തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിലുള്ള 30 വർഷം പഴക്കമുള്ള 900 സ്ക്വയർഫീറ്റ് വീട്ടിൽ അസൗകര്യങ്ങൾ നിരവധിയായിരുന്നു. റോഡ് നിരപ്പിൽനിന്ന് താഴ്ന്നുകിടക്കുന്ന പ്ലോട്ടിലേക്ക് വാഹനം എത്തില്ലായിരുന്നു.
ഇരുപതോളം പടികൾ കയറിയിറങ്ങിയായിരുന്നു വീട്ടിൽ പോയിവന്നിരുന്നത്. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ പെരുകിയപ്പോഴും വൈകാരികമായ ബന്ധമുള്ളതിനാൽ വീട് പൊളിച്ചുകളയാൻ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് സ്ട്രക്ചർ നിലനിർത്തി കാലോചിതമായി നവീകരിക്കാൻ തീരുമാനിച്ചത്.
നിരവധി പേരെ സമീപിച്ചെങ്കിലും സ്ഥലത്തിന്റെ വെല്ലുവിളി കണ്ടപ്പോൾ പലരും കൈമലർത്തി. ഒടുവിൽ മനോരമ ഓൺലൈനിൽ കണ്ട ലേഖനം വഴിയാണ് ആർക്കിടെക്ട് രോഹിത്തിലേക്കും സംഘത്തിലേക്കും എത്തുന്നത്.
പ്രായമായ മാതാപിതാക്കൾ മാത്രമാണ് വീട്ടിലുള്ളത്. മകൾ ഗൾഫിലാണ്. അവിടെയിരുന്നാണ് വീടിന്റെ മേൽനോട്ടം നിർവഹിച്ചത്.
രണ്ടു മുഖങ്ങളുള്ള വീട് എന്ന് ഇതിനെ വിശേഷിപ്പിക്കാം. പുറമെ പരമ്പരാഗത ശൈലിയാണ് കാണാനാവുക. എന്നാൽ താഴത്തെ മുറ്റത്തെത്തിറങ്ങിയാൽ വീടിന്റെ മോഡേൺ ലുക്ക് ദൃശ്യമാകും. പല തട്ടുകളായി വിരിച്ച മേച്ചിലോടുകളുടെ ഭംഗിയാണ് വീടിന്റെ പുറംകാഴ്ചയിലെ ആകർഷണം.
കുഴിയിലായിരുന്ന പഴയ വീടിന് പ്രധാനറോഡുമായി ബന്ധമുണ്ടാക്കിയെടുത്തു. കുത്തനെയുള്ള പടവുകളായിരുന്നു നേരത്തെ റോഡിൽനിന്ന് വീട്ടിലേക്കുണ്ടായിരുന്നത്. ഇത് കയറിയിറങ്ങാൻ ബുദ്ധിമുട്ടായിരുന്നു. അതിനാൽ ഇതിന്റെ സ്ലോപ് കുറച്ച് കർവ്ഡ് ശൈലിയിൽ ചുറ്റിയിറങ്ങുംവിധം പടികൾ മാറ്റിയെടുത്തു.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ബാത്റൂമുകൾ എന്നിവയാണ് 2430 ചതുരശ്രയടിയിലുള്ളത്. സെമി-ഓപൺ നയത്തിലാണ് അകത്തളങ്ങൾ. അതിനാൽ വിശാലത അനുഭവപ്പെടുന്നു. ലിവിങ്ങിൽ ടെക്സ്ചർ പെയിന്റിൽ ഭിത്തി ഹൈലൈറ്റ് ചെയ്ത് ടിവി യൂണിറ്റ് വേർതിരിച്ചു. ലിവിങ്ങിലും ഡൈനിങ്ങിലും ഫർണിച്ചർ ബ്ലൂ തീമിലാണ്.
റോഡ് നിരപ്പിൽനിന്ന് താഴെയായതിനാൽ വെളിച്ചവും ക്രോസ് വെന്റിലേഷനും കൃത്യമായി ലഭിക്കാൻ ഇരട്ടിശ്രദ്ധ രൂപകൽപനയിൽ ചെയ്തിട്ടുണ്ട്. നിരവധി ജാലകങ്ങൾ, മുറികൾക്ക് അനുബന്ധമായി ബാൽക്കണി എന്നിവ ഉൾപ്പെടുത്തി.
വിശ്രമജീവിതം സുഖകരമാക്കാൻ പലതും ഇവിടെ ചെയ്തിട്ടുണ്ട്. വീട്ടുകാർക്ക് വൈകുന്നേരങ്ങളിൽ ചായ കുടിച്ച് സംസാരിച്ചിരിക്കാൻ ഉദ്യാനത്തിൽ പരമ്പരാഗത ശൈലിയിൽ ഒരു ഗസീബോ നിർമിച്ചു.
പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ഒരു കൗണ്ടർ ബ്രേക്ക്ഫാസ്റ്റ് ടേബിളാക്കി മാറ്റി. അനുബന്ധമായി വർക്കേരിയയുമുണ്ട്.