മലപ്പുറം വണ്ടൂരിലാണ് അധ്യാപകനായ ഷിഹാബുദീന്റെ പുതിയവീട്. കാലപ്പഴക്കത്തിന്റെ പരിമിതികൾ ഉണ്ടെങ്കിലും ബന്ധമുള്ള പഴയ വീട് നിലനിർത്തിയാണ് പുതിയ വീട് മാറ്റിസ്ഥാപിച്ചത്.
ഓരോ കോണിൽനിന്നും വ്യത്യസ്തമായ പുറംകാഴ്ച ലഭിക്കുന്നു എന്നതാണ് പുതിയ വീടിന്റെ ഹൈലൈറ്റ്.
H ആകൃതിയിലാണ് വീടിന്റെ പ്രധാന എലിവേഷൻ. പബ്ലിക്- സെമി പബ്ലിക്- പ്രൈവറ്റ് എന്നിങ്ങനെ സോണുകളായിട്ടാണ് വീടിന്റെ വിന്യാസം.
പല തട്ടുകളുള്ള പ്ലോട്ടിനനുസരിച്ചാണ് ഡിസൈൻ. മുകൾനിലയിലേക്ക് താഴെനിന്ന് നടന്നെത്താവുന്ന 'സ്ലോപിങ് ഗ്രീൻ' ബെഡ് ഇങ്ങനെ ലഭിച്ച പ്രധാന കൗതുകമാണ്.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് താഴെയുള്ളത്. മുകളിൽ ലിവിങ്, ഒരു കിടപ്പുമുറി, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 3450 ചതുരശ്രയടിയാണ് വിസ്തീർണം.
ഇരുവശവും നീളത്തിലുള്ള സിറ്റൗട്ടാണ് വീട്ടിലേക്ക് ക്ഷണിക്കുന്നത്. തേക്കിൽ ഒരുക്കിയ പില്ലറുകളാണ് സിറ്റൗട്ട് താങ്ങിനിർത്തുന്നത്. സെമി-ഓപൺ നയത്തിലാണ് അകത്തളങ്ങൾ. ക്രോസ് വെന്റിലേഷനും കാറ്റും സമൃദ്ധമായി ലഭിക്കാൻ യുപിവിസി സ്ലൈഡിങ് ജാലകങ്ങൾ നൽകി.
ലിവിങ്- ഡൈനിങ്ങിനിടയിലുള്ള പാർടീഷനിൽ ഓപൺ സ്‌പേസ് നൽകിയത് കൗതുകമാണ്. ലളിതമാണ് ഡൈനിങ് സ്‌പേസ്. സുതാര്യമായ ഗ്ലാസ് ടേബിളും വുഡൻ ചെയറും മാത്രമാണ് ഇവിടെയുള്ളത്.
വ്യത്യസ്തമാണ് ഇവിടെ സ്‌റ്റെയർ. ഇരുവശവും കൈവരികൾക്ക് പകരം ഭിത്തിയാണുള്ളത്. ഉയരമുള്ള സീലിങ്ങും കമാനാകൃതിയിലുള്ള ജാലകങ്ങളും വെളിച്ചവും ഭംഗിയും നിറയ്ക്കുന്നു.
ഭിത്തികൾ കൊണ്ട് പൂർണമായി കെട്ടിയടയ്ക്കാത്ത അപ്പർ ലിവിങ്ങാണ് മറ്റൊരു കൗതുകം. തടി+ മെറ്റൽ റോഡ് എന്നിവയിലുള്ള കൈവരികളാണ് ഭിത്തിക്ക് പകരം. അതിനാൽ കാറ്റും കാഴ്ചകളും സമൃദ്ധമായെത്തും.
താഴെ മൂന്നും മുകളിൽ ഒരു കിടപ്പുമുറിയുമാണുള്ളത്. ലളിതസുന്ദരമായാണ് മുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയുണ്ട്.
ചുരുക്കത്തിൽ പതിവുകാഴ്ചകളിൽനിന്ന് മാറിനിൽക്കുന്ന വേറിട്ട പുറംകാഴ്ചയും അകത്തളങ്ങളുമുള്ള വീട് ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി.