അലങ്കാരമത്സ്യങ്ങളുടെ ലോകത്തെ പുതിയ അതിഥിയാണ് അലങ്കാരച്ചെമ്മീനുകൾ (colour shrimps). ഭക്ഷ്യയോഗ്യമായ ചെമ്മീൻ ഓരുവെള്ളത്തിലും ഉപ്പുവെള്ളത്തിലുമാണു വളരുന്നതെങ്കിൽ അരുമച്ചെമ്മീനുകളെ ശുദ്ധജലത്തിൽ വളർത്താം.
ഒന്നര ഇഞ്ചിന് അപ്പുറത്തേക്കു വലുപ്പം വയ്ക്കാത്ത അലങ്കാരച്ചെമ്മീനുകൾക്ക് ഈയിടെയാണ് നമ്മുടെ അക്വേറിയങ്ങളിൽ ഇടം കിട്ടിയത്, ഗപ്പിയും ടെട്രയും ഫൈറ്ററും പോലെ അത്യുൽസാഹത്തോടെ നീന്തിപ്പായാനല്ല, മറിച്ച്, അക്വേറിയത്തിന്റെ അടിത്തട്ടിൽ ജലസസ്യങ്ങൾക്കിടയിൽ ശാന്തമായി കഴിയാനാണ് ഇവര്‍ക്കിഷ്ടം.
മനോഹരമായ നിറഭേദങ്ങളുമായി ആരാധകരെ നേടുന്ന അരുമച്ചെമ്മീനുകളുടെ വിപുലമായ ശേഖരമുണ്ട് പാലക്കാട് സ്വദേശി റസിയയുടെ പക്കല്‍.
ആകസ്മികമായി അലങ്കാരമത്സ്യക്കൃഷിയിലെത്തിയ റസിയ ഇന്ന് ഈ സംരംഭത്തിലൂടെ മികച്ച വരുമാനം നേടുന്നുമുണ്ട്.
പാലക്കാട് നഗരാതിർത്തിയിൽ പതുപ്പരിയാരം താണിക്കാട്ടിൽ വീട്ടിൽ എം.റസിയ എന്ന വീട്ടമ്മയുടെ മുറ്റം നിറയെയുണ്ട് അലങ്കാരമത്സ്യങ്ങൾ വളരുന്ന ടാങ്കുകൾ.
5 വർഷം മുൻപ് മകൻ സാഹിൽ വഴിയാണ് റസിയ ഈ രംഗത്തെത്തുന്നത്. കുട്ടിക്കാലം മുതൽ അലങ്കാരമത്സ്യങ്ങളെ അരുമയായി പോറ്റിയ സാഹിൽ ഉപരി പഠനത്തിനു ചേർന്നതോടെ അവയെ അമ്മയെ ഏൽപിച്ചു.
വീട്ടുകാര്യങ്ങൾ കഴിഞ്ഞ് ഇഷ്ടം പോലെ സമയമുള്ളതിനാൽ മത്സ്യക്കൃഷി ഗൗരവമായെടുക്കാമെന്ന് റസിയയും നിശ്ചയിച്ചു. .
ബിസിനസുകാരനായ ഭർത്താവു ജബ്ബാറും വിദ്യാർഥിയായ സാഹിലും എന്തിനും പിന്തുണയുമായി വന്നതോടെ കൗതുകച്ചെമ്മീൻ ആദായച്ചെമ്മീനായി വളർന്നു.
സംസ്ഥാനത്തെ വിവിധ പെറ്റ് ഷോപ്പുകളിലിന്ന് റസിയയുടെ കളർ ചെമ്മീനുകൾ എത്തുന്നുണ്ട്