരിഞ്ഞ മേൽക്കൂരയാണ് പുറംകാഴ്ചയിലെ ആകർഷണം. വീടിന്റെ മിനിയേച്ചർ മാതൃകയിൽ കാർ പോർച്ച് അൽപം മാറ്റിസ്ഥാപിച്ചു.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂമുകൾ, ജിം എന്നിവയാണ് വീട്ടിലെ ഇടങ്ങൾ. സിറ്റ്ഔട്ടിൽ കയറുമ്പോൾ തന്നെ പ്രാർഥനാ മുറിയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വലിയ ഗണേശ വിഗ്രഹവും സമീപമുള്ള ബുദ്ധ ഫൗണ്ടനും, വളരെ പോസിറ്റീവ് എനർജി പകരുന്നു.
വീടിന്റെ അകത്തളങ്ങളിലേക്ക് കടക്കുവാനുള്ള പ്രവേശന കവാടം കൂടിയാണ് ഫോർമൽ ലിവിങ് ഏരിയ. തടി ഫിനിഷിന്റെയും വൈറ്റ് തീമിന്റെയും സമ്മിശ്ര ഭംഗി ഇവിടം രാജകീയമാക്കുന്നു.
വലതു വശത്തുള്ള മുറികളുടെ ജനൽപാളികൾ തുറന്നാൽ പുഴയുടെ വശ്യഭംഗി ആസ്വദിക്കാനാകും.
ഡൈനിങ്ങിലേക്ക് തുറന്ന കോംപാക്ട് കിച്ചനാണ് ഒരുക്കിയത്. എൻട്രിയിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ സ്ഥാപിച്ചു. പ്രധാന കിച്ചന് അനുബന്ധമായി വർക്കേരിയയുമുണ്ട്.
മിതമായ രീതിയിൽ ചെയ്ത ഇന്റീരിയർ വർക്കുകൾ വീടിനെ കൂടുതൽ മികവുറ്റതാക്കിയിരിക്കുന്നു. തൊടുപുഴയാറിന്റെ ഭംഗി എല്ലാസമയത്തും ആസ്വദിക്കാൻ പാകത്തിൽ ഒരുക്കിയ വീട്ടിലും ചുറ്റുവട്ടത്തും ശരിക്കും ഒരു റിസോർട് ആംബിയൻസാണെന്ന് ഇവിടെയെത്തുന്ന എല്ലാവരും ഒരേസ്വരത്തിൽ പറയുന്നു.