1990കളിൽ ഇരുത്തിരിച്ചെടുത്ത നായയിനമാണ് അമേരിക്കൻ ബുള്ളി. പേരുപോലെതന്നെ അമേരിക്കക്കാരാണ് ഇക്കൂട്ടരെ വികസിപ്പിച്ചെടുത്തത്.
ലോകത്തിലെ ഏറ്റവും അക്രമകാരികളായ നായയിനമായ അമേരിക്കൻ പിറ്റ്ബുൾ ടെറിയറാണ് ഈ ഇനത്തിന്റെ അടിസ്ഥാനം. പിറ്റ്ബുൾ, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ ഇനങ്ങളുടെ സങ്കരമാണ് അമേരിക്കൻ ബുള്ളി.
പുതിയ ഇനം രൂപംകൊണ്ടപ്പോൾ അമേരിക്കൻ പിറ്റ്ബുളിന്റെ രൂപവും ശാന്തമായ സ്വഭാവും കൈവന്നു. അതോടെ മികച്ച കംബാനിയൻ നായയിനവുമായി അമേരിക്കൻ ബുള്ളി.
ഉയരം നന്നേ കുറഞ്ഞ കൈകാലുകൾ, വലിയ തല, തിളങ്ങുന്ന ചർമ്മം, നീളം കുറഞ്ഞ മുഖം എന്നിവയാണ് പ്രധാന സവിശേഷതകൾ. വ്യത്യസ്ത നിറങ്ങളിൽ ഇക്കൂട്ടരെ കാണാം. ചെവികൾ ക്രോപ് ചെയ്യുന്നത് ഭീകര രൂപം നൽകുന്നതിന് ഉപകരിക്കും.
ആരോടും വളരെ അടുപ്പം പുലർത്തുന്ന ഇനമാണ് അമേരിക്കൻ ബുള്ളി. അതുകൊണ്ടുതന്നെ ഫാമിലി പെറ്റ് ആയി വളർത്താം. ഉയരം കുറവായതുകൊണ്ടുതന്നെ കൃത്യമായ വ്യായാമം ലഭിച്ചില്ലെങ്കിൽ ആരോഗ്യം ക്ഷയിക്കാം.
ചർമരോഗം പിടിപെടാനുള്ള സാധ്യത ഏറെയുള്ള ഇനമാണിവർ. അതുകൊണ്ടുതന്നെ വൃത്തിയുള്ള കൂടും പരിസരവുമായിരിക്കണം നായ്ക്കൾക്കായി ഒരുക്കേണ്ടത്.
കെന്നൽ ക്ലബ് ഓഫ് ഇന്ത്യ (കെസിഐ) അംഗീകാരം ഉള്ള നായയിനമല്ല അമേരിക്കൻ ബുള്ളി. മാത്രമല്ല പിറ്റ്ബുളിന്റെ സ്വഭാവമാണ് ഇവയ്ക്കെന്നും തെറ്റിദ്ധരിക്കുന്നവരുമേറെ.