സൂര്യപ്രകാശം കടക്കാത്ത ഒരു പെട്ടിയിൽ ലെറ്റ്യൂസ് പോലെ പച്ചപ്പേറിയ വിള കൃഷി ചെയ്യാനാകുമോ? അതും മണ്ണില്ലാതെ? ഹൈഡ്രോപോണിക്സ് കൃഷിയിൽ മണ്ണ് ആവശ്യമില്ലെന്നു നമുക്കറിയാം. പക്ഷേ ചെടികൾക്ക് ആഹാരം പാകം ചെയ്യാൻ സൂര്യപ്രകാശം വേണമെന്ന ശാസ്ത്രബോധം ഉപേക്ഷിക്കുന്നതെങ്ങനെ? എന്നാൽ, ഇനി കാര്യങ്ങൾ അങ്ങനെയാണ്.
പച്ചയിലകൾക്ക് ആഹാരമുണ്ടാക്കാൻ പ്രകാശം വേണമെന്നേയുള്ളൂ. അത് സൂര്യനിൽനിന്നുതന്നെയാവണമെന്നില്ല. സൂര്യപ്രകാശത്തിനു സമാനമായ തരംഗദൈർഘ്യമുള്ള പ്രകാശം എൽഇഡി ബൾബിൽനിന്നായാലും ഇലകളിലെ അടുക്കള സജീവമാകും.
ഈ സാധ്യത പ്രയോജനപ്പെടുത്തി എൽഇഡി ബൾബുകളുടെ നീലവെളിച്ചത്തിൽ ഇലവർഗച്ചെടികൾ വളർത്തുന്ന ഫാമുകൾ ചിലരെങ്കിലും യുട്യൂബിലും മറ്റും കണ്ടിട്ടുണ്ടാകും.
വിദേശത്തുമാത്രം കണ്ടിരുന്ന ഈ കൃഷിരീതി വിപുലമായി പരീക്ഷിക്കുകയാണ് കോട്ടയം ജില്ലയില്‍ പാലായ്ക്കു സമീപമുള്ള ഭരണങ്ങാനത്തെ ഒരുകൂട്ടം കൃഷിക്കാർ.
എൽഇഡി ഗ്രോലൈറ്റുകൾ ഊർജം പകരുന്ന ഇൻഡോർ ഫാമിങ് സംസ്ഥാനത്ത് ആദ്യം നടപ്പായത് ഇവിടെയാകും. ഹെടെക് കൃഷിയിൽ തൽപരരായ 286 കൃഷിക്കാർ ചേർന്നു രൂപീകരിച്ച ഇൻഗ്രോൺ അഗ്രി പ്രൊഡ്യൂസർ കമ്പനിയാണ് ഫാം ഉടമ.
കോട്ടയം ജില്ലയെ വിഷരഹിത പച്ചക്കറികളുടെ കേന്ദ്രമാക്കുന്നതിനൊപ്പം മറ്റുള്ളവർക്ക് അനുകരണീയമായ മാതൃക സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി ചെയർമാൻ ടോണി മൈക്കിൾ പറഞ്ഞു. സംരംഭം പൂർത്തിയാകുന്ന മുറയ്ക്ക് ഹൈഡ്രോപോണിക്സ് കൃഷി പരിശീലനകേന്ദ്രവും ഇവിടെ യൊരുങ്ങും.
നിയന്ത്രിത അന്തരീക്ഷത്തിൽ ഹൈഡ്രോപോണിക്സ് രീതിയിലാണ് കൃഷി. കണ്ടെയ്നർ മാതൃകയിൽ സ്ഥലം മാറ്റാവുന്ന ബോക്സുകളിലാണ് ഇൻഡോർ ഫാം ഒരുക്കിയിട്ടുള്ളത്.
ശീതീകരിച്ച കണ്ടെയ്നറുകളിൽ റാക്കുകൾ നിരത്തി അതിലൂടെ എൻഎഫ്ടി (ന്യൂട്രിയന്റ് ഫിലിം ടെക്നിക്) ഹൈ ഡ്രോപോണിക്സ് സംവിധാനം സ്ഥാപിച്ചു തൈകൾ നടുകയായിരുന്നു.
എൻഎഫ്ടി ബോക്സുകളി ലൂടെ ഒഴുകുന്ന പോഷകദ്രാവകത്തിൽ തൈകളുടെ വേര് സ്പർശിക്കുന്ന വിധത്തിലാണ് ക്രമീകരണം. ഒയാസിസ് കട്ടകളിലാണ് ലെറ്റ്യൂസിന്റെ വിത്ത് പാകുന്നതെന്ന് ഫാം മാനേജർ ഷോബിൻ പറഞ്ഞു.
നന്നായി നനച്ച ഒയാസിസിന്റെ ദ്വാരങ്ങളിൽ വിത്തിടുന്നു. വിത്തു മുളച്ച് 12–15 ദിവസം കഴിയുമ്പോൾ ഓരോ തൈ വീതം വരുന്നവിധം ഒയാസിസ് മുറിച്ച് നെറ്റ് പോട്ടിലേക്കു മാറുന്നു.
നെറ്റ് പോട്ടിൽ വളർത്തുമാധ്യമമായ ഹൈഡ്രോടോൺ ഇട്ട് തൈകൾ ഉറപ്പിച്ചശേഷം എൻഎഫ്ടി ബോക്സിലെ ദ്വാരങ്ങളിൽ വയ്ക്കുന്നു. ബോക്സിനുള്ളിലൂടെ നേരിയ പാട പോലെയൊഴുകുന്ന പോഷകദ്രാവകത്തിൽ വേരുകൾ സ്പർശിക്കുന്ന വിധത്തിലാവും ഇവ വയ്ക്കുക.
സൂര്യപ്രകാശം ആവശ്യമില്ലെന്നതാണ് ഈ കൃഷിയുടെ പ്രധാന മെച്ചം. റാക്കുകളിലൂടെ സ്ഥാപിച്ച ഗ്രോ ലൈറ്റുകളാണ് ഇതിനുള്ളിലെ ഇലച്ചെടികൾക്കു വളരാൻ ആവശ്യമായ പ്രകാശം നല്‍കുന്നത്. ഓരോ വിളയ്ക്കും യോജ്യമായ തരംഗദൈർഘ്യത്തോടെ കൂടിയ പ്രകാശം നൽകാൻ ഗ്രോലൈറ്റുകളിലൂടെ സാധിക്കും.
വളർച്ചാഘട്ടങ്ങളനുസരിച്ച് ഇതിലെ ചെടികൾക്കു പ്രകാശം നൽകുന്ന സമയത്തിൽ വ്യത്യാസമുണ്ടാകും. ആദ്യ ഘട്ടത്തിൽ ദിവസേന എട്ടു മണിക്കൂർ മാത്രമാണ് ഗ്രോലൈറ്റ് പ്രകാശിപ്പിച്ചിരുന്നത്. എന്നാൽ, വിളവെടുപ്പാകുമ്പോഴേക്കും ഇത് 16 മണിക്കൂർ വരെയായി ഉയർത്തും. പ്രകാശക്രമീകരണവും താപനിലക്രമീകരണവും വഴി ലെറ്റ്യൂസിന്റെ നിറം മെച്ചപ്പെടുത്താമെന്നും ഷോബിൻ പറഞ്ഞു.