അകത്തളച്ചെടികൾ മാത്രമുള്ള ഷോപ്പുകൾ നമ്മുടെ നഗരങ്ങളിൽ ചെടിപ്രേമികൾ കണ്ടിട്ടുണ്ടാവും. പരമ്പരാഗത നഴ്സറികളുമായി വിദൂരച്ഛായപോലുമില്ല ഇവയ്ക്ക്.
മനോഹരമായി ക്രമീകരിച്ച ചെടികളും അതിലും സുന്ദരമായ ചട്ടികളും വർണവെളിച്ചവുമെല്ലാം ചേർന്ന്, ജൂവലറികളെ ഓർമിപ്പിക്കുന്ന ഇൻഡോർ പ്ലാന്റ്സ് ഷോപ്പുകൾ നവ്യമായ ഷോപ്പിങ് അനുഭവമാണ് മുന്നോട്ടു വയ്ക്കുന്നത്.
കൊല്ലം സുപ്രീം ജ്വല്ലറിയുടെ ഇൻഡോർ പ്ലാന്റ്സ് സംരംഭമായ സ്റ്റൈൽ ക്ലബ് മികച്ച ഉദാഹരണം. ജ്വല്ലറി ഉടമ ഷിബു പ്രഭാകരന്റെ ഭാര്യ ബീനയാണ് സ്റ്റൈൽ ക്ലബിനെ പുതുതലമുറ ചെടി പ്രേമികളെ ആകർഷിക്കും വിധം സ്റ്റൈലായി രൂപകൽപന ചെയ്തത്.
ഇൻഡോർചെടിയുടെ എക്സ്ക്ലൂസീവ് ഷോപ്പുകള്‍ കേരളത്തിൽ വ്യാപകമാകുന്നതിന് ഏറെ മുൻപ്, 2012ലാണ് തിരുവനന്തപുരം കവടിയാറിൽ ആദ്യ സ്റ്റൈൽ ക്ലബ് തുറന്നതെന്നു ബീന.
അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്ന സീസീ പ്ലാന്റ്, പീസ് ലിലി, സാൻസിവേരിയ എന്നിവയ്ക്കും അഗ്ലോനിമ, കലാത്തിയ, മറാന്ത, സിങ്കോണിയം എന്നിവയ്ക്കും വലിയ ഡിമാൻഡുണ്ട്. വിപണിയിലെത്തി കാലമേറെ കഴിഞ്ഞിട്ടും പ്രിയമുള്ള ഇനമാണ് മണിപ്ലാന്റ്. ഒട്ടേറെ വൈവിധ്യങ്ങളുണ്ട് മണിപ്ലാന്റിൽ.
പച്ചവെള്ളത്തിൽ പരിപാലിക്കാവുന്ന ലക്കി ബാംബുവിനും ആവശ്യക്കാർ കുറവല്ല. ലക്കിബാംബു വിവിധ ആകൃതികളിൽ വളർത്തി വെട്ടിരൂപപ്പെടുത്തുന്ന ശിൽപങ്ങൾക്കും ആവശ്യക്കാരേറെ