ഫാർമ ഫുഡ് എന്നാണ് കഴുതപ്പാലിനെ വിശേഷിപ്പിക്കുന്നത്. മുലപ്പാലിനു സമമായതുകൊണ്ടു നൂറ്റാണ്ടുകൾക്ക് മുൻപുതന്നെ കുട്ടികൾക്കു കഴുതപ്പാൽ നൽകിയിരുന്നു.
ലാക്ടോസ് ഇൻടോളറൻസ്(പശുവിൻപാലിനോടുള്ള അലർജി) പ്രശ്നവും കഴുതപ്പാലിനില്ല. രോഗപ്രതിരോധശേഷി നൽകാനുള്ള കഴിവ്, ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനുള്ള കഴിവ് എന്നിവയെല്ലാം കഴുതപ്പാലിനു പെരുമയേറ്റുന്നു.
സൗന്ദര്യവർധകോൽപന്നങ്ങളിലെ പ്രധാന ചേരുവയത്രെ കഴുതപ്പാൽ. വിപണിയിൽ ലീറ്ററിന് 6000 രൂപവരെ വിലയുമുണ്ടത്രേ! എന്നാൽ, ഈ ഉപയോഗങ്ങൾ ലക്ഷ്യമിട്ടല്ല പാലക്കാട് ധോണി സ്വദേശി വി.എസ്.അനുഖുൽ കഴുതകളെ വളർത്തുന്നത്.
രണ്ടു വർഷം മുൻപ് മൂന്നു കഴുതകളെ സ്വന്തമാക്കിയായിരുന്നു തുടക്കം. ഇന്ന് 2 കുട്ടികളടക്കം 8 കഴുതകൾ അനുഖുലിന്റെ അഗ്നി ഇന്റഗ്രേറ്റഡ് ഫാമിലുണ്ട്.
മുംബൈയിൽനിന്ന് നാട്ടിൽ സ്ഥിരതാമസമാക്കിയപ്പോൾ അനുഖുലിനും ഭാര്യ നടാഷയ്ക്കും തങ്ങളുടെ ഭാവി കാർഷികമേഖലയിലാണെന്ന് ബോധ്യപ്പെട്ടിരുന്നു.
2019ൽ ധോണിയിലെ കുടുംബവസ്തു ഏറ്റെടുത്ത് കൃഷി ആരംഭിച്ചപ്പോൾ ആദ്യം തുടങ്ങിയത് ബയോഫ്ലോക് മത്സ്യക്കൃഷി. അതിനു പിന്നാലെ കഴുതകളും എത്തി. മഹാരാഷ്ട്രയിലെ കാത്തിവാഡി ഇനമാണ് പ്രധാനമായും കയ്യിലുള്ളതെങ്കിലും ഗുജറാത്തിൽനിന്നുള്ള ഹെലാരി ഇനവും ഉണ്ട്.
അഞ്ചു പെൺകഴുതകളും ഒരു ആൺകഴുതയുമാണ് മുതിർന്നവ. രണ്ടെണ്ണം ഇപ്പോൾ കറവയിലുണ്ട്. ഒരു കഴുതയിൽനിന്ന് ദിവസം ശരാശരി 400 മില്ലി പാൽ ലഭിക്കും. ഇത് കുപ്പിയിലാക്കി ഡീപ് ഫ്രീസ് ചെയ്ത് ഒരു ബെംഗളൂരു കമ്പനിക്കു വിൽക്കുന്നു. 100 ലീറ്ററാകുമ്പോഴാണ് കൈമാറ്റം. ലീറ്ററിന് 3200 രൂപ ലഭിക്കുന്നുണ്ടെന്നും അനുഖുൽ.
കാത്തിവാഡി ഇനം കഴുതയൊന്നിന് 49,000 രൂപ നൽകിയാണു വാങ്ങിയത്. വലിയ പരിചരണമോ തീറ്റച്ചെലവോ വേണ്ടിവരുന്നില്ല. പുല്ലും വൈക്കോലുമാണ് പരുഷാഹാരം.
സാന്ദ്രിത തീറ്റയായി മണിച്ചോളം, അരി, കോറ എന്നിവ ചേർത്തുള്ള കഞ്ഞി ധാതുലവണമിശ്രിതം ചേർത്ത് നൽകും. മേയാനായി കൃഷിയിടത്തിൽ അഴിച്ചുകെട്ടാറുമുണ്ട്.
കഴുതയുടെ ചാണകം കൃഷിക്കു മികച്ച വളമാണെന്ന് അനുഖുൽ. കഴുതച്ചാണകം ചേർക്കുന്നതുവഴി മണ്ണിലെ അമ്ലത കുറയ്ക്കാം. കാരണം, കഴുതച്ചാണകത്തിന്റെ പിഎച്ച് 7–8 ആണ്. ലാബിൽ പരിശോധിച്ച് ഉറപ്പിച്ചതാണ്. പച്ചക്കറി, വാഴ എന്നിവയ്ക്കാണ് പ്രധാനമായും കഴുതച്ചാണകം നൽകുന്നത്.