പെട്ടെന്ന് ഒരു നായയെക്കുറിച്ച് ചിന്തിക്കാൻ പറഞ്ഞാൽ ആരുടേയും മനസ്സിലേക്ക് ഓടിയെത്തുന്ന ഒരിനമാണ് ‘പഗ്’. ലോകത്തെവിടെയും കാഴ്ചയ്ക്ക് ഇത്രയേറെ ‘ക്യൂട്ട്’ ആയ വേറെ ഇനമില്ല.
പഗ്ഗുകൾ നമ്മുടെ നാട്ടിലെ അറിയപ്പെടുന്ന ഓമനമൃഗമായി വളർത്താൻ തുടങ്ങിയത് അല്ലെങ്കിൽ അറിഞ്ഞു തുടങ്ങിയത് ഹച്ച് എന്ന മൊബൈൽ നെറ്റ്‌വർക്ക് സേവനദാതാക്കളുടെ പരസ്യത്തിലൂടെയാണ്.
തുറിയൻ ഉണ്ടക്കണ്ണുകളും മുഖത്തും ശരീരത്തിലുമുള്ള ഒട്ടേറെ മടക്കുകളും തിളങ്ങുന്ന രോമവും വല്ലാതെ വളഞ്ഞിരിക്കുന്ന വാലും അധികം പൊക്കമില്ലാത്ത ശരീരപ്രകൃതിയുമായി മൊത്തത്തിൽ ഒരു ‘ക്യൂട്ട് -നിഷ്കു’ ലുക്കുമായുള്ള പഗ് നമ്മുടെയെല്ലാം മനം കീഴടക്കി.
പക്ഷേ ഈ നിഷ്കളങ്കതയ്ക്കു പാവം പഗ്ഗുകൾ വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട് എന്നാണ് അടുത്തിടെ ബ്രിട്ടണിൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്.
ചെറിയ മൂക്കുകളുള്ള ഈ ഇനങ്ങൾക്ക് ഒതുങ്ങിയ അസ്ഥികൂടമാണുള്ളത്. ഇത് അവയുടെ മൂക്കിലെ അറകളിലും നട്ടെല്ലിലും വാലിലും ഉൾപ്പെടെ ഒട്ടേറെ വൈകല്യങ്ങൾക്ക് കാരണമാകുന്നു.
വലിയ തുറിച്ചു നിൽക്കുന്ന ഉണ്ടക്കണ്ണുകളാണ് പഗ്ഗുകളുടെ മറ്റൊരു മുഖമുദ്ര. പക്ഷേ, ഈ വലിയ കണ്ണുകളും അവയ്ക്ക് വലിയ പൊല്ലാപ്പാണ് സൃഷ്ടിക്കുന്നത്.