വീട്ടുകാർ സ്വയം ഡിസൈൻ ചെയ്ത് നിർമിച്ച വീടാണിത്. പാല സ്വദേശി അബി മണ്ണനാലും ഭാര്യ റോസിലിനും B arch വിദ്യാർഥിയായ മകനും ചേർന്നാണ് വീട് രൂപകൽപന ചെയ്തത്.
കൺസ്ട്രക്‌ഷൻ, ബിൽഡിങ് മെറ്റീരിയൽ രംഗത്ത് വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ളതിനാൽ ഏറ്റവും നൂതനമായ മെറ്റീറിയൽസും വിദഗ്ധരായ പണിക്കാരും ചേർന്നാണ് വീടിനെ ഇത്ര മനോഹരമാക്കിയത്.
ഏകദേശം ഒരേക്കറിൽ 5100 സ്ക്വയർഫീറ്റിലാണ് വീട് നിർമിച്ചത്. കാസ്കെയ്ഡ് (ചെറുവെള്ളച്ചാട്ടം എന്നർഥം) എന്ന് വീടിന് പേരിടാൻ ഒരുകാരണമുണ്ട്.
വീടിനായി ഈ സ്ഥലമൊരുക്കുമ്പോൾ ഇവിടെ ഒരു സ്വാഭാവിക ജലസ്രോതസ്സുണ്ടായിരുന്നു. അതിനെ സംരക്ഷിച്ച് നിലനിർത്തിയാൽ ഇതിൽനിന്ന് എപ്പോഴും വെള്ളം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കും.
ട്രോപ്പിക്കൽ ശൈലിയും മോഡേൺ ശൈലിയും കൂട്ടിയിണക്കിയാണ് വീട് നിർമിച്ചത്. അത്യാവശ്യം ചൂടുള്ള പ്രദേശമായതിനാൽ ക്രോസ് വെന്റിലേഷന് പ്രാധാന്യം നൽകിയാണ് ഡിസൈൻ.
ചൂട് കുറയ്ക്കാനായി മേൽക്കൂരയിൽ നാച്ചുറൽ ക്ലേ റൂഫ്ടൈൽ വിരിച്ചു. വീടിന് സാധാരണയേക്കാൾ (14.5 feet ) ഉയരവും ധാരാളം ജാലകങ്ങളും നൽകിയതിനാൽ കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കും.
പകൽ സമയത്ത് പോലും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടും. വീടുപോലെ ചുറ്റുപാടുകളും ഹരിതാഭമായ ചിട്ടപ്പെടുത്തി. വിശാലമായ പുൽത്തകിടിയും നടപ്പാതയും ഗസീബോയുമെല്ലാം ഇവിടെ ഹാജരുണ്ട്.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡുകൾ, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് വീട്ടിലുള്ളത്.
രണ്ടു കോർട്യാർഡുകളാണ് വീടിനുള്ളിലെ ഹൈലൈറ്റ്. ഫാമിലി ലിവിങ്- ഡൈനിങ് എന്നിവിടങ്ങളിൽനിന്ന് നോട്ടമെത്തുംവിധമാണ് ആദ്യത്തെ കോർട്യാർഡിന്റെ വിന്യാസം. ലിവിങ്- ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ഏരിയ എന്നിവിടങ്ങളിൽനിന്ന് ആസ്വദിക്കാൻ പാകത്തിലാണ് രണ്ടാമത്തെ കോർട്യാർഡ്.
റോഡ് നിരപ്പിൽനിന്ന് കുറച്ച് ഉയർന്ന പ്രദേശമായതിനാലും താഴെ പാടശേഖരമായതിനാലും കാറ്റ് വീടിനെ തഴുകികൊണ്ടിരിക്കും. ഫാമിലി ലിവിങ്ങിലെ ഫോൾഡിങ് വിൻഡോയിലൂടെ കാറ്റ് അകത്തളങ്ങളിലേക്ക് പ്രവേശിക്കുന്നവിധമാണ് ഡിസൈൻ.
ചുരുക്കത്തിൽ തങ്ങളുടെ അഭിരുചികൾക്കൊത്ത് വീട്ടുകാർ തന്നെ രൂപകൽപന ചെയ്ത് സഫലമാക്കിയ വീട് ഇപ്പോൾ നാട്ടിലെ താരമാണ്.